ആലുവയിലെ കൊലപാതകം: അസ്ഫാക്കിനെതിരെ ഡല്‍ഹിയിലും പോക്‌സോ കേസ്, ജാമ്യത്തിലിറങ്ങി മുങ്ങി

ആലുവയിൽ അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്കിന് ക്രിമിനൽ പശ്ചാത്തലമെന്ന് അന്വേഷണ സംഘം. അസ്ഫാകിനെതിരെ ഡൽഹി ഗാസിപൂർ പൊലീസ് സ്റ്റേഷനിലും പോക്സോ കേസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു.

2018-ല്‍ 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഗാസിപുര്‍ പോലീസാണ് അസ്ഫാക്കിനെ അറസ്റ്റ് ചെയ്തത്. ഒരുമാസം തടവിൽ കഴിഞ്ഞ ശേഷം ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. മറ്റ് എവിടെയെങ്കിലും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്. ഇത്തരമൊരു കൊലപാതകം ആദ്യത്തേതാണോ, മുമ്പ് പ്രതി സമാന കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ പരിശോധനക്കാണ് പൊലീസ് നീങ്ങുന്നത്.

ഗാസിപുരില്‍ പോക്‌സോ ആക്ടിലെ സെക്ഷന്‍ 12 പ്രകാരവും ഐ.പി.സിയുടെ 354, 354 എ വകുപ്പുകളും പ്രകാരമായിരുന്നു കേസ്. ഒരുമാസത്തോളം വിചാരണത്തടവുകാരനായിരുന്നു. ജാമ്യത്തിലിറങ്ങിയാണ് ഇയാള്‍ കേരളത്തിലെത്തുന്നത്. ഫിംഗര്‍ പ്രിന്റ് ഡേറ്റാ ബേസിലെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഗാസിപുരിലെ കേസിലും ഇയാള്‍ പ്രതിയാണെന്ന് മനസിലായത്. ബിഹാറില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉള്ളതായി നിലവില്‍ വിവരമില്ലെന്നും വിവേക് കുമാര്‍ ഐ.പി.എസ്. വ്യക്തമാക്കി.

അതേസമയം, ആലുവയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചു. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി. കഴിഞ്ഞ ദിവസം കുട്ടിയുടെ ആലുവയിലെ വീട്ടിലെത്തിയ മന്ത്രി വീണാ ജോർജ് ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് അറിയിച്ചിരുന്നു.

പെൺകുട്ടിയുടെ സംസ്കാര ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളാരും പങ്കെടുത്തില്ലെന്ന വിമർശനത്തിനിടെയായിരുന്നു മന്ത്രിയുടെ സന്ദർശനം. അഞ്ചുവയസുകാരിയുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും സന്ദർശിച്ച മന്ത്രി കുടുംബത്തെ ആശ്വസിപ്പിച്ചു. പഴുതുകളടച്ചുള്ള അന്വേഷണമാണ് നടക്കുന്നതെന്നും കുടുംബത്തിന് നീതി കിട്ടുന്നതിന് സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷും ശിശുക്ഷേമസമതി ജനറൽ സെക്രട്ടറി അരുൺ ഗോപിയും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top