സിപിഎം പ്രവര്‍ത്തനം നിര്‍ത്തുന്നെന്ന് പഞ്ചായത്ത്‌ പ്രസിഡൻ്റ്; വൈറലായ എഫ്ബി പോസ്റ്റ് പിൻവലിച്ചു; അമ്പലപ്പുഴ സിപിഎമ്മിലെ പൊട്ടിത്തെറി പുറത്തേക്ക്

അമ്പലപ്പുഴ: സിപിഎം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫെയ്സ്ബുക്കില്‍ കുറിച്ച അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻ്റും സിപിഎം ലോക്കല്‍ കമ്മറ്റി അംഗവുമായ എസ്‌.ഹാരിസ്‌ നാടകീയമായി പോസ്റ്റ് പിന്‍വലിച്ചു. അമ്പലപ്പുഴയില്‍ സിപിഎമ്മില്‍ പ്രശ്നങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെയാണ് പഞ്ചായത്ത് പ്രസിഡൻ്റ് പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. കുറിപ്പ് വൈറലായതിനൊപ്പം അദ്ദേഹം തന്നെ പിന്‍വലിക്കുകയായിരുന്നു.

സിപിഎമ്മുമായി ബന്ധപ്പെട്ട് താനിട്ട കുറിപ്പ് പിന്‍വലിച്ചതായി പഞ്ചായത്ത് പ്രസിഡൻ്റ് ഹാരിസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. തീരുമാനം മാറിയത് കൊണ്ടാണ് പോസ്റ്റ് പിൻവലിച്ചത്. കുറച്ച് വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നു. പാര്‍ട്ടി പ്രവർത്തനം അവസാനിപ്പിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ പാർട്ടിയിൽ തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. പാര്‍ട്ടിയില്‍ നിന്നും വന്ന
സമ്മർദ്ദമാണോ കാരണമെന്ന് ചോദിച്ചപ്പോള്‍ അല്ലെന്ന മറുപടിയാണ് നല്‍കിയത്. ഒരു പഞ്ചായത്ത് അംഗത്തെ മുന്‍പ് മര്‍ദ്ദിച്ച സംഭവത്തിന് കുറിപ്പുമായി ബന്ധമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതെല്ലാം കഴിഞ്ഞ സംഭവമാണെന്നും ഹാരിസ് പ്രതികരിച്ചു.

നാലു ദിവസമായി നടന്നുവന്ന 77-ാമത്‌ പുന്നപ്ര വയലാര്‍ സമര വാര്‍ഷിക വാരാചരണത്തിൻ്റെ സമാപനച്ചടങ്ങില്‍ പങ്കെടുത്തതിനു ശേഷമാണ്‌ സിപിഎം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫെയ്സ്ബുക്കില്‍ കുറിച്ചത്. കൂടെനിന്നവര്‍ക്കും മാറ്റിനിര്‍ത്തിയവര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു എന്നും കുറിച്ചു. പാര്‍ട്ടി ജാഥയുടെ മുന്നില്‍ നില്‍ക്കുന്ന ഫോട്ടോയോടൊപ്പമാണ്‌ കുറിപ്പിട്ടത്‌.

സിപിഎമ്മില്‍ വിവാദ വ്യക്തിത്വമാണ് ഹാരിസ്. വണ്ടാനം ലോക്കല്‍ കമ്മിറ്റി ഓഫിസിനു മുന്നില്‍ വെച്ച്‌ സിപിഎം ഗ്രാമ പഞ്ചായത്തംഗമായ വി.ധ്യാനസുതനെ മര്‍ദിച്ചെന്ന പരാതിയില്‍ പാര്‍ട്ടി നടപടിക്കു വിധേയനായ വ്യക്‌തിയാണ്‌ ഹാരീസ്‌. അമ്പലപ്പുഴ ഏരിയാ കമ്മിറ്റി ഓഫിസില്‍ ഭക്ഷണത്തെച്ചൊല്ലി കരൂര്‍ ബ്രാഞ്ചു സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവും തമ്മില്‍ നടന്ന കയ്യാങ്കളി വാര്‍ത്തയായിരുന്നു.

മാസങ്ങള്‍ക്കു മുമ്പ്‌ കുട്ടനാട്ടില്‍ 294 സിപിഎം അംഗങ്ങള്‍ പാര്‍ട്ടി വിട്ടിരുന്നു. രാമങ്കരി ഗ്രാമ പഞ്ചായത്തിലെ ഒന്‍പതു സിപിഎം അംഗങ്ങളില്‍ ആറുപേര്‍ പാര്‍ട്ടി വിട്ടിരുന്നു. ഇങ്ങനെ സിപിഎമ്മില്‍ പ്രശ്നങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെയാണ് ഹാരിസിനെ ചുറ്റിപ്പറ്റിയുള്ള പുതിയ വിവാദം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top