ഇന്ത്യൻ പെന്തക്കോസ്ത് സഭ പിളരുന്നു; ‘അമേരിക്കന്‍ ഫെല്ലോഷിപ്പു’മായി വിമതര്‍

രാജ്യത്തെ ഏറ്റവും വലിയ പെന്തക്കോസ്ത് സഭയായ ഇന്ത്യന്‍ പെന്തക്കോസ്ത് ദൈവസഭ (Indian Pentacostal Church of God – IPC) പിളര്‍പ്പിലേക്ക്. അമേരിക്കയിലെ മലയാളികളായ വിശ്വാസികള്‍ ഐപിസി അമേരിക്കന്‍ ഫെല്ലോഷിപ്പ് എന്ന പേരില്‍ പുതിയ സഭ രൂപീകരിക്കാന്‍ ഒരുങ്ങുന്നു. ബോസ്റ്റണില്‍ നടന്നുവരുന്ന ഐപിസി കുടുംബ കൂട്ടായ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പുതിയ സഭയുടെ രൂപീകരണം സംബന്ധിച്ച് വ്യക്തത ഉണ്ടായേക്കും. പിളര്‍പ്പ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകുമെന്നും അറിയുന്നു.

അമേരിക്കയില്‍ നിലവിലുള്ള എല്ലാ ഐപിസി റീജിയനുകളുടെയും ഭാരവാഹികളായ പാസ്റ്റര്‍ന്മാരുടെ സംയുക്ത യോഗമാണ് ഐപിസി അമേരിക്കന്‍ ഫെല്ലോഷിപ്പ് രൂപീകരിക്കാൻ തീരുമാനം കൈകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഏതു റീജിയനും സ്റ്റേറ്റിനും സെന്ററിനും സഭയ്ക്കും ഈ നേതൃത്വത്തിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാമെന്ന് പുതിയ സഭയുടെ വക്താക്കള്‍ പറഞ്ഞു. ഇന്ത്യന്‍ പെന്തക്കോസ്ത് ദൈവസഭയുടെ നിലവിലെ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് പിളര്‍പ്പിനു പ്രധാന കാരണം.

പത്തനംതിട്ട ജില്ലയിലെ കുമ്പനാട്ടാണ് ഐപിസിയുടെ ആസ്ഥാനം. 1924ല്‍ പാസ്റ്റര്‍ കെ.ഇ.ഏബ്രഹാം രൂപവത്കരിച്ച ഐപിസിയുടെ ശതാബ്ദി സമ്മേളനം കഴിഞ്ഞ ജനുവരിയിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തു. ശതാബ്ദി സമ്മേളനത്തിനു മുമ്പുതന്നെ സഭയിലെ വിമത വിഭാഗം തിരുവല്ലയില്‍ സമാന്തര കണ്‍വെന്‍ഷനും മറ്റും സംഘടിപ്പിച്ചിരുന്നു. നേതൃത്വത്തിലെ അധാര്‍മ്മികവും ആത്മീയ വിരുദ്ധവുമായ സംഭവവികാസങ്ങളാണ് പിളര്‍പ്പിലേക്കു നയിച്ചതെന്നാണ് വിമത വിഭാഗത്തിന്റെ നിലപാട്. ഐപിസി ദേശീയ പ്രസിഡന്റ് ഡോ. വത്സന്‍ ഏബ്രഹാമും ആയുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പിളര്‍പ്പിന്റെ വക്കിലേക്കു നയിച്ചതെന്നും വിമതര്‍ പറയുന്നു.

“കുമ്പനാട് ഐപിസിയെ എതിര്‍ക്കുകയോ തള്ളിപ്പറയുകയോ ചെയ്യുന്നില്ല. എന്നാല്‍ നേതൃത്വപരമായ കാര്യങ്ങളില്‍ ഇനി അമേരിക്കന്‍ റീജിയനുകള്‍ കുമ്പനാട്ടു നിന്നുള്ള ഉത്തരവുകളും നിര്‍ദ്ദേശങ്ങളും അംഗീകരിക്കില്ല”- ഇതാണ് വിമത വിഭാഗത്തിന്റെ നിലപാട്. പിളര്‍പ്പ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പു നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള നീക്കത്തിലാണ് വിമതര്‍. അടുത്ത വര്‍ഷം കുമ്പനാട്ടു നടക്കുന്ന കണ്‍വെന്‍ഷനു മുമ്പായി നേതൃത്വം പിടിച്ചെടുക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. അവര്‍ക്കാണ് മുന്‍തൂക്കം.

ഇന്ത്യന്‍ പെന്തക്കോസ്ത് സഭയില്‍ രണ്ടു ലക്ഷത്തിലധികം അംഗങ്ങള്‍ ഉണ്ടെന്നു സഭാ നേതൃത്വം പറയുന്നു. ദേശീയ പ്രസിഡന്റ് ഡോ.വത്സന്‍ ഏബ്രഹാം ആരോഗ്യപരമായ കാരണങ്ങളാല്‍ നാളുകളായി സഭയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നില്ല. ഇദ്ദേഹം അമേരിക്കയിലാണ് സ്ഥിരതാമസം. ഐ.പി.സിയുടെ പ്രധാന വരുമാന സ്രോതസ് അമേരിക്കയിലെ വിശ്വാസികള്‍ നല്‍കുന്ന പണമാണ്.

2019ൽ കുമ്പനാട് നടന്ന ഐപിസിയുടെ ജനറൽ ബോഡി തിരഞ്ഞെടുപ്പിൽ വത്സൻ ഏബ്രഹാമിൻ്റെ എതിർ ചേരിയിൽ പ്പെട്ട നിരവധി സ്ഥാനാർത്ഥികളെ അയോഗ്യരാക്കിയിരുന്നു. തൊട്ടുപിന്നാലെ വിമതർ ഐക്യ പെന്തക്കോസ്ത് കൺവെൻഷൻ നടത്തി വിമത പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. അന്നു മുതൽ സഭയ്ക്കുള്ളിൽ പുകഞ്ഞു നിൽക്കുന്ന അസ്വസ്ഥതകളാണ് പിളർപ്പിലേക്ക് എത്തിച്ചത്. കേരളത്തിലെ വിമത വിഭാഗമാണ് സംസ്ഥാന കൗൺസിൽ ഭാരവാഹികളിൽ ഭൂരിപക്ഷവും. അവർ ഭരണപരമായ കാര്യങ്ങളിൽ മാത്രമാണ് ദേശീയ പ്രസിഡൻ്റായ ഡോ.വത്സൻ ഏബ്രഹാമുമായി സഹകരിച്ച് പോകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top