മണിപ്പൂർ കൈവിട്ട നിലയിലേക്ക്… തിരഞ്ഞെടുപ്പ് പ്രചരണം റദ്ദാക്കി അമിത് ഷാ ഡൽഹിക്ക്
മണിപ്പൂരിൽ സംഘർഷാവസ്ഥയും ജനങ്ങളുടെ പ്രതിഷേധവും തുടരുന്ന പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ നടത്താനിരുന്ന തിരഞ്ഞെടുപ്പ് റാലികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റദ്ദാക്കി. ഇംഫാൽ താഴ്‌വരയിൽ സ്ഥിതിഗതികൾ വഷളായതിനെ തുടർന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പരിപാടികളെല്ലാം ഒഴിവാക്കുന്നത് എന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
മണിപ്പൂരിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ആഭ്യന്തരമന്ത്രി ഡൽഹിയിൽ ഉന്നത ഉദ്യോഗസ്ഥരുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിയുടെ റാലികൾ റദ്ദാക്കിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ അധികൃതർ നൽകിയിട്ടില്ല. മണിപ്പൂരിലെ അസ്ഥിരമായ സാഹചര്യമാണ് കാരണമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.
കുക്കി കലാപകാരികൾ ബന്ധികളാക്കിയ മെയ്തേയ് വിഭാഗത്തിലെ മൂന്ന് സ്ത്രീകളുടേയും കുട്ടികളുടേയും മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് മണിപ്പൂർ വീണ്ടും അശാന്തിയിലേക്ക് നീങ്ങിയത്. എട്ടു വയസുള്ള കുട്ടിയുടെ ഉൾപ്പെടെ മൃതദേഹങ്ങൾ ബരാക് നദിയിൽ നിന്നുമാണ് ലഭിച്ചത്. പിന്നാലെ കലാപകാരികൾക്ക് എതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് മെയ്തേയ് വിഭാഗക്കാർ തെരുവിൽ ഇറങ്ങുകയായിരുന്നു.
മുഖ്യമന്ത്രി ബീരേൻ സിംഗിൻ്റെ ഉൾപ്പെടെ നാല് സംസ്ഥാന മന്ത്രിമാരുടെ വീട്ടിലേക്ക് പ്രതിഷേധക്കാർ ഇരച്ചു കയറി അക്രമം നടത്തിയിരുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജൻ സിംഗ്, പൊതുവിതരണ മന്ത്രി എൽ സുശീന്ദ്രോ സിംഗ് പിഡബ്ല്യുഡി മന്ത്രി ഗോവിന്ദാസ് കോന്തൗജ് എന്നിവരുടെ വസതികളിലേക്കും പ്രതിഷേധക്കാർ എത്തി. ഇംഫാൽ ഈസ്റ്റിലുള്ള മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻ്റെ വീട്ടിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറാൻ ശ്രമിച്ചെങ്കിലും പോലീസ് തടയുകയായിരുന്നു.
Also Read: മണിപ്പൂരിൽ 11 കുക്കി വിഭാഗക്കാരെ വെടിവച്ചു കൊന്നു; പോലീസ് സ്റ്റേഷൻ ആക്രമിച്ച് കലാപകാരികൾ
മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് 100-200 മീറ്റർ മാത്രം അകലെവച്ച് പ്രക്ഷോഭകരെ പോലീസ് നേരിട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതക ഷെല്ലുകളും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. തുടർന്നും പിരിഞ്ഞു പോകാൻ കൂട്ടാക്കാതെ പ്രതിഷേധക്കാർ സിംഗിൻ്റെ വീട്ടിലേക്കുള്ള റോഡുകളിൽ ഗതാഗതം തടയുകയും ടയറുകൾ കത്തിക്കുകയും ചെയ്തു. റോഡിന് കുറുകേ ഇരുമ്പ് ദണ്ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ബിരേൻ സിംഗിൻ്റെ മരുമകൻ ആർകെ ഇമോയുടെയടക്കം അഞ്ച് എംഎൽഎമാരുടെ വീടുകളും ആൾക്കൂട്ടം ആക്രമിച്ചു. ബിജെപി എംഎൽഎമാരായ രാധേശ്യാം, പവോനം ബ്രോജൻ, കോൺഗ്രസ് എംഎൽഎ ലോകേശ്വർ എന്നിവരുടെ വീടുകൾ പ്രതിഷേധക്കാർ കത്തിച്ചു. ഈ സമയത്ത് നിയമസഭാംഗങ്ങളുടെ ബന്ധുക്കൾ അവിടെ ഉണ്ടായിരുന്നില്ലെന്നും വീടുകൾ ഭാഗികമായി കത്തിനശിച്ചതായും പോലീസ് പറഞ്ഞു. 24 മണിക്കൂറിനകം കലാപകാരികളെ അടിച്ചമർത്തി സ്ത്രീകളെയും കുട്ടികളെയും കൊന്നവരെ അറസ്റ്റ് ചെയ്യണമെന്നാണ് മെയ്തേയ് വിഭാഗക്കാർ സംസ്ഥാന സർക്കാരിന് നൽകിയിരിക്കുന്ന അന്ത്യശാസനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here