അമലാപോൾ വീണ്ടും വിവാഹിതയാകുന്നു, പ്രപ്പോസ് ചെയ്യുന്ന വീഡിയോയുമായി സുഹൃത്ത്

നടി അമലാപോൾ വീണ്ടും വിവാഹിതയാകുന്നു. സുഹൃത്ത് ജഗത് ദേശായി ആണ് വരൻ. അമലയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ ‘ജിപ്സി ക്യൂന്‍ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷനോടെ ജഗത്താണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
ജഗത്തിന്‍റെ പ്രപ്പോസല്‍ സ്വീകരിച്ച അമല ചുംബനം നല്‍കുന്നതും വീഡിയോയിലുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് ആശംസയുമായി എത്തുന്നത്. നേരത്തെ ജഗത് ദേശായി അമല പോളിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അപ്പോള്‍ തന്നെ ഇരുവരും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ പരന്നിരുന്നു.
2014–ലാണ് സംവിധായകൻ എ.എൽ. വിജയ്‍യുമായുള്ള അമലയുടെ ആദ്യ വിവാഹം. നാല് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. എന്നാൽ 2017 ൽ ഇവർ വിവാഹമോചിതരായി. പിന്നീട് ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദർ സിംഗുമായി താരം ലിവിങ് റിലേഷനിലായിരുന്നു. ഇരുവരും വിവാഹിതരായി എന്ന രീതിയിൽ വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ തന്റെ അനുമതി ഇല്ലാതെ തെറ്റായ ചിത്രങ്ങൾ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഭവ്നിന്ദർ ശ്രമം നടത്തി എന്നായിരുന്നു അമല പ്രതികരിച്ചത്.
2009 ല്‍ ലാല്‍ ജോസിന്‍റെ ‘നീലത്താമര’യിലൂടെയാണ് അമല പോള്‍ സിനിമയിലെത്തുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here