കല്യാണം നടത്തി കുത്തുപാള എടുക്കാനില്ലെന്ന് അമേരിക്കൻ ചെറുപ്പക്കാർ; ചെലവ് താങ്ങാനാവാതെ വിവാഹങ്ങൾ നീട്ടിവെക്കുന്നു

ഇന്ത്യാക്കാരൻ കടംവാങ്ങിയും ഉള്ളതെല്ലാം വിറ്റുപെറുക്കിയും മക്കളുടെ കല്യാണം അടിപൊളിയാക്കുമ്പോൾ അമേരിക്കക്കാർ ചെലവ് ചുരുക്കി കല്യാണം നടത്തുകയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പരാധീനത നിമിത്തം കല്യാണങ്ങളുടെ ചെലവിൽ ഗണ്യമായ തോതിൽ കുറവുണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്തിനധികം പറയുന്നു വധു -വരന്മാർ ഒന്നിച്ചു മുറിക്കുന്ന കേക്കിൻ്റെ വലിപ്പവും തൂക്കവും പോലും കുറയ്ക്കുന്ന അവസ്ഥയിലേക്ക് അൽപം അതിശയോക്തി കലർത്തി അമേരിക്കൻ മാധ്യമങ്ങൾ എഴുതുന്നത്.
5000 കോടി രൂപ മുടക്കി ഒരു ലക്ഷത്തോളം ആതിഥികൾക്കായി ദിവസങ്ങൾ നീണ്ട വിവാഹ ആഘോഷങ്ങൾ നടത്തിയ മുകേഷ് അംബാനിയുടെ മകൻ്റെ കല്യാണം കണ്ട് അമേരിക്കൻ ചെറുപ്പക്കാർ അന്തം വിട്ടിരിക്കയാണ്. അവരുടെ സങ്കല്പത്തിലോ സ്വപ്നത്തിലോ പോലും ഇമ്മാതിരി വിവാഹ ആഘോഷങ്ങൾ ഉണ്ടാവില്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നിർവാഹമില്ലാതെ കല്യാണം തന്നെ വേണ്ടെന്ന് വയ്ക്കുന്ന യുവതീ, യുവാക്കളുടെ എണ്ണം അമേരിക്കയിൽ വർദ്ധിക്കുകയാണ്.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ വിവാഹ പരിപാടിക്കാവശ്യമായ കാറ്ററിംഗ്, ഫോട്ടോഗ്രാഫി, കേക്ക് തുടങ്ങി അത്യാവശ്യ ചെലവുകളിൽത്തന്നെ 20 ശതമാനം വർദ്ധനയുണ്ടായി. ഇതു കാരണം പലരും ചെറിയ തോതിൽ മാത്രമാണ് കല്യാണ ചടങ്ങുകൾ നടത്തുന്നത്. അതിഥികളുടെ എണ്ണം പരമാവധി വെട്ടിക്കുറയ്ക്കു,കയും പേരിനുമാത്രം ചടങ്ങുകൾ നടത്തി രക്ഷപ്പെടുകയുമാണ്. ചിലരാണെങ്കിൽ സിവിൽ മാര്യേജിന് ശേഷം പാർട്ടിയൊക്കെ പിന്നീടാകാമെന്ന മട്ടിലാണ്. മുണ്ടുമുറുക്കി ഉടുത്തില്ലെങ്കിൽ ശിഷ്ടകാലം കഷ്ടപ്പെടേണ്ടി വരുമെന്ന തിരിച്ചറിവിലാണ് അമേരിക്കൻ ചെറുപ്പക്കാർ.
സമ്പത്ത് കാലത്ത് ഞങ്ങൾ അടിപൊളിയായി കല്യാണങ്ങൾ നടത്തി, സൽക്കാരങ്ങൾ അങ്ങേയറ്റം വിഭവസമൃദ്ധമായിരുന്നു. ഇന്നിപ്പോ സമ്പാദ്യങ്ങൾ കുറയുകയും ചെലവുകൾ കൂടുകയും ചെയ്തപ്പോൾ ആഡംബരങ്ങൾ കുറച്ച് മിനിമം ബജറ്റിൽ വിവാഹങ്ങൾ നടത്താൻ ജനങ്ങൾ നിർബന്ധിതരായെന്ന് ‘വെഡ്ഡിംഗ് റിപ്പോർട്ട്’ എന്ന റിസർച്ച് സ്ഥാപനത്തിൻ്റെ സിഇഒ ഷെയിൻ മക്മറെ പറയുന്നു. കല്യാണ ചെലവുകൾ താങ്ങാൻ പറ്റാത്തതുകൊണ്ട് പുതിയ തലമുറയിലെ ചെറുപ്പക്കാർ വിവാഹം നീട്ടിവെക്കുകയാണ്. സാമ്പത്തിക സുരക്ഷിതത്വം നേടിയിട്ട് മതി കല്യാണം എന്ന നിലപാടിലാണ് പുതിയ തലമുറ എന്നാണ് വെഡ്ഡിംഗ് റിപ്പോർട്ടിൻ്റെ കണ്ടെത്തൽ. 2020നു ശേഷം വിവാഹ ചെലവുകളിൽ ഗണ്യമായ വർദ്ധനയുണ്ടായി.
ചെലവ് ചുരുക്കലിൻ്റെ ഭാഗമായി വിവാഹവേദി പൂക്കൾകൊണ്ട് അലങ്കരിക്കുന്നതിന് പകരം കടലാസ് പൂക്കളാണ് മിക്കവരും വെക്കുന്നത്. “വിവാഹത്തിനായുള്ള ഒരുക്കങ്ങൾ 2020 മുതൽ തുടങ്ങിയെങ്കിലും 2023ലാണ് ചടങ്ങ് നടന്നത്. പതിനായിരം ഡോളറിൽ സകല ചെലവുകളും ഒതുക്കണമെന്ന് വിചാരിച്ചെങ്കിലും അവസാനം 26,000 ഡോളർ ചെലവഴിക്കേണ്ടി വന്നു. വർഷമൊന്നു കഴിഞ്ഞിട്ടും അതിൻ്റെ ക്ഷീണത്തിൽ നിന്ന് കരകയറാൻ കഴിഞ്ഞിട്ടില്ല” സോഫ്റ്റ് വെയർ ഡവലപ്പെറായ എറിൻ ലാൻസ്റ്റർ പറയുന്നു.
പണപ്പെരുപ്പം കൂടിയതോടെ ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ വേതനവും കൂടി. മണിക്കൂറിന് 50 ഡോളർ നൽകിയിരുന്ന ഫോട്ടോഗ്രാഫർമാർക്ക് ഇപ്പോൾ 200 ഡോളറാണ് നൽകുന്നതെന്ന് വെഡ്ഡിംഗ് ഫോട്ടോഗ്രാഫി ബിസിനസ് നടത്തുന്ന ക്രിസ്റ്റഫർ ടോഡ് പറഞ്ഞു. വർഷത്തിൽ 60 മുതൽ 100 വരെ കല്യാണ ചടങ്ങുകൾക്ക് ഫോട്ടോ എടുത്തിരുന്ന തനിക്കിപ്പോൾ 10-15 ഓർഡറുകളാണ് കിട്ടുന്നതെന്ന് ടോഡ് പറഞ്ഞു.
വായ്പ എടുത്തും കടംവാങ്ങിയും കല്യാണം നടത്തുന്നതിനോട് യുവാക്കൾ യോജിക്കുന്നില്ല. കല്യാണം നടത്തിയില്ലെങ്കിലും വേണ്ടില്ല, കടമെടുത്ത് കല്യാണം നടത്തുന്നില്ല എന്ന നിലപാടിലാണ് ബഹുഭൂരിപക്ഷവും. ശരാശരി 200 അതിഥികൾ പങ്കെടുത്തിരുന്ന ചടങ്ങുകൾ ഇപ്പോൾ പരമാവധി 20 മുതൽ 30 പേരെ വിളിച്ച് പേരിനൊരു സദ്യ ഒരുക്കി തീർക്കുകയാണ് പതിവ്. ഭാരിച്ച കല്യാണ ചെലവുകൾ താങ്ങാനാവുന്നില്ല എന്നാണ് അമേരിക്കൻ പൊതുസമൂഹം പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here