വീണ്ടും തലസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം; ഇത്തവണ സ്ത്രീക്ക്; ഉറവിടം കണ്ടെത്താൻ പരിശോധന

സംസ്ഥാനത്ത് ആദ്യമായി ഒരു സ്ത്രീക്ക് അമീബിക് മസ്തിഷ്‌ക ജ്വരം. ഇതുവരെ സംസ്ഥാത്ത് രോഗം സ്ഥിരീകരിച്ചതെല്ലാം പുരുഷന്‍മാരിലും കുട്ടികളിലുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരുവനന്തപുരം നാവായിക്കുളം സ്വദേശിനിയായ 24കാരിക്ക് രോഗം സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗത്തിന്റെ ഉറവിടത്തില്‍ വ്യക്തത വന്നിട്ടില്ല. നെല്ലിമൂട്, പേരൂര്‍ക്കട സ്വദേശികള്‍ക്ക് പിന്നാലെയാണ് തിരുവനന്തപുരം ജില്ലയില്‍ നാവായികുളത്തും രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിലവില്‍ ഏഴുപേരാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലുള്ളത്. ഇവര്‍ക്ക് ചികിത്സ നല്‍കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വിവിധ ഇടങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.

ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. ഇതൊരു പകര്‍ച്ചവ്യാധിയല്ല. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിയ്ക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top