അമാവാസി മുതൽ വേലായുധൻ വരെ; നിരപരാധികളുടെ ജീവനെടുക്കുന്ന ബോംബ് രാഷ്ട്രിയം കൈവിടാതെ കണ്ണൂർ

തൊട്ടാൽ പൊട്ടിത്തെറിക്കുന്ന നാടായി കണ്ണൂർ മാറിയിട്ട് കാലം കുറെയായി. സ്കൂളിൽ പോകുന്ന കുട്ടികൾ കയ്യിൽ കരുതുന്ന ചോറ്റുപാത്രം പോലെ ഒരെണ്ണം വഴിയിൽ കണ്ടാൽ ഓടിമാറണം. അതുപോലെയൊന്ന് തുറന്നുനോക്കാൻ ശ്രമിച്ച 87കാരൻ വേലായുധനാണ് ഒടുവിൽ ജീവൻ പോയത്. ഇന്നും ഇന്നലെയുമല്ല, 25 വർഷം മുൻപ് ആക്രി പെറുക്കുന്ന കുടുംബത്തിലെ ബാലൻ അമാവാസിയുടെ ദൈന്യത മുതൽ മലയാളിയുടെ മുന്നിലുണ്ട്. എതിരാളികളെ വകവരുത്താൻ ഓരോ രാഷ്ട്രീയ പാർട്ടിയും നിർമ്മിക്കുന്ന ഉഗ്ര സ്ഫോടക വസ്തുവിൻ്റെ ഇരകളായി തീരുന്നത് കുട്ടികളും വൃദ്ധരും സ്ത്രീകളും അന്യസംസ്ഥാന തൊഴിലാളികളും ഒക്കെയാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഷെറിൻ എന്ന ചെറുപ്പക്കാരൻ ബോംബുപൊട്ടി കൊല്ലപ്പെട്ടിരുന്നു.

1998ലാണ് ബോംബുപൊട്ടി അമാവാസിയെന്ന തമിഴ് നാടോടി ബാലന്‍റെ ഇടതുകൈയ്യും വലതു കണ്ണും തകര്‍ന്നത്. ആക്രിപെറുക്കി ജീവിച്ചുപോന്ന കാളിയമ്മയുടെ മകനായിരുന്നു അമാവാസി. 1998ല്‍ ഒക്ടോബറിലൊരു ദിവസം അമ്മക്കൊപ്പം നടന്ന് ആക്രി സാധനങ്ങള്‍ പെറുക്കവേ ഒരു സ്റ്റീൽ പാത്രം കാണാനിടയായി. അതിനുള്ളിൽ എന്തെങ്കിലും ഭക്ഷണ സാധനമുണ്ടാകുമെന്ന് കരുതിയാണ് അടപ്പ് തുറക്കാൻ അമാവാസി ശ്രമിച്ചത്. ഫലം അത് പൊട്ടിത്തെറിച്ച് ഒരു കണ്ണും കൈയ്യും നഷ്ടമായി.

ഏറെനാളത്തെ ചികിത്സക്ക് ശേഷം ബോംബ് സൃഷ്‌ടിച്ച വൈകല്യവുമായി അമാവാസിയും അമ്മയും കടത്തിണ്ണയില്‍ തന്നെ ശരണം പ്രാപിച്ചു. പിന്നീട് തിരുവനന്തപുരത്തുള്ള സായിഗ്രാമം ഇവരെ രണ്ടുപേരെയും ഏറ്റെടുത്തു. കവി സുഗതകുമാരി അമാവാസിക്ക് പൂർണചന്ദ്രനെന്ന് പേരിട്ടു. പൂർണചന്ദ്രൻ സ്കൂൾ പഠനത്തിന് ശേഷം തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ ചേർന്നു പഠിച്ചു. ഇപ്പോൾ അവിടെത്തന്നെ ജോലി ചെയ്യുന്നു. അന്നത്തെ ആ ദുരന്തത്തിൻ്റെ ഓർമ്മ ഇപ്പോഴും തന്നെ വേട്ടയാടാറുണ്ടെന്ന് പൂർണചന്ദ്രൻ പറയുന്നു.

അമാവാസിയെപ്പോലെ ബോംബ് രാഷ്ടീയത്തിൻ്റെ മറ്റൊരു ഇരയാണ് ആറ് വയസുകാരി അസ്ന. 2000 സെപ്റ്റംബർ 27നാണ് സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. കണ്ണൂരിലും പരിസരങ്ങളിലും രാഷ്ട്രീയ പാർട്ടിക്കാർ പരസ്പരം ഏറ്റുമുട്ടി. ചെറുവാഞ്ചേരി യുപി സ്‌കൂൾ ബൂത്തിൽനിന്ന് ബിജെപി പ്രവർത്തകർ ബാലറ്റ് പെട്ടിയെടുത്ത് ഓടിയതിനെ കോൺഗ്രസുകാർ തടഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തിനിടെ ബോംബേറുണ്ടായി. ബിജെപിക്കാർ എറിഞ്ഞ ബോംബ് സ്‌കൂളിന് സമീപത്തെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അസ്ന എന്ന ആറ് വയസുകാരിയുടെ അടുത്ത് വീണ് പൊട്ടിത്തെറിച്ചു. കുട്ടിക്ക് ഗുരുതരമായ പരിക്കേറ്റു. വലതുകാൽ മുറിച്ചു മാറ്റേണ്ടിവന്നു. ആറാം ക്ലാസു മുതൽ കൃത്രിമ കാൽ വെച്ച് നടന്ന് പരിശീലിച്ച അസ്ന പഠനത്തിൽ മിടുക്കിയായിരുന്നു. എല്ലാ ക്ലാസുകളിലും ഉയർന്ന മാർക്കു വാങ്ങി പഠിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് നേടി.

12 വയസിന് താഴെ മാത്രം പ്രായമുള്ള അഞ്ചുകുട്ടികൾക്ക് ഇക്കാലത്തിനിടെ കണ്ണൂരിലെ ബോംബ് സ്ഫോടനങ്ങളിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട് എന്നാണ് കണക്ക്. ബോംബ് രാഷ്ട്രിയം ജീവനെടുത്ത പാർട്ടി പ്രവർത്തകരുടെ കണക്ക് വീണ്ടും വീണ്ടും പറയുന്നതിൽ അർത്ഥമില്ല എന്നായിട്ടുണ്ട്. എന്നാൽ സാധാരണക്കാരുടെയും കുട്ടികളുടെയും ജീവനും ജീവിതവും തകർക്കുന്ന പ്രവണക്ക് അറുതിയില്ല എന്നതാണ് പലരുടെയും ഉറക്കംകെടുത്തുന്നത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വേലായുധൻ്റെ അയൽവാസി സീന എന്ന യുവതി ഇന്ന് വെട്ടിത്തുറന്ന് പറഞ്ഞത് ഈ ദയനീയാവസ്ഥയാണ്.

രണ്ട് കൊല്ലം മുമ്പ് ആക്രിക്കച്ചവടക്കാരായ അസം സ്വദേശി ഫസൽ ഹഖും (52) മകൻ ഷാഹിദ് ഇസ്ലാമും സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. ആക്രിയെന്ന് കരുതി പെറുക്കികൂട്ടിയ സ്റ്റീൽ പാത്രം തുറക്കാൻ ശ്രമിക്കുമ്പോഴാണ് ആ ദുരന്തവും ഉണ്ടായത്. രണ്ട് പേരും തൽക്ഷണം മരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top