അമ്പൂരിക്ക് നടുക്കം മാറുന്നില്ല; ഇപ്പോഴും മനസില്‍ പേമാരിയും ഉരുള്‍പൊട്ടലും

പേമാരിയും ഉരുള്‍പൊട്ടലും തിരുവനന്തപുരം ജില്ലയിലെ കുടിയേറ്റ ഗ്രാമമായ അമ്പൂരിയിലെ ജനങ്ങള്‍ക്കു നടുക്കവും ഹൃദയം നുറുങ്ങുന്ന വേദനയുമാണ്. 23 വര്‍ഷം മുമ്പ്, 2001 നവംബര്‍ ഒന്‍പതിന് രാത്രി, ഉണ്ടായ തോരാമഴയില്‍ അഗസ്ത്യമലയുടെ താഴ്വാരത്തിലുള്ള ഈ ഗ്രാമത്തിലെ 39 പേരാണ് നിമിഷനേരം കൊണ്ട് മണ്ണിനടിയിലായത്. വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് ഒത്തുകൂടിയ ഒരു കുടുംബത്തിലെ പ്രതിശ്രുത വരനടക്കം 22 പേരായിരുന്നു ദുരന്തത്തിന് ഇരയായത്.

അമ്പൂരി പൂച്ചമുക്കിലെ അറിയപ്പെടുന്ന റബര്‍ വ്യാപാരിയായായിരുന്നു സി.ഡി. തോമസ്. അദ്ദേഹത്തിന്റെ മകന്‍ ബിനുവിന്റെ മനസമ്മതവുമായി ബന്ധപ്പെട്ടാണ് മക്കളും കൊച്ചുമക്കളും ബന്ധുമിത്രാദികളും ആ വീട്ടില്‍ ഒത്തുകൂടിയത്. ദിവസങ്ങളോളം തുടര്‍ച്ചയായ മഴയ്ക്കുശേഷമാണ് 2001 നവംബര്‍ ഒന്‍പത് വെള്ളിയാഴ്ച രാത്രി എട്ടിനു പൂച്ചമുക്കിനു സമീപം കുരിശുമലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. അടിവാരത്തിലെ രണ്ടേക്കറോളം വസ്തുവിലെ മണ്ണും കല്ലും മഴവെള്ളത്തോടൊപ്പം ഒരു കിലോമീറ്ററോളം ദൂരം താഴേക്ക് ഒഴുകിപ്പോയി. തോമസിന്റെയും അയല്‍വാസികളായ അശോകന്‍, സീനു പണിക്കര്‍, ടൈറ്റസ് എന്നിവരുടെയും വീടുകള്‍ കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ അപ്രത്യക്ഷമായി. 39 പേരുടെ ജീവനും നഷ്ടമായി. രണ്ടു ദിവസംനീണ്ട തെരച്ചിലില്‍ 38 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരാളുടെ മൃതദേഹം ലഭിച്ചത്. മരിച്ചവരില്‍ അമ്പൂരിക്കാരെ കൂടാതെ എരുമേലി, കോട്ടയം, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വിവാഹനിശ്ചയത്തിന് വന്നവരും ഉണ്ടായിരുന്നു.

മരിച്ചവരില്‍ 22 പേര്‍ തോമസിന്റെ കുടുംബത്തിലെ അംഗങ്ങളാണ്. തോമസിന്റെ ഭാര്യ ലീലാമ്മ, മകനും പ്രതിശ്രുത വരനുമായ ബിനു, മകള്‍ സീന, ചെറുമക്കളായ ഫെലിക്സ്, ഒരു കൈക്കുഞ്ഞ്, അനുജന്‍ സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്റെ മൂന്ന് മക്കള്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങിയവരാണ് ഈ കുടുംബത്തില്‍നിന്ന് നിത്യതയിലേക്കു മറഞ്ഞത്. പാറക്കൂട്ടങ്ങള്‍ക്ക് ഇടയില്‍ പെട്ടതിനാല്‍ തോമസിനെ മാത്രം രക്ഷിക്കാന്‍ കഴിഞ്ഞു.

അന്നത്തെ ദുരന്തത്തിനുശേഷം, തുടര്‍ച്ചയായി കനത്ത മഴപെയ്യുന്ന സാഹചര്യങ്ങളില്‍ പ്രദേശവാസികളെ മാറ്റിത്താമസിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ അമ്പൂരിയില്‍ സ്വീകരിക്കുന്നുണ്ട്. എന്നാലും പേമാരി പെയ്യുമ്പോള്‍ അമ്പൂരിക്കാരുടെ മനസ് ആകുലമാകുന്നത് പതിവാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top