അമേഠി, റായ്ബറേലി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍ എന്ന് ജയറാം രമേശ്; സന്നദ്ധത അറിയിക്കാതെ രാഹുലും പ്രിയങ്കയും; കോണ്‍ഗ്രസ് വിഷമവൃത്തത്തില്‍

ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപനം വരുമെന്നും പ്രചരിക്കുന്നതെല്ലാം വ്യാജമായ കാര്യങ്ങളാണെന്നും ജയറാം രമേശ് പറഞ്ഞു.

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാൻ കോണ്‍ഗ്രസിന് ഭയമില്ല. സ്മൃതി ഇറാനി അമേഠിയിൽ സിറ്റിങ് എംപിയായതിനാലാണ് പ്രചാരണം നടത്തുന്നത് . രാഹുലും പ്രിയങ്കയും രാജ്യവ്യാപകമായി പ്രചാരണം നടത്തുകയാണ്. പ്രഖ്യാപനം വൈകുന്നുവെന്നതില്‍ അടിസ്ഥാനമില്ല. മാധ്യമങ്ങള്‍ നിശ്ചയിക്കുന്ന സമയത്ത് പ്രഖ്യാപിക്കാനാകില്ലെന്നും ജയറാം രമേശ് പറഞ്ഞു.

കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോഴും അമേഠിയിലേയും റായ്ബറേലിയിലേയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും ചര്‍ച്ച പുരോഗമിക്കുകയാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

2004 മുതല്‍ സോണിയ ഗാന്ധിയാണ് റായ്ബറേലിയില്‍ നിന്ന് വിജയിക്കുന്നത്. അനാരോഗ്യം കാരണം ഇത്തവണ സോണിയ മത്സരരംഗത്ത് ഇല്ല. പകരം പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്നാണ് സൂചന. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ പേര് അമേഠിയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. റായ്ബറേലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരെന്നറിഞ്ഞ ശേഷം റായ്ബറേലിയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് ബിജെപി നീക്കം.

2019ല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ഞെട്ടിക്കുന്ന രീതിയില്‍ പരാജയപ്പെട്ടിരുന്നു. വയനാട്ടില്‍ നിന്ന് മത്സരിച്ച് വിജയിച്ചാണ് രാഹുല്‍ ലോക്‌സഭയില്‍ എത്തിയത്. ഇത്തവണയും രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചു. മറ്റന്നാളാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അമേഠി, റായ്ബറേലി സീറ്റുകളില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് നാളെ പ്രഖ്യാപനമുണ്ടാകുമെന്ന് ജയറാം രമേശ് വ്യക്തമാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top