സന്ദീപ് വാര്യരുടെ മോഹങ്ങളെപ്പറ്റി അൾഫോൺസ് കണ്ണന്താനം; ആ ദുഖമാകാം കാരണമെന്നും പ്രതികരണം
ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ക്കെതിരെ മുൻ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സന്ദീപ് രാഷ്ട്രീയത്തിൽ നിന്നും നേട്ടമുണ്ടാക്കാൻ ആഗ്രഹിക്കുന്ന ആളാണ് എന്നാണ് ബിജെപി നേതാവിൻ്റെ കുറ്റപ്പെടുത്തൽ. സന്ദീപ് വാര്യർക്ക് രാഷ്ട്രീയത്തിൽ വലിയ മോഹങ്ങളുണ്ട്. തുറന്ന് പറച്ചിലിന് പിന്നിൽ സീറ്റ് കിട്ടാത്തതിലെ ദുഖമാകാം കാരണമെന്നും അൽഫോൺസ് കണ്ണന്താനം പറത്തു. സന്ദീപ് ബിജെപി വിട്ട് പുറത്തു പോകില്ലെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തൻ്റെ വിമർശനങ്ങളിൽ ഉറച്ചു നിൽക്കുന്നതായി സന്ദീപ് ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ പറഞ്ഞ കാര്യങ്ങൾ മാറ്റേണ്ട സാഹചര്യമൊന്നും ഉണ്ടായിട്ടില്ലെന്നാണ് സന്ദീപ് ഇന്ന് വ്യക്തമാക്കി. ബിജെപി നേതാവ് പിആർ ശിവശങ്കറും ആർഎസ്എസ്. വിശേഷ് സമ്പർക്ക പ്രമുഖ് എ ജയകുമാറും വീട്ടിൽ വന്ന് കണ്ടത് അനുനയ ചർച്ചയായി വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിലെ പ്രചരണങ്ങളിൽ നിന്നും വിട്ടു നിൽക്കുന്ന കാര്യത്തിലും സന്ദീപ് വിശദീകരകരണം നൽകി. താൻ വ്യക്തി ആരാധനയിൽ വിശ്വസിക്കുന്നില്ല. പ്രത്യയശാസ്ത്രമാണ് മത്സരിക്കുന്നതെന്നായിരുന്നു സന്ദീപിന്റെ പ്രതികരണം.
സംസ്ഥാന നേതൃത്വത്തിനും പാലക്കാട്ടെ എൻഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനുമെതിരെയും കടുത്ത വിമർശനമാണ് ബിജെപി വക്താവ് ഉയർത്തിയിരുന്നത്.
സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ നിലപാടിനെതിരെ ആഞ്ഞടിച്ചതോടെ സന്ദീപ് ബിജെപി വിടുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. പിന്നാലെ സന്ദീപിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുന്ന തരത്തിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം പ്രതികരണങ്ങൾ നടത്തിയിരുന്നു. എന്നാൽ തൻ്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്ന് പറയുന്ന സന്ദീപ് ബിജെപിയിൽ നിന്ന് പോകുമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല എന്നാണ് ഇന്നും വ്യക്തമാക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here