തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം; 13കാരന്റെ ആരോഗ്യനില തൃപ്തികരം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ടു ചെയ്തു. തൃശൂരിലാണ് ഇന്ന് രോഗം റിപ്പോര്‍ട്ട് ചെയ്തത്. പാടൂര്‍ സ്വദേശിയായ ഏഴാം ക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ വടക്കന്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത തീവ്രസ്വഭാവത്തിലുള്ള അണുബാധയല്ല കുട്ടിയില്‍ കണ്ടെത്തിയിരിക്കുന്നത്. വെര്‍മമീബ വെര്‍മിഫോര്‍സിസ് എന്ന അണുബാധയാണ് കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പതിനാലുകാരന്റെ നിലയും മെച്ചപ്പെട്ടിട്ടുണ്ട്. നിലവില്‍ വാര്‍ഡിലാണ് കുട്ടിയെ ചികിത്സിക്കുന്നത്. ജര്‍മനിയില്‍ നിന്നെത്തിച്ചതുള്‍പ്പെടെ 5 മരുന്നുകളാണ് കുട്ടിക്ക് നല്‍കിയിരുന്നത്. ഇത് ഫലം കണ്ടെന്നാണ് സ്വകാര്യ ആശുപത്രി അറിയിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പൂര്‍ണമായും അസുഖം ഭേദമാകുമെന്നാണ് കണക്കാക്കുന്നത്.

പയ്യോളി തിക്കോടി സ്വദേശിയായ പതിനാലുകാരനാണ് ചികിത്സയിലുള്ളത്. തിക്കോടിയിലെ കാട്ടുകുളത്തില്‍ കുളിച്ച രണ്ട് കുട്ടികളാണ് ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. വേഗത്തില്‍ ചികിത്സ തേടിയതിനാല്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയാനായി. മറ്റൊരു കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു.

ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മൂന്നു കുട്ടികളാണ് വടക്കന്‍ കേരളത്തില്‍ മരിച്ചത്. ഇതോടെ അതീവ ജാഗ്രത വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുത്. സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം. സ്വിമ്മിംഗ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാന്‍ സഹായകമാകും. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top