81ന്റെ നിറവിൽ ബിഗ് ബി; പതിവ് തെറ്റിക്കാതെ ‘ജൽസക്ക്’ മുന്നിൽ ഇക്കുറിയും

പാർവതി വിജയൻ

ബോളിവുഡിന്റെ ബിഗ് ബിയ്ക്ക് ഇന്ന് 81 ആം പിറന്നാൾ. ഇത്തവണയും പതിവ് തെറ്റിക്കാതെ പിറന്നാൾ ദിനത്തിൽ സ്വവസതിയായ ‘ജൽസക്ക്’ മുൻപിൽ ആരാധകരെ കാണാൻ ഇതിഹാസതാരം അമിതാബ് ബച്ചൻ എത്തി. പിറന്നാളിന് പുറമെ ഷൂട്ടിംഗ് ഇല്ലാത്ത എല്ലാ ഞായറാഴ്ചകളിലും ആരാധകരെ കാണാൻ വീടിനു മുന്നിൽ അദ്ദേഹം എത്തും. ആരാധകരെ കാണുന്നത് അമ്പലത്തിൽ പോകുന്ന പോലെയാണ് അത്കൊണ്ടാണ് ചെരുപ്പ് ധരിക്കാതെ വരുന്നതെന്ന് ബച്ചൻ തന്നെ പല ആവർത്തി പറഞ്ഞിട്ടുണ്ട്. 1982 മുതൽ ഈ പതിവിന് മുടക്കവുമില്ല.

ബിഗ് ബിയിലേക്ക് ഉള്ള വഴി ……

ഇന്ത്യൻ സിനിമയുടെ അതികായനായ ഈ അതുല്യ പ്രതിഭ സിനിമാ ജീവിതം തുടങ്ങുന്നത് 1969-ലാണ്. മൃണാൾ സെന്നിന്റെ ‘ഭുവൻ ഷോമിൽ’ ശബ്ദം നൽകിയാണ് തുടക്കം. ശബ്‌ദം നല്ലതല്ലെന്ന കാരണംകൊണ്ട് ആകാശവാണിയിൽ ജോലി ലഭിക്കാതിരുന്ന ബച്ചൻ അതേ ശബ്ദത്തിലൂടെയാണ് ആദ്യ കാൽവയ്പ്പ് നടത്തിയതെന്നത് ശ്രദ്ധേയമാണ്. ഖ്വാജാ അഹമ്മദ് അബ്ബാസ് സംവിധാനം ചെയ്ത ‘സാത്ത് ഹിന്ദുസ്ഥാനിയിലൂടെയാണ്’ അഭിനയരംഗത്തേക്ക് ചുവടുവക്കുന്നത്. സിനിമ വിജയം കണ്ടില്ലെങ്കിലും പുതുമുഖ നടനുള്ള 1970-ലെ ദേശീയ പുരസ്‌കാരം ബച്ചൻ സ്വന്തമാക്കി. മലയാള സിനിമയുടെ അഭിമാനമായ മാധവൻ നായർ എന്ന നടൻ മധുവും ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ‘രേഷ്മ ഓർ ഷേറ’യിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രലോകത്ത് ശ്രദ്ധേയമായത്. സലിം-ജാവേദ് കൂട്ടുകെട്ടിലെ ‘സഞ്ജീർ’ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് ‘ആംഗ്രി യങ്മാൻ’ ഇമേജിലേക്ക് ബച്ചന്റെ മുഖം മാറുന്നത്. ദീവാറിൽ ഈ പ്രതിച്ഛായ കൂടുതൽ ഉറപ്പിച്ചു. പിന്നീട് തൃശൂൽ, ശക്തി തുടങ്ങി ഒരു കാലഘട്ടത്തെ ഹിറ്റുകൾ എല്ലാം അമിതാബ് ബച്ചന്റെ പേരിലായിരുന്നു.

1975 ൽ പുറത്തിറങ്ങിയ ‘ഷോലെ’ കരിയറിലെ മികച്ച ഹിറ്റുകളിലെ ഒന്നാണ്. ധർമ്മേന്ദ്ര- ബച്ചൻ കൂട്ടുകെട്ടും സിനിമയിലെ ഗാനങ്ങളും എക്കാലവും ഇന്ത്യൻ സിനിമയുടെ ആവേശമാണ്. താരപദവിയിലേക്ക് ബച്ചൻ ഉയരുന്നത് ഇവിടെനിന്നാണ്. യഷ് ചോപ്രയുടെ ‘കബി കബി’യിലെ യുവകവിയുടെ വേഷം വീണ്ടും പ്രണയ നായകനായി അദ്ദേഹത്തെ തിരികെയെത്തിച്ചു. തുടർന്ന് വന്ന അദാലത്ത്, അമർ അക്ബർ ആന്റണി, പർവരിശ്, സിൽസില, ദോസ്താന, ശക്തി എന്നിങ്ങനെ ഹിറ്റുകളുടെ ഒരു നീണ്ട നിര തന്നെ ബിഗ് ബിയുടെ പേരിൽ എഴുതപ്പെട്ടു. അദാലത്തിൽ ആദ്യമായി ഇരട്ട വേഷത്തിലും എത്തി.

ഒരു ബ്രേക്ക്…

1984-ൽ സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേളയെടുത്ത് കുറച്ചു നാൾ രാഷ്ട്രീയത്തിലേക്ക് പോയ അദ്ദേഹം 1988 ൽ ‘ഷെഹൻഷ’ എന്ന ബോക്സ് ഓഫീസ് ഹിറ്റിലൂടെയാണ് തിരികെ എത്തിയത്. 1990-ൽ പുറത്തിറങ്ങിയ അഗ്നിപഥിലൂടെ മികച്ച നടനുള്ള ആദ്യ ദേശീയ പുരസ്‌കാരം ബച്ചനെ തേടിയെത്തി. 1996 ൽ വീണ്ടും അഭിനയത്തിൽ നിന്ന് ഒരു ഇടവേളയെടുത്ത അദ്ദേഹം അമിതാബ് ബച്ചൻ കോർപറേഷൻ ലിമിറ്റഡ് (ABCL) ആരംഭിച്ചു. 1997ൽ നിർമിച്ച മൃതിയുദാതാ എന്ന സിനിമയുടെ തകർച്ച കമ്പനിയെ കടത്തിലേക്ക് തള്ളിവിട്ടു. വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വന്ന അദ്ദേഹത്തിന്റെ ‘സൂര്യവംശം’ എന്ന ചിത്രം മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്.

വീണ്ടും മുൻനിരയിലേക്ക്…..

2000-ൽ പുറത്തുവന്ന ആദിത്യ ചോപ്ര സംവിധാനം ചെയ്ത് യഷ് ചോപ്ര നിർമിച്ച ‘മൊഹബത്തേൻ’ ശക്തമായ തിരിച്ചുവരവാണ് ബച്ചൻ ഒരുക്കിയത്. കർക്കശക്കാരനായ ‘നാരായൺ ശങ്കർ’ പ്രൗഢിയുള്ള ഒരു കാരണവരെ ബോളിവുഡിന് നൽകി. കബി ഖുഷി കബി ഗം, ബാഗ്ബൻ, വീർ-സാറാ , ആംഖേൻ, തുടങ്ങി രണ്ടായിരത്തിൽ ഹിറ്റുകളുടെ പെരുമഴയായിരുന്നു. ‘സ്റ്റാർ ഓഫ് ദി മില്ലേനിയം’ എന്ന വിളിപ്പേരു തന്നെ ബിഗ് ബിയ്ക്ക് സിനിമാലോകം നൽകി.

വ്യത്യസ്തമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാക്കാലത്തും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഭൂതനാഥ്, പാ, പികു, സർക്കാർ, ബ്ലാക്ക്, മിലി തുടങ്ങി നിരവധി സിനിമകളിൽ വേറിട്ട കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ നൽകി. 1971ൽ ആനന്ദ് എന്ന ചിത്രത്തിലെ അഭിനയത്തിന് സഹനടനുള്ള ദേശിയ പുരസ്കാരവും 1975-ലും 2005-ലും മികച്ച നടനുള്ള ദേശിയ അവാർഡും ഈ അതുല്യ പ്രതിഭയെ തേടി എത്തിയിരുന്നു. 2003ൽ സമഗ്ര സംഭാവനയ്ക്കുള്ള ‘സത്യജിത് റേ’ പുരസ്കാരവും ലഭിച്ചു.

ഹിന്ദിക്ക് പുറമെ ഹോളിവുഡിലും ബച്ചൻ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിൽ കാണ്ഡഹാറിൽ മോഹലാലിനൊപ്പവും വേഷമിട്ടു. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾക്ക് എന്നും ഒരു പ്രചോദനമാണ് അമിതാബ് ബച്ചൻ.

ക്രോർപതി….

2000-ത്തിൽ സ്റ്റാർ പ്ലസിൽ ബച്ചൻ അവതാരകനായി എത്തിയ ‘കോൻ ബനേഗാ ക്രോർപതി’ വമ്പിച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. ഇന്ത്യ ഒട്ടാകെ വൻ ഹിറ്റായ ഷോ പല ഭാഷയിലും പിന്നീട് പല നടന്മാരും അവതരിപ്പിച്ചു. 2009ൽ ‘ബിഗ് ബോസ്’ മൂന്നാം സീസണും അദ്ദേഹം അവതരിപ്പിച്ചു.

കുടുംബ ചിത്രം…

ഹിന്ദി കവി ഹരിവൻഷ് റായ് ബച്ചന്റെയും സാമൂഹിക പ്രവർത്തക തേജി ബച്ചന്റെയും മകനായി 1942 ഒക്ടോബർ 11ന് അലഹബാദിലാണ് ജനനം. നൈനിറ്റാൾ, ഡൽഹി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. നിരവധി ചിത്രങ്ങളിൽ കൂടെ അഭിനയിച്ച ജയബാദുരി എന്ന ജയാ ബച്ചനെ 1973ൽ വിവാഹം ചെയ്തു. ചലച്ചിത്ര നടനായ അഭിഷേക് ബച്ചൻ മകനും ഐശ്വര്യ റായ് ബച്ചൻ മരുമകളുമാണ്. ശ്വേതാ ബച്ചൻ നന്ദ മകളാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top