ലോകത്ത് രോഗമുക്തി നേടിയ 25ല്‍ 14 പേരും ഇവിടെ; അമീബിക് മസ്തിഷ്‌ക ജ്വര ചികിത്സയില്‍ മികവ് കാട്ടി കേരളം
അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 10 പേരേയും ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ വലിയ നേട്ടമാണ് ആരോഗ്യ വകുപ്പ് കൈവരിച്ചിരിക്കുന്നത്. രോഗനിര്‍ണയം മുതല്‍ കൃത്യമായ ചികിത്സ ഉറപ്പാക്കിയതാണ് രോഗമുക്തി വേഗത്തിലാക്കിയത്. ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ളതാണ് അമീബിക് മസ്തിഷ്‌ക ജ്വരം. എന്നാല്‍ കേരളത്തിലെ മരണ നിരക്ക് 26 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചത് ആരോഗ്യ മേഖലയുടെ വലിയ നേട്ടമാണ്.
ലോകത്ത് ഇതുവരെ 25പേരാണ് ഈ രോഗത്തില്‍ മുക്തി നേടിയത്. ഇതില്‍ 14പേരും കേരളത്തിലാണ്. മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ വിദേശത്ത് നിന്ന് എത്തിച്ച് ഫലപ്രദമായ ചികിത്സ നല്‍കിയതാണ് നേട്ടമായത്. ചികിത്സയിലുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പ്രത്യേക എസ്.ഒ.പി. തയ്യാറാക്കിയാണ് തുടര്‍ ചികിത്സ ഉറപ്പാക്കിയത്.
സംസ്ഥാനത്ത് പല ജില്ലകളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥീരികരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരളം തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും ഐ.സി.എം.ആര്‍., ഐ.എ.വി., പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്നിക്കല്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് പോലുള്ള വളരെ അപൂര്‍വമായ രോഗങ്ങള്‍ നേരത്തെ തന്നെ കണ്ടുപിടിക്കാനും മരണനിരക്ക് കുറയ്ക്കാനും കഴിഞ്ഞത് വലിയ നേട്ടമാണ്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും അമീബ കാണാന്‍ സാധ്യതയുള്ള മലിനമായ ജലവുമായി സമ്പര്‍ക്കത്തില്‍ വന്നവരാണ്. ഒരേ ജല സ്രോതസ് ഉപയോഗിച്ചവരില്‍ ചിലര്‍ക്ക് മാത്രം രോഗം വരാനുള്ള കാരണം കണ്ടെത്താനായി ഐസിഎംആറിന്റേയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിയുടേയും സഹായത്തോടെ ഒരു കേസ് കണ്‍ട്രോള്‍ പഠനം നടത്താനുള്ള നടപടികളിലാണ് ആരോഗ്യവകുപ്പ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here