ആമയിഴഞ്ചാനില്‍ റെയിൽവേക്ക് എതിരെ മന്ത്രി രാജേഷ്; പ്രതിപക്ഷ നേതാവ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു
ആമയിഴഞ്ചാന്‍ തോടിലെ മാലിന്യ പ്രശ്നത്തില്‍ ഒരു ജീവന്‍ പൊലിഞ്ഞിരിക്കെ റെയില്‍വേയ്ക്കും പ്രതിപക്ഷ നേതാവിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.ബി.രാജേഷ്. മാലിന്യ സംസ്‌കരണത്തില്‍ റെയില്‍വേ ഗുരുതരമായ അനാസ്ഥ വരുത്തി. പ്രതിപക്ഷ നേതാവ് ദുരന്തമുഖത്ത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി.
“ഇതുപോലെ ഒരു ദുരന്തത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കെതന്നെ പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ തിരിഞ്ഞു. ഒരു പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമാണോ എന്ന് ഇത്തരക്കാര്‍ ആലോചിക്കണം. മത്സരിച്ച് കുറ്റപ്പെടുത്തലുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പലരും.” – രാജേഷ് പറഞ്ഞു.
“മാലിന്യ സംസ്‌കരണം ആരുടെയെങ്കിലും പ്രത്യേക ഉത്തരവാദിത്തമായി സര്‍ക്കാര്‍ കണക്കാക്കുന്നില്ല. എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. മാലിന്യം ശൂന്യാകാശത്തുനിന്ന് വന്നതല്ല. ആ നിലയ്ക്ക് ഇതിനെ കാണണം. റെയില്‍വേയുടെ ഭൂമിയില്‍ കോര്‍പ്പറേഷനോ സര്‍ക്കാരിനോ എന്തെങ്കിലും ചെയ്യാന്‍ കഴിയില്ല. ഒരുതവണ ചെയ്തപ്പോള്‍ റെയില്‍വേ നിലപാട് കര്‍ക്കശമാക്കി. റെയില്‍വേ ആക്ട് ഉപയോഗിച്ചു. ആ സാഹചര്യത്തില്‍ സര്‍ക്കാരിന് ചെയ്യാവുന്നത് റെയില്‍വേ അവരുടെ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്. അത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് റെയില്‍വേതന്നെ സമ്മതിച്ചിട്ടുണ്ട്. അതിന്റെ സര്‍ക്കുലര്‍ കൈയിലുണ്ട്.”
” റെയില്‍വേ പിന്തുണ തേടി 2024 ജനുവരി 31-ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കേരളത്തിലെ രണ്ട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍മാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷന്‍ മറുപടി നല്‍കിയില്ല. പാലക്കാട് ഡിവിഷന്‍ ഒരുമാസം കഴിഞ്ഞ് മറുപടി നല്‍കി. അതിനുശേഷം ഏപ്രില്‍ ഒന്നിന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രണ്ട് ഡിവിഷണല്‍ മാനേജര്‍മാരേയും യോഗത്തിന് വിളിച്ചു. രണ്ട് പേരും പങ്കെടുത്തില്ല. പകരം രണ്ട് ജൂനിയര്‍ ഉദ്യോഗസ്ഥരെ അയച്ചു. റെയില്‍വേയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട 20 കാര്യങ്ങള്‍ ആ യോഗത്തില്‍ നിശ്ചയിച്ചുകൊടുത്തു അത് നടപ്പിലാക്കിയില്ല.” -മന്ത്രി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here