സിനിമയില്‍ പവര്‍ ഗ്രൂപ്പില്ല; കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണം; ഒടുവില്‍ പ്രതികരിച്ച് അമ്മ സംഘടന

സിനിമ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ ചൂഷണങ്ങള്‍ സംബന്ധിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ അമ്മ സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി സിദ്ധിഖ്. ഗൗരവകരമായ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുളളത്. അതിലെ കുറ്റകൃത്യങ്ങളില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സിദ്ധിഖ് ആവശ്യപ്പെട്ടു. കുറ്റവാളികളെ പുറത്തു കൊണ്ടുവരണം. അല്ലാതെ ഈ വ്യവസായത്തിന്റെ ഭാഗമായി നില്‍ക്കുന്ന എല്ലാവരേയും അടച്ച് ആക്ഷേപിക്കുന്ന തരത്തില്‍ വിമര്‍ശനം നടത്തരുതെന്നും സിദ്ധിഖ് ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ടില്‍ പ്രതികണം വൈകിയത് അമ്മയുടെ ഷോ നടക്കുന്നതിനാലാണ്. കാര്യങ്ങള്‍ വിശദമായി പഠിച്ചശേഷം പറയാം എന്നാണ് അന്നും പറഞ്ഞത്. ഇന്ന് പുലര്‍ച്ചെയാണ് ഷോയുടെ ഷൂട്ടുകള്‍ പൂര്‍ത്തിയായത്. റിപ്പോര്‍ട്ട് അമ്മക്ക് എതിരല്ല. അങ്ങനെ പല പ്രതികരണങ്ങളും വരുന്നുണ്ട്. അത് ശരിയായ നടപടിയല്ലെന്നും സിദ്ധിഖ് പറഞ്ഞു. ഒരിക്കലും കുറ്റക്കാര്‍ക്കൊപ്പം നില്‍ക്കില്ല. അവരെ പുറത്തു കൊണ്ടുവരും. അര്‍ഹമായ ശിക്ഷ ലഭിക്കണമെന്നാണ് അഭിപ്രായമെന്നും സിദ്ധിഖ് പറഞ്ഞു.
സിനിമയില്‍ പവര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ശരിയല്ല. അങ്ങനെ ഒരു സംഘത്തിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ല. അത്തരം ഒരു രീതിയുണ്ടായാല്‍ ഈ വ്യവസായം തന്നെ തകരും. വിജയത്തിന് പിന്നാലെയാണ് സിനിമ പോകുന്നത്. അല്ലാതെ മാഫിയകളുടെ നിയന്ത്രണത്തില്‍ അല്ലെന്നും സിദ്ധിഖ് പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here