മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകും; 75 വയസാകുന്നതില്‍ സന്തോഷിക്കേണ്ടതില്ല; കാലാവധി പൂര്‍ത്തിയാക്കും; കേജ്‌രിവാളിന് മറുപടിയുമായി അമിത് ഷാ
ഹൈദരാബാദ്: പ്രധാനമന്ത്രിയെക്കുറിച്ചുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. “മോദി പ്രധാനമന്ത്രിയായി മൂന്നാം തവണയും കാലാവധി പൂർത്തിയാക്കും. മോദിജിക്ക് 75 വയസ് തികയുന്നതിൽ കേജ്‌രിവാളും ഇന്ത്യാ സഖ്യവും സന്തോഷിക്കേണ്ടതില്ല. മോദിക്ക് പ്രധാനമന്ത്രിയായി തുടരാൻ കഴിയില്ലെന്ന് ബിജെപി ഭരണഘടനയിൽ എഴുതിയിട്ടില്ല. മോദിജി വീണ്ടും പ്രധാനമന്ത്രിയാവുകയും കാലാവധി പൂർത്തിയാക്കുകയും ചെയ്യും.” – അമിത് ഷാ പറഞ്ഞു. തെലങ്കാനയിൽ തിരഞ്ഞെടുപ്പ് റാലിയിലാണ് ഷായുടെ പ്രതികരണം.
മോദിവീണ്ടും പ്രധാനമന്ത്രിയായാൽ അടുത്ത വർഷം അദ്ദേഹം സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കുമെന്നും പകരം അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നുമായിരുന്നു കേജ്‌രിവാള്‍ പറഞ്ഞത്. ‘‘ജനങ്ങൾ ഇന്ത്യാ സഖ്യത്തോട് ചോദിക്കുന്നത്, ആരാണ് ഞങ്ങളുടെ പ്രധാനമന്ത്രിയെന്ന്. ഞാൻ ബിജെപിയോട് ചോദിക്കുന്നു ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി? ഈ സെപ്റ്റംബർ 17ന് മോദിക്ക് 75 വയസ്സ് തികയുകയാണ്.”
“75 വയസ്സായാൽ പാർട്ടിയിലെ നേതാക്കൾ വിരമിക്കണമെന്നാണ് മോദിയുടെ ചട്ടം. അമിത് ഷായ്ക്ക് വേണ്ടിയാണ് മോദി വോട്ട് ചോദിക്കുന്നത്. മോദിയുടെ ഗ്യാരന്റി അമിത് ഷാ നടപ്പാക്കുമോ?’’– കേജ്‌രിവാൾ ചോദിച്ചു. ഇതിനുള്ള മറുപടിയാണ് അമിത് ഷാ നല്‍കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here