11-ാം വയസിൽ അനാഥനായ അമൻ; പാരീസിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത് ഗുരുവിനെ മലർത്തിയടിച്ച്

പാരീസിൽ നടക്കുന്ന ഒളിമ്പിക്സിൽ ചരിത്രമെഴുതിയിരിക്കുകയാണ് അമൻ ഷെറാവത്ത് എന്ന 21കാരൻ. ഹരിയാനയിലെ ഝജ്ജർ ജില്ലയിൽ ജനിച്ച താരം അനാഥത്വത്തിൽ നിന്നാണ് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുന്നത്. 2012 ൽ ലണ്ടൻ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ സുശീൽ കുമാറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ബാല്യത്തിൽ അമൻ ഗുസ്തിയിലേക്ക് തിരിഞ്ഞത്. പത്താം വയസിൽ ഡൽഹിയിലെ ഛത്രസൽ സ്റ്റേഡിയത്തിൽ ഗുസ്തി പഠിക്കാൻ ചേർന്ന താരത്തിന് തൻ്റെ പതിനൊന്നാം വയസിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു. പിന്നീട് അമനെ വളർത്തിയതും പഠിപ്പിച്ചതുമെല്ലാം അമ്മാവനായിരുന്നു.

പിന്നീട് ഗുസ്തിയിലൂടെ തൻ്റെ അനാഥത്വത്തെ ചെറുത്തു തോൽപ്പിച്ച അമൻ തൻ്റെ മുൻഗാമികളായ ബജ്റംഗ് പൂനിയക്കും രവികുമാർ ദഹിയക്കും പോലും സ്വന്തമാക്കാൻ കഴിയാത്ത നേട്ടങ്ങളാണ് 21 വയസിനിടയിൽ തൻ്റെ പേരിൽ കുറിച്ചത്. ചെറുപ്രായത്തിൽ തന്നെ രണ്ടുതവണ ദേശീയ ചാമ്പ്യനായിട്ടുണ്ട്. അണ്ടർ 23 ലോക ചാമ്പ്യൻഷിപ്പ് സ്വർണവും ഇതിനിടയിൽ താരം സ്വന്തമാക്കി.

രണ്ട് വ്യക്തിഗത ഒളിമ്പിക്‌സ് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യക്കാരനായ സുശീൽ കുമാർ, 2012 ലണ്ടൻ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവ് രവികുമാര്‍ ദഹിയ, വെങ്കല മെഡൽ ജേതാവ് യോഗേശ്വർ ദത്ത്, 2020 ടോക്യോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് ബജ്‌റംഗ് പൂനിയ ഇവെരെല്ലാം ഛത്രസലിലെ ഗുസ്തി സ്കൂളിലെ അമൻ്റെ മുൻഗാമികളായിരുന്നു. ഛത്രസലിലെ തൻ്റെ മുറിയുടെ ഭിത്തിയില്‍ ഒരു വാചകം താരം വലുതായി കുറിച്ചിട്ടുണ്ട് “എളുപ്പമായിരുന്നെങ്കിൽ എല്ലാവരും അത് ചെയ്യും” (If it was easy, everybody would do it).

ടോക്യോ ഒളിമ്പിക്‌സ് വെള്ളി മെഡൽ ജേതാവായ രവികുമാർ ദഹിയയുടെ മാർഗനിർദേശ പ്രകാരമായിരുന്നു അമൻ പരിശീലനം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഇതിനിടയിൽ കോമൺവെൽത്ത് ഗെയിംസിന്‍റെ ട്രയല്‍സില്‍ ഇരുവരും തമ്മിൽ മത്സരിച്ചപ്പോള്‍ അനായാസമായി രവി അമനെ തോൽപ്പിച്ചു. പിന്നീട് പാരീസിലേക്ക് യോഗ്യത ഉറപ്പിക്കാൻ വീണ്ടും ഇരുവരും നേർക്കുനേർ ഗോദയിൽ ഏറ്റുമുട്ടി. രവിയെ പരാജയപ്പെടുത്തുക എന്നത് അത്ര എളുപ്പമല്ലെന്ന് അവനറിയാമായിരുന്നു. ഒടുവിൽ അവനത് നേടിയെടുത്തു. ഗുരുവിനെ ഗോദയിൽ മലർത്തിയടിച്ച് ശിഷ്യൻ പാരീസിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചു.

തൻ്റെ ആദ്യ ഒളിമ്പിക്സിൽ പങ്കെടുത്ത അമൻ 57 കിലോഗ്രാം ഗുസ്തിയിൽ ചരിത്രമെഴുതിയാണ് വെങ്കല മെഡൽ കഴുത്തിലണിഞ്ഞത്. ഒളിമ്പിക്സിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 21 വർഷവും 24 ദിവസവും പ്രായമുള്ള അമൻ ബാഡ്മിൻ്റൺ താരം പി.വി.സിന്ധുവിൻ്റെ റെക്കോർഡാണ് പഴങ്കഥ ആക്കിയത്. 21 വർഷവും 1 മാസവും 14 ദിവസവും പ്രായമുളളപ്പോഴാണ് റിയോയിൽ സിന്ധു വെള്ളി നേടിയത്.

ഒളിമ്പിക്സ് ചരിത്രത്തിൽ മെഡൽ നേടിയ ഏഴാമത്തെ ഇന്ത്യൻ ഗുസ്തി താരമാണ് അമൻ. ലോക ഗുസ്തിയിൽഇനിയും വരാനിരിക്കുന്നത് അമൻ ഷെറാവത്തിൻ്റെ ദിനങ്ങളാണ്. 2028ൽ ലോസ് ഏഞ്ചൽസിൽ അദ്ദേഹം മെഡലിൻ്റെ നിറം മാറ്റുമെന്ന് പ്രതീക്ഷിക്കാം.

അമൻ ഷെറാവത്തിൻ്റെ ഇതുവരെയുള്ള നേട്ടങ്ങൾ

വെങ്കലം – പാരീസ് ഒളിമ്പിക്സ് 2024, 57 കിലോ വിഭാഗം

വെങ്കലം – ഹാങ്‌ഷൗഏഷ്യൻ ഗെയിംസ് 2022, 57 കിലോ വിഭാഗം

സ്വര്‍ണം – അണ്ടര്‍23 ലോക ചാമ്പ്യൻഷിപ്പ് സ്പെയിൻ 2022, 57 കിലോ വിഭാഗം

സ്വർണം – ഏഷ്യൻ ചാമ്പ്യൻഷിപ്പ് കസാക്കിസ്ഥാൻ 2023, 57 കിലോഗ്രാം വിഭാഗം

സ്വർണം – ദേശീയ ചാമ്പ്യൻഷിപ്പ് 2020, 57 കിലോ വിഭാഗം

വെള്ളി – ടുണീഷ്യ റാങ്കിംഗ് സീരീസ് 57 കിലോ വിഭാഗം 2022

സ്വർണം – ദേശീയ ചാമ്പ്യൻഷിപ്പ് 2021, 57 കിലോ വിഭാഗം

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top