അമിത് ഷായ്ക്ക് ഭ്രാന്ത് പിടിച്ചെന്ന് ലാലു; രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനും ഉപദേശം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ബിആർ അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിവാദ പരാമർശത്തെച്ചൊല്ലിയുണ്ടായ വിവാദത്തിനിടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. കേന്ദ്ര മന്ത്രി രാജിവയ്ക്കണമെന്നും രാഷ്ട്രീയ ജീവിതം തന്നെ അവസാനിപ്പിക്കണമെന്നും ലാലു ആവശ്യപ്പെട്ടു. അമിത് ഷായ്ക്ക് അംബേദ്കറോട് വെറുപ്പുള്ളത് കൊണ്ടായിരിക്കാം ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും ആർജെഡി നേതാവ് വിമർശിച്ചു.
ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ നടന്ന ചർച്ചക്കിടയിലായിരുന്നു അംബേദ്ക്കറെപറ്റി അമിത് ഷായുടെ വിവാദ പരാമർശം. “അംബേദ്കർ, അംബേദ്കർ, അംബേദ്കർ… എന്ന് പറയുന്നത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുയാണ്. ഇങ്ങനെ പറയുന്നതിന് പകരം അത്രയും തവണ ദൈവത്തിന്റെ പേര് പറഞ്ഞിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ ഇടം ലഭിക്കുമായിരുന്നു”- എന്നായിരുന്നു പ്രതിപക്ഷ ബഹളത്തിനെ പരിഹസിച്ച് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞത്.
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ വലിയ പ്രതിഷേധമാണുയർത്തുന്നത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്നലെ പാർലമെന്റ് നടപടികൾ നിർത്തിവെക്കുകയും ചെയ്തിരുന്നു. അമിത് ഷായുടെ രാജിയാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പാർട്ടിയുടെ പ്രതിഷേധം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here