പാലക്കാട് അണികളെ ഇളക്കി മറിച്ച് മോദിഷോ; മുദ്രാവാക്യങ്ങള്‍ മുഴക്കി ആയിരങ്ങള്‍; കേരളത്തെ സൊമാലിയയോട് ഉപമിച്ച മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

പാലക്കാട്: കനത്ത പാലക്കാടന്‍ ചൂടിലും അണികളെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോ. ഇരുവശത്തുമായി അണിനിരന്ന ആയിരത്തിലധികം പ്രവര്‍ത്തകരാണ് പുഷ്പവൃഷ്ടിയോടെ മോദിയെ സ്വീകരിച്ചത്. 39 ഡിഗ്രി സെല്‍ഷ്യസ് ചൂടിലും ആവേശത്തോടെ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു വരവേല്‍പ്പ്. അരലക്ഷത്തോളം പ്രവര്‍ത്തകരെത്തിയെന്നാണ് ബിജെപിയുടെ അവകാശവാദം.
അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് വരെ ഒരു കിലോമീറ്ററോളം മോദി തുറന്ന വാഹനത്തില്‍ സഞ്ചരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍, മലപ്പുറം സ്ഥാനാര്‍ത്ഥി നിവേദിതാ സുബ്രഹ്‌മണ്യന്‍ എന്നിവരും മോദിക്കൊപ്പം റോഡ്‌ഷോയില്‍ പങ്കെടുത്തു. റോഡ് ഷോ പൂര്‍ത്തിയാക്കി മോദി തമിഴ്‌നാട്ടിലേക്ക് പോയി.
അതേസമയം കേരളത്തിലും തമിഴ്‌നാട്ടിലും സന്ദര്‍ശനം നടത്തുന്ന മോദി ചില ചോദ്യങ്ങള്‍ക്ക് നിര്‍ബന്ധമായും മറുപടി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു. കേരളത്തെ സൊമാലിയയോട് ഉപമിച്ച മോദി കേരള ജനതയോട് മാപ്പ് പറയുമോ എന്ന് അദ്ദേഹം എക്‌സില്‍ ചോദിച്ചു.

വികസനത്തില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനമാണ് കേരളം. ഇപ്പോഴെങ്കിലും മലയാളികളോട് ക്ഷമ ചോദിയ്ക്കാന്‍ തയ്യാറാകുമോ എന്ന് ജയറാം രമേശ് കുറിച്ചു. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി പരിസ്ഥിതി നിയമത്തിലും വനനിയമത്തിലും മോദി ഇളവ് കൊണ്ടുവന്നതിനെയും വിമര്‍ശിച്ചുകൊണ്ടാണ് പോസ്റ്റ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here