ലോകത്തെ ഞെട്ടിച്ച അംബാനി കല്യാണം; പൊടിച്ചത് 5000 കോടി; ‘വെഡ്ഡിംഗ് ഇൻഡസ്ട്രി’യെ കൊഴുപ്പിച്ചത് ഇങ്ങനെ
ഈ നൂറ്റാണ്ടിന്‍റെ വിവാഹമെന്ന് വിശേഷിക്കപ്പെട്ട റിലയൻസ് ഇൻസസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടേയും ഫാർമസ്യൂട്ടിക്കൽ വ്യവസായി വീരെൻ മർച്ചന്റിന്റെ മകൾ രാധിക മർച്ചന്റിന്റെയും വിവാഹച്ചടങ്ങുകൾ ലോക മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ച വാർത്തയായിരുന്നു. ന്യൂയോർക്ക് ടൈംസ്, ടൈം മാഗസിൻ, ബിബിസി, അൽജസീറ, വോഗ്, പീപ്പിൾ, റോയിട്ടേഴ്സ് തുടങ്ങിയ മുൻനിര പത്ര-ടിവി ചാനലുകൾക്ക് പുറമെ പരശതം ഓൺലൈൻ പോർട്ടലും കവർ ചെയ്ത ആഡംബര വിവാഹമായിരുന്നു ഇന്നലെ നടന്നത്. നാളെ പ്രധാനമന്ത്രിയും, കേന്ദ്ര മന്ത്രിമാരും, മുഖ്യമന്ത്രിമാരും ഉൾപ്പടെ രാജ്യത്തെ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന വിരുന്ന് സൽക്കാരത്തോടെ കല്യാണ മാമാങ്കത്തിന് തിരശ്ശീല വീഴും. ഫെബ്രുവരി മുതൽ ലോകത്ത് പലയിടങ്ങളിലായി ആരംഭിച്ച ചടങ്ങുകളാണ് നാളെ അവസാനിക്കുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനും, ലോകത്തിലെ പത്താമത്തെ ധനികനുമായ മുകേഷ് അംബാനിയുടെ ഇളയ മകന്‍റെ വിവാഹത്തിന് 5000 കോടി ചെലവാക്കിയെന്നാണ് വെഡ്ഡിംഗ് ഇൻഡസ്ട്രി രംഗത്തുള്ള വിദഗ്ധർ പറയുന്നത്. അതിഥികളെ കൊണ്ടുവരാനായി 100 ചാർട്ടഡ് വിമാനങ്ങളാണ് റിലയൻസ് ഗ്രൂപ്പ് വാടകയ്ക്ക് എടുത്തിരുന്നതെന്നറിയുമ്പോൾ ചെലവിന്‍റെ ഏകദേശ രൂപം പിടികിട്ടും. എയർ ചാർട്ടർ കമ്പനിയായ ക്ലബ് വൺ എയർ എന്ന സ്ഥാപനത്തിനായിരുന്നു അതിഥികളെ ചാർട്ടർ വിമാനത്തിൽ മുംബൈയിൽ എത്തിക്കാനുള്ള ചുമതല ഉണ്ടായിരുന്നത്. മുംബൈ കുർള കോംപ്ലക്സിലുള്ള ജിയോ വേൾഡ് കൺവെൻഷൻ സെന്‍ററിലായിരുന്നു വിവാഹത്തിന്‍റെ പ്രധാന ചടങ്ങുകൾ ഇന്നലെ നടന്നത്.
ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള ധനകാര്യ പ്രസിദ്ധീകരണമായ ഇക്കണോമിസ്റ്റിന്‍റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ‘വെഡ്ഡിംഗ് ഇൻഡസ്ട്രി’ എന്നത് രാജ്യത്തെ കച്ചവട-വ്യവസായത്തിൽ നാലാം സ്ഥാനത്താണ്. പ്രതിവർഷം 130 ബില്യൺ ഡോളറിന്‍റെ അതായത് ഏതാണ്ട് 13 ലക്ഷം കോടി രൂപയുടെ വ്യവസായമാണ് നടക്കുന്നത്. അപ്പോൾ അനന്ത്-രാധിക വിവാഹത്തിന് 5000 കോടി മുടക്കി എന്നതിൽ അതിശയിക്കാന്‍ ഒന്നുമില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തെ വമ്പൻ വിഐപി നിരയാണ് കല്യാണ ചടങ്ങുകളിൽ സംബന്ധിക്കാനെത്തിയത്.
ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രിമാരായ ടോണി ബ്ലെയർ, ബോറിസ് ജോൺസൺ, മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍, മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്സ്, മെറ്റ സിഇഒ മാർക്ക് സക്കർബർഗ് തുടങ്ങിയ വിവിഐപികൾക്ക് പുറമെ ഹോളിവുഡ് – ബോളിവുഡ് താരങ്ങളും പങ്കെടുത്തിരുന്നു. ഇത്രയും പ്രധാനികൾ പങ്കെടുക്കുമ്പോൾ ടാക്സി കാര്‍കമ്പനികൾ, പൂ വിൽപ്പനക്കാർ, ഹോട്ടലുകൾ, വസ്ത്രവ്യാപാരികൾ, ആഭരണ കച്ചവടക്കാർ, ഹോസ്പിറ്റലുകൾ എന്നു വേണ്ട ജീവിതത്തിന്‍റെ എല്ലാ മേഖലയിലും പെട്ടവർക്ക് ആഡംബര കല്യാണങ്ങൾ നടക്കുമ്പോൾ സാമ്പത്തിക നേട്ടമുണ്ടാകുന്നു. അത്രയേറെ പണമാണ് പൊതു വിപണിയിലേക്ക് ഒഴുകുന്നത്.
പ്രധാന വിവാഹ ചടങ്ങുകൾ നടന്ന ജിയോ കൺവെൻഷൻ സെന്ററിലെ വിഐപികളെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനും സഞ്ചരിക്കാനുമായി ബാറ്ററി ഘടിപ്പിച്ച 300 കാറുകൾ, 500 ഗോൾഫ് ബഗ്ഗികൾ, ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന 100 കാറുകളാണ് ഉപയോഗിച്ചത്. കഴിഞ്ഞ ആറ് മാസം കൊണ്ട് 10000 പേർക്ക് വിവിധ തരത്തിലുള്ള ജോലികൾ ലഭിച്ചുവെന്നാണ് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഈ കല്യാണത്തിന് വേണ്ടി മാത്രം 500 കിലോമീറ്റർ റോഡ് പുനർനിർമ്മിക്കുകയും നന്നാക്കുകയും ചെയ്തിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here