‘അൽഷിമേഴ്‌സ്’ പൂർണമായും ഒഴിവാക്കാൻ കഴിയുമോ; മറവിരോഗം തടയാൻ എന്തൊക്കെ ചെയ്യാം; ‘ദ ഫൈറ്റ് എഗൈൻസ്റ്റ് അൽഷിമേഴ്‌സ്’ പുസ്തകത്തിലുണ്ട് അറിയേണ്ടതെല്ലാം
സ്വന്തം പേര് ഓർത്തെടുക്കാൻ കഴിയാതെ വന്നിട്ടുണ്ടോ. വീട്ടിലേക്കുള്ള വഴി മറന്നു പോയിട്ടുണ്ടോ. ആ അവസ്ഥയുടെ ഭീകരത ഊഹിച്ചെടുക്കാൻ കഴിയുമോ. അത്രയും ഭയാനകമായ അവസ്ഥയാണ് മറവിരോഗം ബാധിച്ചവർ അനുഭവിക്കുന്നത്. എല്ലാം മറന്ന് ജീവിക്കുന്നവരേക്കാൾ വേദനജനകമാണ് അവരോടൊപ്പം ജീവിക്കുന്നവരുടെ അവസ്ഥ. മറവിരോഗത്തിന് ‘ഡിമെൻഷ്യ’ എന്നാണ് വിളിപ്പേര് എന്നാൽ അതിന്റെ മൂർദ്ധന്യാവസ്ഥയാണ് അൽഷിമേഴ്‌സ്. അൽഷിമേഴ്‌സ് പിടിപെട്ടാൽ ഓർമശക്തിയോടൊപ്പം സംസാരശേഷിയും തിരിച്ചറിവും നഷ്ടപ്പെടും.
ലോകത്തിലാകെ 55 മില്യൺ ജനങ്ങൾ മറവിരോഗത്തിന്റെ പിടിയിലാണെന്നാണ് കണക്കുകൾ. 2030 ഓടെ ഇത് 75 മില്യൺ ആകുമെന്നാണ് കണക്കാക്കുന്നത്. മറവിരോഗം പിടിപെടുന്ന 70 ശതമാനം ആളുകൾക്കും അത് അൽഷിമേഴ്‌സ് ആയി മാറുന്നതായാണ് പഠനങ്ങൾ തെളിയിക്കുന്നത്.
എങ്ങനെ തിരിച്ചറിയാം
മറവിരോഗമുണ്ടെന്ന് എങ്ങനെ തിരിച്ചറിയും. ദിവസേന ചെയ്യുന്ന കാര്യങ്ങൾ മറന്ന് പോകുന്നുണ്ടെങ്കിൽ അത് അൽഷിമേഴ്‌സ് ആണോ എന്ന സംശയങ്ങളാണ് സാധരണയായി വരുന്നത്. തിരക്കിട്ട ജീവിതത്തിന്റെയും സ്‌ട്രെസ്സിന്റെയും ഭാഗമായി ചില കാര്യങ്ങൾ മറന്നു പോകാൻ സാധ്യതുണ്ട്. പിന്നീട് സ്വയം ഓർത്തെടുക്കാൻ പറ്റുന്നുണ്ടെങ്കിൽ അത് മറവി രോഗമല്ല. ജീവിതശൈലി കൊണ്ടുണ്ടാകുന്ന പ്രശ്നമാണ്. മറിച്ച് ഓർത്തെടുക്കാൻ കഴിയാത്തവണ്ണം കാര്യങ്ങൾ മറന്നു പോകുന്നുണ്ടെങ്കിൽ അത് അൽഷിമേഴ്സിന്റെ തുടക്കമാണ്. തുടക്കത്തിലെ ചികിത്സ തേടിയാൽ രോഗം ഒരു പരിധിവരെ നിയന്ത്രിക്കാം പക്ഷേ പൂർണമായി ഒഴിവാക്കാൻ പറ്റുമെന്ന് വൈദ്യശാസ്ത്രം പറയുന്നില്ല പക്ഷേ രോഗം വരുന്നത് വൈകിപ്പിക്കാം.
പ്രശസ്ത ഡോക്ടറായ ശുവേന്ദു സെന്നിന്റെ ‘ദ ഫൈറ്റ് എഗൈൻസ്റ്റ് അൽഷിമേഴ്‌സ്'(The Fight against Alzheimer’s ) എന്ന പുസ്തകത്തിൽ രോഗത്തെപ്പറ്റിയും പ്രതിരോധങ്ങളെപ്പറ്റിയും പരിചരണത്തെപ്പറ്റിയും വിശദമായി പറയുന്നുണ്ട്. ജീവിതശൈലി, സാമൂഹ്യനീതി തുടങ്ങിയ മേഖലകളിലെ മികച്ച പുസ്തകങ്ങൾക്ക് നൽകുന്ന ‘നോട്ടിലസ്’ പുരസ്‌കാരത്തിന് അർഹമായ പുസ്തകമാണ് ദ ഫൈറ്റ് എഗൈൻസ്റ് അൽഷിമേഴ്‌സ്. അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ ജേഴ്‌സി ഷോർ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ ഗവേഷകനും, ഫാക്കൽറ്റിയുമാണ് ഡോ. ശുവേന്ദു സെൻ. അൽഷിമേഴ്‌സ് രോഗത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയ അദ്ദേഹത്തെ ഐക്യരാഷ്ട്രസഭയും അമേരിക്കൻ കോളജ് ഓഫ് ഫിസിഷ്യൻസുമുൾപ്പെടെ ആദരിച്ചിട്ടുണ്ട്. സ്വന്തം കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പരിചയക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശുവേന്ദു സെൻ അൽഷിമേഴ്‌സിനെ കുറിച്ച് കൂടുതൽ ഗവേഷണം നടത്താൻ തുടങ്ങിയത്. തടയാൻ കഴിയില്ലെങ്കിലും നിയന്ത്രിക്കാൻ എന്തൊക്കെ ചെയ്യാമെന്നാണ് അദ്ദേഹം അന്വേഷിച്ചത്.
എങ്ങനെ നിയന്ത്രിക്കാം……
‘വിറ്റാമിൻ കെ’ ആണ് മറവിരോഗം തടയാൻ പ്രധാനമായും ആവശ്യം. ഇവയടങ്ങിയ ഭക്ഷണം കഴിക്കുന്നത് രോഗത്തെ ഒരു പരിധിവരെ തടയാൻ സാധിക്കും. ചീര, ബ്രോക്കളി തുടങ്ങിയ ഇല വർഗങ്ങൾ കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തും
ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മീൻ കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനാം കുറയ്ക്കുന്ന പ്രോട്ടീനുകളെ പ്രതിരോധിക്കാൻ സഹായിക്കും. മെർക്കുറിയുടെ അംശം കുറഞ്ഞ ചെമ്പല്ലി, ചൂര ഉൾപ്പെടെയുള്ള മൽസ്യങ്ങൾ അൽഷിമേഴ്‌സ് തടയാൻ സഹായിക്കും.
കോഫി പൊതുവെ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് കണക്കാക്കുന്നതെങ്കിലും മറവി രോഗത്തിന് കോഫി ബെസ്റ്റ് ആണെന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. കഫീൻ കണ്ടന്റ് ഓർമ ശക്തിക്ക് ഗുണ ചെയ്യുമെന്നാണ് കണ്ടെത്തൽ. എന്നാൽ അമിത ഉപയോഗം നല്ലതുമല്ല. അതുപോലെ ബ്ലൂബെറി, വാൾനട്ട് തുടങ്ങിയവയും തലച്ചോറിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നുണ്ട്.
കണ്ടുപിടിക്കാം ബ്ലഡ് ടെസ്റ്റിലൂടെ
ലളിതമായ രക്ത പരിശോധനയിലൂടെ അൽഷിമേഴ്‌സ് തുടക്കത്തിൽ കണ്ടുപിടിക്കാനുള്ള പഠനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അൽഷിമേഴ്‌സിന്റെ ചികിത്സക്കായി ഡോണനേമാബ് , ലേക്കനേമാബ് എന്നീ രണ്ട് മരുന്നുകൾ കണ്ടുപിടിച്ചിട്ടുണ്ട്. ഈ മരുന്നുകൾ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ നൽകിയാൽ മാത്രമേ ഫലം കിട്ടുകയുള്ളു. ഈ മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഉള്ളതിനാൽ ഉപയോഗം വളരെ അധികം കരുതലോടെ നടത്തണമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. രക്ത പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടുപിടിക്കാൻ സാധിച്ചാൽ രോഗികൾക്ക് മരുന്നിന്റെ ഗുണഫലം ഉറപ്പാക്കാൻ സാധിക്കും. പാർശ്വഫലങ്ങൾ ഉള്ളതുകൊണ്ട് തന്നെ മരുന്നുകൾക്ക് ബ്രിട്ടൻ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. ഇതിനുള്ള പ്രക്രിയ നടന്നുവരികയാണ്. അതേസമയം ലേക്കനേമാബിന് അമേരിക്ക അംഗീകാരം നൽകിയിട്ടുണ്ട്.
രോഗികളെ എങ്ങനെ പരിചരിക്കാം
അരോമ തെറാപ്പി: ഓർമയും ഗന്ധവും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ. സസ്യങ്ങളുടെ വേര്, തണ്ട്, ഇല, വിത്ത് തുടങ്ങിയവയിൽ നിന്ന് ഉണ്ടാക്കുന്ന എണ്ണകൾ, ലായിനികൾ എന്നിവയുടെ ഗന്ധം രോഗികൾക്ക് വലിയതോതിൽ ആശ്വാസം നൽകുന്നെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മറവി രോഗം ബാധിച്ചവർക്ക് പൊതുവെ ഉണ്ടാകുന്ന അമിത ദേഷ്യം, അസ്വസ്ഥത എന്നിവ കുറയ്ക്കാൻ അരോമ തെറാപ്പിയിലൂടെ സാധിക്കുമെന്ന് ഡോ. ശുവേന്ദു സെൻ അഭിപ്രായപ്പെടുന്നു.
മസാജ് : സ്ട്രെസ്, ഡിപ്രഷൻ എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന വളരെ പഴയ രീതിയാണ് മസാജ്. ഈ രീതി മറവിരോഗം പിടിപെട്ടവർക്ക് ആശ്വാസം നൽകുമെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. തല, നെറ്റി, തോൾ,കൈപ്പത്തി, പാദം എന്നീ അവയവങ്ങളിൽ നൽകുന്ന മസാജ് രോഗികൾക്ക് വലിയ ആശ്വാസം നൽകും.
ഇതിനുപുറമെ കഥകൾ കേൾപ്പിക്കുന്നതും, രോഗികൾക്ക് അടുപ്പമുള്ളവരുടെ ചിത്രങ്ങൾ കാണിക്കുന്നതും, അവരുടെ ജീവിതത്തിലുണ്ടായ പഴയ സംഭവങ്ങൾ ഓർമിപ്പിക്കുന്നതും ഒരു പരിധിവരെ ആശ്വാസം പകരുന്നതായി കണക്കാക്കുന്നു. ഭക്ഷണം സ്വയം എടുത്ത് കഴിക്കാനും മറ്റും ബുദ്ധിമുട്ടുണ്ടാകാൻ സാധ്യതയുള്ളതിനാൽ അൽഷിമേഴ്‌സ് രോഗികൾക്ക് എളുപ്പത്തിൽ കഴിക്കാൻ പാകത്തിലുള്ള സൂപ്പ്, ഓട്സ് മുതലായ ഭക്ഷങ്ങൾ നൽകുന്നതാകും നല്ലത്. എരിവുള്ളതും കട്ടിയുള്ളതുമായ ഭക്ഷണം കഴിവതും ഒഴിവാക്കണം. ചവച്ച് കഴിക്കാൻ കഴിയാത്തത് കൊണ്ടാണ് ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങൾ കൂടുതലായി ഇത്തരക്കാർക്ക് നിർദ്ദേശിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here