യുവതികള്‍ക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താനാകുന്നില്ല; അമീബിക് മസ്തിഷ്‌കജ്വരത്തില്‍ ആശങ്ക
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച രണ്ട് യുവതികള്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ കഴിയാതെ ആരോഗ്യവകുപ്പ്. പൊതുവായ ജലസ്രോതസ്സുകളുമായി ഒരു തരത്തിലും ബന്ധം വരാത്തവര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവര്‍ക്ക് തലയിലോ മൂക്കിലോ നേരത്തേ ശസ്ത്രക്രിയ നടത്തിയിട്ടുമില്ല. ഇതോടെയാണ് ആശങ്ക വര്‍ദ്ധിച്ചിരിക്കുന്നത്.
രോഗബാധ എവിടെ നിന്നുണ്ടായി എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. രോഗം ബാധിച്ചവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. പനിയടക്കമുളള ലക്ഷണങ്ങളുമായാണ് ഇരുവരും ചികിത്സ തേടിയത്. രോഗം സ്ഥിരീകരിച്ചതോടെ ഇരുവരേയും വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ചികിത്സയിലാണ്. നിലവില്‍ മൂന്നുപേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.
ചികിത്സയിലുളള മൂന്നാമത്തെയാള്‍ നാവായിക്കുളം സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. കപ്പാംവിള മാടന്‍കാവ് കുളത്തില്‍ കുളിച്ച വിദ്യാര്‍ഥിക്കാണ് രോഗം ബാധിച്ചത്. ഒപ്പം കുളത്തില്‍ കുളിച്ച അഞ്ചുപേര്‍ നിരീക്ഷണത്തിലാണ്. നേരത്തെ നാവായിക്കുളം സ്വദേശിയായ യുവതിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവിടെ പൊതുജലാശയങ്ങളില്‍ കുളിക്കരുതെന്ന് മുന്നിറിയിപ്പു നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് കുട്ടകള്‍ കുളിക്കാനിറങ്ങിയത്.
തുടര്‍ച്ചയായി രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പനിക്കൊപ്പം അപസ്മാരം പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ പരിശോധന നടത്താനാണ് നിര്‍ദേശം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here