ഇലക്ടറല്‍ ബോണ്ട് രാഷ്ട്രീയത്തിലെ കള്ളപ്പണം ഇല്ലാതാക്കും; റദ്ദാക്കുകയല്ല മെച്ചപ്പെടുത്തുകയാണ് വേണ്ടത്; വ്യക്തിപരമായ അഭിപ്രായം പറഞ്ഞ് അമിത് ഷാ

ഡല്‍ഹി : ഇലക്ടറല്‍ ബോണ്ട് റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്താനുളള നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തികച്ചും വ്യക്തിപരമായ അഭിപ്രായം എന്ന വിശദീകരണത്തോടെയാണ് സുപ്രീം കോടതി നടപടിക്കെതിരെ അമിത് ഷാ സംസാരിച്ചത്. രാഷ്ട്രീയ രംഗത്തെ കള്ളപ്പണം ഇല്ലാതാക്കാനാണ് ഇലക്ടറല്‍ ബോണ്ട് നടപ്പാക്കിയത്. ഇത് ഫലം കണ്ടു എന്ന തന്നെയാണ് വിശ്വാസം. ഇപ്പോള്‍ കള്ളപ്പണം തിരികെ വരുമെന്ന ആശങ്ക ഉണ്ടെന്നും അമിത് ഷാ പറഞ്ഞു.
ഇടക്ടറല്‍ ബോണ്ടിലൂടെ 6000 കോടി ബിജെപിക്ക് കിട്ടിയപ്പോള്‍ 14,000 കോടി കിട്ടിയത് മറ്റ് പാര്‍ട്ടികള്‍ക്കാണ്. പ്രാദേശിക പാര്‍ട്ടികള്‍ക്കു പോലും വലിയ തുക ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്തു വന്നത് പണം നല്‍കിയവരുടെ വിവരങ്ങള്‍ മാത്രമാണ്. ഏതൊക്കെ പാര്‍ട്ടികള്‍ക്ക് പണം ലഭിച്ചിട്ടുണ്ടെന്ന വിവിരം കൂടി പുറത്തു വരുമ്പോള്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നവര്‍ തന്നെ പ്രതി സ്ഥാനത്ത് വരും. യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസിന് കോടികളുടെ കള്ളപ്പണം വിവിധ കമ്പനികളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും അമിത് ഷാ ആരോപിച്ചു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ നിലപാട് വ്യക്തമാക്കല്‍.
കഴിഞ്ഞ ദിവസമാണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടത്. 2019 മുതലുളള വിവരങ്ങളാണ് പുറത്തു വന്നത്. ഇതില്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെങ്കിലും ഏത് പാര്‍ട്ടിക്കാണ് പണം ലഭിച്ചതെന്നതില്‍ പൂര്‍ണ്ണവിവരം ലഭ്യമായിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here