വിനീത കൊലക്കേസില്‍ വധശിക്ഷ; പ്രതി രാജേന്ദ്രന്‍ സ്ഥിരം കുറ്റവാളിയെന്ന് കോടതി

അമ്പലമുക്കിലെ വിനാത കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ. അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തി മാല മോഷ്ടിച്ച കേസില്‍ കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രനെയാണ് വധശിക്ഷക്ക് വിധിച്ചത്. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹന്‍ ശിക്ഷിച്ചത്. പ്രതിയുടെ മാനസികനില ഉള്‍പ്പെടെ പരിശോധിച്ച് റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് ശിക്ഷ വിധിച്ചത്. എട്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം.
നാലരപ്പവന്റെ മാല കവരുന്നതിനായാണ് 2022 ഫെബ്രുവരി ആറിന് പ്രതി വിനീതയെ കുത്തി കൊലപ്പെടുത്തിയത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രണ്ടു മക്കളെ വളര്‍ത്താനായാണ് വിനീത നെടുമങ്ങാട് നിന്നും ഇവിടെ ജോലിക്ക് എത്തിയിരുന്നത്. ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തി ഭക്ഷണം കഴിക്കുക ആയിരുന്ന വനീതയെ ആക്രമിക്കുക ആയിരുന്നു.
ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകള്‍ പരിഗണിച്ചാണ് ശിക്ഷ. പ്രതി കടയിലേക്ക് വരുന്നതിന്റേയും മടങ്ങുന്നതിന്റേയും സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തമിഴ്‌നാട്ടില്‍ മൂന്ന് കൊല നടത്തിയ ആളാണ് പ്രതി രാജേന്ദ്രന്‍. കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ, ഭാര്യ വാസന്തി, വളര്‍ത്തു മകള്‍ അഭിശ്രീ എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് അമ്പലമുക്കിലെ കൊലപാതകം നടത്തിയത്.
പ്രതി സ്ഥിരം കുറ്റവാളിയാണെന്നും സാധാരണ ജീവിതതിലേക്ക് മടങ്ങാനുള്ള സാധ്യതയില്ലെന്നും വിലയിരുത്തിയാണ് പരാമവധി ശിക്ഷ തന്നെ വിധിച്ചിരിക്കുവന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here