ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയെ കാണാനില്ല. കോര്‍പ്പറേഷന്റെ താല്‍ക്കാലിക ജീവനക്കാരനായ മാരായമുട്ടം സ്വദേശിയായ ജോയിയെ ആണ് കാണാതായത്. തോട്ടിലെ ഒഴുക്കില്‍ പെട്ടതായാണ് സംശയം. ഫയര്‍ഫോഴ്‌സ് സ്‌കൂബാ ടീം പരിശോധന നടത്തുകയാണ്. രാവിലെ 11 മണിയോടെയാണ് തൊഴിലാളിയെ കാണാതായത്.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപത്താണ് നാല് തൊഴിലാളികള്‍ ശുചീകരണത്തിന് ഇറങ്ങിയത്. റെയില്‍വേ ലൈന്‍ ക്രോസ് ചെയ്ത് പോകുന്ന ഭാഗമാണിത്. ടണലിന്റെ രൂപത്തിലാണ് തോടിന്റെ ഭാഗങ്ങള്‍. രാവിലെ മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു. ഇതിനിടയില്‍ ശക്തമായ മഴ പെയ്തതോടെ മൂന്ന് ജീവനക്കാര്‍ ശുചീകരണം നിര്‍ത്തി കരയിലേക്ക് കയറി. മറുകരയിലൂടെ കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ജോയിയെ കാണാതായത്. മാലിന്യം നിറഞ്ഞ നിലയിലാണ് തോടുള്ളത്. ഇതുമൂലം രക്ഷാപ്രവര്‍ത്തനം ശ്രമകരമാണ്. ഒരു മണിക്കൂറായി തിരച്ചില്‍ തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here