തീവ്രവാദക്കേസ് പ്രതികൾ രാജ്യംവിട്ടാലും പിടിവീഴും; ഏത് ക്രിമിനൽകേസും മൂന്നുവർഷം കൊണ്ട് തീർക്കുമെന്ന് അമിത്ഷായുടെ ഉറപ്പ്

ഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാനിയമവും ക്രിമിനല്‍ നടപടിച്ചട്ടവും തെളിവുനിയമവും അടിമുടി മാറുന്നതോടെ ലോകത്തിലെ അത്യാധുനിക നീതിന്യായ വ്യവസ്ഥയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നീതി നേടിയെടുക്കാനുള്ള കാലതാമസം ആയിരുന്നു ഇതുവരെ ജനങ്ങള്‍ക്ക് കിട്ടിയിരുന്ന വലിയ ശിക്ഷ. എന്നാല്‍ മാറുന്ന സാഹചര്യത്തിൽ ഏത് കേസിലും മൂന്ന് വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയാകും. ഇരയുടെ പക്ഷത്ത് നിൽക്കുന്ന നിയമങ്ങളാകും ഇനി വരുന്നത്. ഭരണഘടനയുടെ അന്തസത്ത പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് കൊണ്ടാകും ഈ പരിഷ്കരണങ്ങളെന്നും ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിൽ അമിത് ഷാ വിശദീകരിച്ചു.
നവീകരിച്ച മൂന്ന് നിയമങ്ങളും ആരെയും ശിക്ഷിക്കാനല്ല, മറിച്ച് എല്ലാവര്‍ക്കും നീതി ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 158 മീറ്റിംഗുകളിൽ നടന്ന വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയമം എന്നീ മൂന്ന് നിയമങ്ങള്‍ കൊണ്ടുവന്നത്. ഇത് നിലവില്‍ വരുന്നതോടെ രാജ്യത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്താൽ, മൂന്ന് വർഷത്തിനുള്ളിൽ നീതി നടപ്പാകുമെന്ന് അമിത് ഷാ ഉറപ്പുനല്‍കി.
പുതിയ നിയമങ്ങള്‍ ഇരയ്ക്കും കുറ്റവാളിക്കും തുല്യ പരിഗണനയാണ് നല്‍കുന്നത്. ആദ്യമായി ഒരു കേസില്‍ പ്രതിയാകുകയോ ചെറിയ കേസുകളില്‍ ഉള്‍പ്പെടുകയോ ചെയ്യുന്നവർ ഉടനെ ജയിലിൽ പോകേണ്ടിവരില്ല. ആറ് കുറ്റകൃത്യങ്ങൾ വരെ അവർക്ക് പരിരക്ഷയുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള പ്രതികളുടെ വിവരങ്ങള്‍ അടങ്ങുന്ന രജിസ്റ്റര്‍ ഓണ്‍ലൈന്‍ വഴി പൊതുജനങ്ങള്‍ക്ക് ശേഖരിക്കാനുള്ള സൗകര്യം എല്ലാ പോലീസ് സ്റ്റേഷനിലും നിര്‍ബന്ധമായി ഉണ്ടാകും. കേസുകളിലെ തെളിവെടുപ്പിന്റെ സമയത്ത് രണ്ട് നിഷ്പക്ഷ സാക്ഷികളുടെ സാന്നിധ്യം ഉണ്ടാകും. മുഴുവന്‍ പ്രക്രിയകളും നിര്‍ബന്ധമായും വീഡിയോയിൽ പകര്‍ത്തി കോടതിയില്‍ സമർപ്പിക്കും. ഇതുവഴി ഏതെങ്കിലും തരത്തിൽ കൃത്രിമം നടക്കാനുള്ള സാധ്യത ഒഴിവാക്കാനാകും.
ലൈംഗികാതിക്രമ കേസുകളിൽ ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നിർബന്ധമായും സമർപ്പിക്കേണ്ടിവരും എന്നതാകും ഏറ്റവും പ്രധാന കാര്യം. അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും. ക്രിമിനൽ കേസുകളിൽ വാദം പൂർത്തിയായി 45 ദിവസത്തിനകം വിധി വരണം. ആൾക്കൂട്ട ആക്രമണങ്ങളെ കൃത്യമായി നിർവചിച്ച് ശിക്ഷ ഉറപ്പാക്കും. തീവ്രവാദക്കേസുകളിലെ പ്രതികൾ രാജ്യംവിട്ട് പോയതുകൊണ്ട് മാത്രം നടപടികൾ തീരില്ല, വിചാരണ മുടങ്ങുകയുമില്ല. വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചാൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും. വിദേശത്ത് നിന്ന് പിടികൂടികൊണ്ടുവരാനുള്ള നടപടികൾ ഊർജിതമാക്കുകയും ചെയ്യും.
മാറ്റങ്ങൾ എന്നുമുതൽ പ്രാബല്യത്തിലാകുമെന്ന് കൃത്യമായി പറയാനാകില്ല. എന്നാൽ ഫെബ്രുവരിക്കപ്പുറം പോകാൻ അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here