ഉദ്ഘാടനത്തിന് അമിത്ഷാ എത്തിയില്ലെങ്കിലും ബിജെപി സംസ്ഥാന ഓഫീസിൽ പാലുകാച്ചും, അമർഷം ഉള്ളിലൊതുക്കി സദ്യയുമൊരുക്കും, സ്ഥാനാർത്ഥികളുടെ പരിഗണനാ പട്ടിക മാധ്യമ സിൻഡിക്കറ്റിന്
തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടനത്തിന് കേന്ദ്ര മന്ത്രി അമിത് ഷാ 13ന് എത്തിയില്ലെങ്കിലും മന്ദിരത്തിൽ പാലുകാച്ചി ചടങ്ങ് സംഘടിപ്പിക്കും. നിര്‍മ്മാണം പൂര്‍ത്തിയാകാത്ത മന്ദിരം ഉദ്ഘാടനം ചെയ്യാനാവില്ലെന്ന കേന്ദ്ര നേതൃത്യത്തിൻ്റെ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് അമിത് ഷായുടെ വരവ് മാറ്റിയത്.
തിരുവനന്തപുരം തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലാണ് ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിന്റെ നിര്‍മ്മാണം നടക്കുന്നത്. മുമ്പ് മാരാര്‍ജി ഭവന്‍ ഇരുന്നിടത്താണ് കൊട്ടാരസദൃശമായ പുതിയ ഓഫീസ് ഉയരുന്നത്. ഈ കെട്ടിടം 13ന് മുമ്പ് പൂര്‍ണ്ണമായും പൂര്‍ത്തിയാകില്ലെന്ന് ഉന്നത നേതാവ് മാധ്യമ സിൻഡിക്കറ്റിനോട് വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ പ്രതീകാത്മക ഉദ്ഘാടനം നടത്താനായിരുന്നു കേരള നേതാക്കളുടെ തീരുമാനം. ഇതിൻ്റെ ആവശ്യമില്ലെന്ന് കണക്കാക്കിയാണ് അമിത് ഷായുടെ വരവ് പ്രധാനമായും റദ്ദാക്കുന്നത്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയില്‍ വ്യക്തത വരാത്തതും മറ്റൊരു കാരണമാണ്.
കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കാനാണ് അമിത് ഷായ്ക്ക് താല്‍പ്പര്യം. എന്നാല്‍ നിര്‍മലയ്ക്ക് മത്സരിക്കാന്‍ താല്‍പ്പര്യക്കുറവുണ്ട്. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിയില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഐഎസ്ആർഒയിലെ പ്രമുഖ ശാസ്ത്രഞ്ജനും സജീവ പരിഗണനയിലാണ്. തിരുവനന്തപുരത്ത് അമിത് ഷാ എത്തുമ്പോള്‍ സ്ഥാനാര്‍ത്ഥിയില്‍ പൊതുചിത്രമുണ്ടാകുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു. അവ്യക്തത മാറാത്തതു കൊണ്ട് തല്‍കാലം തിരുവനന്തപുരത്തെ ബിജെപി പദയാത്ര നീട്ടിവയ്ക്കുകയാണ്. ഇതിനൊപ്പമാണ് സംസ്ഥാന സമിതി ഓഫീസ് നിര്‍മ്മാണം പൂര്‍ത്തിയായില്ലെന്ന വസ്തുത അമിത് ഷാ തിരിച്ചറിഞ്ഞതും. പ്രതീകാത്മക ഉദ്ഘാടനത്തോട് ആഭ്യന്തരമന്ത്രിക്ക് താല്‍പ്പര്യമില്ല.
തിരുവനന്തപുരത്തെ പദയാത്ര മാറ്റുമ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ്റെ പ്രചാരണ പരിപാടിയിലും മാറ്റങ്ങളുണ്ടാകും. തിരുവനന്തപുരത്ത് പ്രധാനമന്ത്രിയോ അമിത് ഷായോ എത്തുമെന്ന് തന്നെയാണ് ബിജെപി കേന്ദ്രങ്ങള്‍ ഇപ്പോഴും പറയുന്നത്. അമ്പരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നും വിശദീകരിക്കുന്നു. കേരളത്തിലെ ഓരോ മണ്ഡലങ്ങളില്‍ മൂന്നപേരെ വീതം ഉൾപ്പെടുത്തിയുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക സംസ്ഥാന നേതൃത്വം തയ്യാറാക്കുന്നുണ്ട്. വയനാട്ടില്‍ വീണ്ടും രാഹുല്‍ ഗാന്ധി മത്സരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്രനേതാക്കളെ ഇറക്കാനുള്ള നീക്കം അണിയറയിൽ ശക്തമാണ്. നിലവില്‍ വയനാട് സീറ്റ് ബിഡിജെഎസിനാണ്. ഈ സീറ്റ് ബിജെപി ഏറ്റെടുത്ത് കേന്ദ്ര നേതാക്കളെ നിർത്താനാണ് ആലോചന. ശോഭ സുരേന്ദ്രന്‍, പി.കെ.കൃഷ്ണദാസ് എന്നീ നേതാക്കളുടെ പേരും ഒപ്പമുണ്ട്.
കേരളത്തിൽ 20 സീറ്റുകളില്‍ ആറെണ്ണമാണ് ബിജെപി ലക്ഷ്യമിടുന്നത്. തൃശൂരില്‍ സുരേഷ് ഗോപിയുടെ സീറ്റ് ഉറപ്പിച്ചതാണ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അദ്ദേഹം നേരത്തെ തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ബിജെപി ലക്ഷ്യംവയ്ക്കുന്ന മറ്റൊരു സീറ്റ് തിരുവനന്തപുരമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കുമ്മനം രാജശേഖരന് മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടി രണ്ടാം സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നു. അതിന് മുമ്പ് രാജഗോപാലിനും രണ്ടാംസ്ഥാനം കിട്ടി. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പേര് ഉയര്‍ന്നു നിൽക്കുന്നു. മണ്ഡലത്തില്‍ മുരളീധരന്‍ സജീവമാണ്, പക്ഷേ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിചിത്രം തീർത്തും അവ്യക്തവുമാണ്.
കോഴിക്കോട്ട് എം.ടി രമേശിനും ശോഭ സുരേന്ദ്രനും ഒരു പോലെ സാദ്ധ്യതയുണ്ട്. കാസര്‍കോട്ട് പ്രകാശ് ബാബു, പി.കെ.കൃഷ്ണദാസ്, രവീശ് തന്ത്രി എന്നിവര്‍ ഒപ്പത്തിനൊപ്പം നിൽക്കുന്നു. കണ്ണൂരില്‍ പ്രഫൂല്‍ കൃഷ്ണനും കെ.രഞ്ജിത്തും പരിഗണനയിലുണ്ട്. എറണാകുളത്തും കോട്ടയത്തും അനില്‍ ആന്റണിയുടെ പേരാണ്. പത്തനംതിട്ടയില്‍ പി.സി ജോര്‍ജും. ഇടുക്കി, ആലപ്പുഴ, മാവേലിക്കര, കോട്ടയം എന്നീ മണ്ഡലങ്ങള്‍ ബിഡിജെഎസിന് കൈമാറും. തുഷാറിനെ ആലപ്പുഴയില്‍ ഇറക്കി കടുത്ത മത്സരം കാഴ്ചവയ്ക്കാനാണ് ബിജെപിക്ക് താല്‍പ്പര്യം. എന്നാല്‍ കോട്ടയം സീറ്റാണ് തുഷാറിന് നോട്ടം.