തെന്നിന്ത്യന്‍ സിനിമ ബോളിവുഡിനെക്കാള്‍ മികച്ചതാണെന്ന് പറയുന്നത് ശരിയല്ല: അമിതാഭ് ബച്ചന്‍

മലയാളം, തമിഴ് സിനിമയുടെ ആധികാരികതയെ അംഗീകരിക്കുന്നു എങ്കിലും, ദക്ഷിണേന്ത്യന്‍ സിനികള്‍ ഹിന്ദി സിനിമാ വ്യവസായത്തെക്കാള്‍ മികച്ചതാണെന്ന് പറയുന്നത് ശരിയല്ലെന്ന് അമിതാഭ് ബച്ചന്‍. ഭാര്യ ജയാ ബച്ചനൊപ്പം പൂനെയിലെ സിംബയോസിസ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പ്രാദേശിക സിനിമകള്‍ മികച്ച പ്രകടനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍ അവരോട് സംസാരിക്കുമ്പോള്‍ പറയുന്നത് നമ്മള്‍ ഹിന്ദിയില്‍ ചെയ്യുന്ന തരത്തിലുള്ള സിനിമകളാണ് അവര്‍ പ്രാദേശിക ഭാഷയില്‍ ചെയ്യുന്നത് എന്നാണ്. വസ്ത്രവും രീതികളും മാറ്റി അതിനെ കുറച്ചുകൂടി ഭംഗിയാക്കുന്നു എന്നു മാത്രം.”
“ഞാന്‍ പരിചയപ്പെട്ട പലരും പറഞ്ഞു, ‘ഞങ്ങള്‍ നിങ്ങളുടെ പഴയ സിനിമകള്‍ റീമേക്ക് ചെയ്യുകയാണ്. ഞങ്ങളുടെ എല്ലാ കഥകളിലും എവിടെയോ ‘ദീവാര്‍’, ‘ശക്തി’, ‘ഷോലെ’ തുടങ്ങിയ സിനിമകള്‍ ഉണ്ട്. മലയാളവും ചില തമിഴ് സിനിമകളും ആധികാരികവും സൗന്ദര്യാത്മകവുമാണ്. പക്ഷെ ഒരു പ്രത്യേക പ്രദേശത്തേക്ക് വിരല്‍ ചൂണ്ടി അവര്‍ നമ്മളേക്കാള്‍ മികച്ചവരാണ് എന്ന് പറയുന്നത് ശരിയല്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ ധാര്‍മ്മിക മൂല്യങ്ങളിലെ മാറ്റത്തിന് സിനിമാ വ്യവസായമാണ് ഉത്തരവാദി എന്ന് പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും സത്യത്തില്‍ സമൂഹം സിനിമയെയാണ് സ്വാധീനിക്കുന്നതെന്ന് ബച്ചന്‍ പറഞ്ഞു. ലോകത്ത് നിത്യജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും അനുഭവങ്ങളുമാണ് സിനിമകള്‍ക്ക് പ്രചോദനമാകുന്നതെന്നും ബച്ചന്‍ ചൂണ്ടിക്കാട്ടി.
സിനിമാ വിദ്യാര്‍ത്ഥികള്‍ ദയവായി പാശ്ചാത്യ ലോകത്തെ അനുകരിക്കരുതെന്നും സ്വന്തം രാജ്യത്തിന്റെ മൂല്യങ്ങളിലും സംസ്‌കാരത്തിലും ഉറച്ചുനില്‍ക്കണമെന്നുമാണ് അമിതാഭ് ബച്ചനു ശേഷം സംസാരിച്ച ജയാ ബച്ചന്‍ പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here