ഡൽഹിയിൽ പ്രത്യക്ഷപ്പെട്ട സിനിമാ പോസ്റ്ററുകൾ കണ്ട് ഞെട്ടി ജനങ്ങൾ; അമിത് ഷാ പ്രധാന നടനായി ‘ചുനാവി മുസൽമാൻ’; ചിത്രം നിർമിച്ചത് ‘ലൂട്ടസ് പ്രൊഡക്ഷൻ’

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയ്യതി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ബിജെപിയും ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും (എഎപി) തമ്മിലുളള പോസ്റ്റർ യുദ്ധം കൊഴുക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് ‘ചുനാവി (Election) മുസൽമാൻ’ എന്ന് വിശേഷിപ്പിച്ച ഒരു പോസ്റ്ററാണ് ഇപ്പോൾ ഡൽഹിയിൽ ചർച്ചാ വിഷയം. ബിജെപിയുടെ ‘മുസ്ലിം വിരുദ്ധത തുറന്നുകാട്ടുന്ന ഉത്തമ ഉദാഹരണമാണ് പോസ്റ്റർ എന്നാണ് എഎപി അവകാശപ്പെടുന്നത്.


ആക്ഷേപഹാസ്യങ്ങൾ നിറഞ്ഞതും പരിഹാസം കലർന്നതുമായ പോസ്റ്ററിൽ ഷാ കാശ്മീരി കമ്പിളി തൊപ്പി ധരിച്ച് ജുമാ മസ്ജിദിൻ്റെ പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെടുന്നു. പൂര്‍ണമായും ഒരു സിനിമയുടെ പോസ്റ്റർ എന്ന പോലെയാണ് അത് തയ്യാറാക്കിയിരിക്കുന്നത്. ‘ലൂട്ടസ് പ്രൊഡക്ഷൻസ്’ (Lootus Productions) നിർമിക്കുന്ന ചിത്രത്തിലൂടെ ‘റോഹിങ്ക്യകൾ, ബംഗ്ലാദേശികള്‍, മൗലവി, മൗലാന, ഇമാം, വഖഫ് ബോർഡ്’ എന്നിവരെ അവതരിപ്പിക്കുന്നു. അമിത് ഷായാണ് സിനിമയുടെ സംവിധായകനും പ്രധാന നടനെന്നും എഎപി പരിസിക്കുന്നു.

ലൂട്ടസ് പ്രൊഡക്ഷൻസ് എന്നത് ബിജെപിയുടെ പാർട്ടി ചിഹ്നത്തെ കളിയാക്കുന്നതാണ്. ‘തിരഞ്ഞെടുപ്പ് സമയത്ത് മാത്രം എന്തിനാണ് ബിജെപി മുസ്ലിങ്ങളെ ഓർക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?’’ – എന്ന ചോദ്യവും അമിത് ഷായെ വ്യത്യസ്ത ഗൊറ്റപ്പിൽ അവതരിപ്പിക്കുന്ന പോസ്റ്ററിൽ ഉയർത്തുന്നു. റോഹിങ്ക്യൻ മുസ്‌ലിംകളുടെയും ബംഗ്ലാദേശികളുടെയും നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് ഇരു പാർട്ടികളും തർക്കം നിലനിൽക്കെയാണ് പോസ്റ്ററിലൂടെ എഎപിയുടെ മറുപടി.

രോഹിങ്ക്യൻ അഭയാർഥികളെ ഡൽഹിയിൽ പാർപ്പിക്കുന്നത് ബിജെപിയാണെന്നാണ് എഎപിയുടെ ആരോപണം. ബിജെപി ഇത് നിഷേധിക്കുകയും അനധികൃത റോഹിങ്ക്യകൾക്കും ബംഗ്ലാദേശികൾക്കും ഔദ്യോഗിക രേഖകൾ നൽകി സ്ഥിരതാമസക്കാരാക്കാൻ എഎപി സഹായിച്ചെന്നെ പ്രത്യാരോപണവും ഉയർത്തി. ഇവരെ തിരഞ്ഞെടുപ്പിൽ വോട്ടു ബാങ്കായി എഎപി ഉപയോഗിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തിയിരുന്നു.


ഡൽഹി തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേത്ര പൂജാരിമാർക്കും ഗുരുദ്വാര പുരോഹിതൻ മാർക്ക് പ്രതിമാസം 18,000 രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത അരവിന്ദ് കേജ്‌രിവാളിനെ ‘ചുനാവി (Election) ഹിന്ദു’ എന്ന് വിളിച്ച് ബിജെപി പോസ്റ്റർ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് എഎപിയുടെ ആക്രമണം. പ്രിയദർശൻ സംവിധാനം ചെയ്ത ‘ഭൂൽ ഭുലയ്യാ’ എന്ന ഹിന്ദി ചിത്രത്തിലെ നടൻ രാജ്‌പാൽ യാദവിൻ്റെ കഥാപാത്രത്തിന് സമാനമായി, രുദ്രാക്ഷമാലകളും കഷായവും ധരിച്ച് പുരോഹിതനെപ്പോലെയുള്ള ഗെറ്റപ്പിലായിരുന്നു കേജ്‌രിവാളിനെ പോസ്റ്ററിൽ ചിത്രീകരിച്ചിരുന്നത്. ക്ഷേമ പദ്ധതികളിലൂടെ ഡൽഹിയിലെ സ്ത്രീകളെയും പ്രായമായവരെയും കബളിപ്പിക്കുകയാണെന്ന് ആരോപിച്ച് ‘ചലിയ നാഗ് ‘ (വഞ്ചകനായ പാമ്പ് എന്ന വിശേഷണവും മുൻ ഡൽഹി മുഖ്യമന്ത്രിക്ക് ബിജെപി നൽകിയിരുന്നു.

കഴിഞ്ഞയാഴ്ച ‘വോട്ടർ ലിസ്റ്റ് മി സ്‌കാം 2024’ (Voter List Me Scam 2024) എന്ന പേരിൽ കേജ്‌രിവാളിനെതിരെ ബിജെപി മറ്റൊരു പോസ്റ്റർ പുറത്തിറക്കിയിരുന്നു. ‘സ്കാം 1992: ദി ഹർഷദ് മേത്ത സ്റ്റോറി’  (Scam 1992: The Harshad Mehta Story) എന്ന ജനപ്രിയ വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പോസ്റ്റർ തയ്യാറാക്കിയിരുന്നത്. ഡൽഹിയിലെ വോട്ടർ പട്ടികയിൽ ആം ആദ്മി പാർട്ടി കൃത്രിമം കാണിച്ചെന്നാണ് ഇതിലൂടെ ബിജെപി ആരോപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top