പോലീസുകാരന്റെ തിരോധാനത്തില്‍ ദുരൂഹത; കാണാതായിട്ട് അഞ്ച് ദിവസം; ബൈക്ക് ചാലക്കുടിയില്‍ പാര്‍ക്ക് ചെയ്ത നിലയില്‍; അന്വേഷണം വേളാങ്കണ്ണി കേന്ദ്രീകരിച്ച്

തൃശൂര്‍: ദുരൂഹമായ രീതിയില്‍ തൃശൂര്‍ ആളൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.എ.സലേഷ് അപ്രത്യക്ഷമായിട്ട് അഞ്ച് ദിവസം. ചാലക്കുടി ബസ് സ്റ്റാൻറിൽ പാര്‍ക്ക് ചെയ്ത നിലയില്‍ സലേഷിന്‍റെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വേളാങ്കണ്ണിയില്‍ പോയിരിക്കാം എന്ന സൂചനയില്‍ വേളാങ്കണ്ണി കേന്ദ്രീകരിച്ചാണ് അന്വേഷണം.

മാള സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സമയത്തും പോലീസുകാരനെ കാണാതായിരുന്നു. ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തുകയായിരുന്നു. ചാലക്കുടി പോലീസാണ് തിരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത്.

കുടുംബപ്രശ്നങ്ങളില്‍ സലേഷ് അസ്വസ്ഥനായിരുന്നുവെന്നാണ് ജോലി ചെയ്ത ആളൂര്‍ സ്റ്റേഷനില്‍ നിന്നും മാധ്യമ സിന്‍ഡിക്കറ്റിന് ലഭിച്ച വിവരം. അതുകൊണ്ട് തന്നെ സലേഷിന്‍റെ ജോലി കാര്യങ്ങളില്‍ തികഞ്ഞ ശ്രദ്ധയോടെയാണ് ഇടപെട്ടിരുന്നത്. വേളാങ്കണ്ണിയില്‍ ഉണ്ടെന്ന അറിവാണ് സ്റ്റേഷനിലും ലഭിച്ചിരിക്കുന്നത്. അദ്ദേഹം പെട്ടെന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് പുലര്‍ത്തുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

മുന്‍പ് പോയി തിരിച്ചുവന്നതുപോലെ സലേഷ് തിരിച്ചെത്തുമെന്നാണ് ബന്ധുക്കളും കരുതുന്നത്. പോലീസിനെ കൂടാതെ ഇവരും അന്വേഷണം നടത്തുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top