ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ ശിക്ഷാവിധി ശിശുദിനത്തില്‍; വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി : ആലുവയില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ ശിശുദിനത്തില്‍. ക്രൂരമായ കൊലപാതകത്തില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടു. കൃത്യം നടപ്പാക്കിയ രീതി ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ കൊലചെയ്തത് എന്നിവ പ്രതിയുടെ ക്രൂരത വ്യക്തമാക്കുന്നതാണ്. മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെയാണ് 5 വയസുകാരിയെ മറവ് ചെയ്യത്. ഇവയെല്ലാം കോടതി പരിഗണിക്കണം. കുട്ടികള്‍ക്ക് കുട്ടികളായി വളരാനുള്ള സാഹചര്യമാണ് ഈ കുറ്റകൃത്യം ഇല്ലാതാക്കിയത്. ഓരോ അമ്മമാരും ഈ സംഭവത്തിന് ശേഷം ഭീതിയിലാണ്. കുട്ടികള്‍ വീടിന് പുറത്ത് ഇറങ്ങി മറ്റുള്ളവരോട് ഇടപെട്ട് ജീവിക്കാന്‍ ഉള്ള സാഹചര്യം ഈ കൃത്യത്തിലൂടെ പ്രതി ഇല്ലാതാക്കി. പ്രതി സമൂഹത്തിന് തന്നെ അപകടകാരിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ആലുവയില്‍ കൊലചെയ്യപ്പെട്ട അഞ്ച് വയസുകാരി ജനിച്ച വര്‍ഷം മറ്റൊരു കുട്ടിയെ ദില്ലിയില്‍ വച്ച് പീഡിപ്പിച്ച പ്രതി വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ല. കുറ്റകൃത്യത്തിന് പരമാവധി ശിക്ഷ നല്‍കാതിരുന്നാല്‍ സമൂഹത്തിന് അത് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതി ഇന്നും കോടതിയില്‍ ആവര്‍ത്തിച്ചു. പ്രതിയുടെ മാനസിക നില പരിശോധിച്ച് സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കേസില്‍ സ്വതന്ത്ര ഏജന്‍സി പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്നും പ്രതിയുടെ പ്രായം മനസാന്തരപ്പെടാനുള്ള സാധ്യതയായി കാണണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. വിശദമായ വാദത്തിന് ശേഷമാണ് കേസ് വിധി പറയാനായി ശിശുദിനമായ നവംബര്‍ 14ലേക്ക് മാറ്റിയത്. കൊലപാതകവും, ബലാല്‍സംഗവും, പോക്‌സോനിയമപ്രകാരമുള്ള കുറ്റങ്ങളുമടക്കം ചുമത്തിയിരുന്ന പതിനാറ് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്. പ്രതിക്കെതിരെ തെളിഞ്ഞ 16 കുറ്റകൃത്യങ്ങളില്‍ പൊതുസ്വഭാവം ഉള്ള മൂന്ന് വകുപ്പുകളില്‍ ശിക്ഷ ഉണ്ടാകില്ല. സമാനമായ വകുപ്പുകള്‍ക്ക് ഉയര്‍ന്ന ശിക്ഷ ഉള്ളതിനാല്‍ 13 വകുപ്പുകളില്‍ ആണ് ശിക്ഷ വിധിക്കുക. ജൂലൈ 28നാണ് ആലുവയില്‍ അഞ്ചുവയസുകാരി കൊല ചെയ്യപ്പെട്ടത്. 100 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കലും വിചാരണയും പൂര്‍ത്തിയാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top