വിദ്യാർത്ഥികൾ തമ്മിലടി; ഒമ്പതാം ക്ലാസുകാരന്‍റെ കൈ തല്ലിയൊടിച്ചു

തിരുവനന്തപുരം: പാറശ്ശാലയിൽ രണ്ടിടത്ത് വിദ്യാർത്ഥികൾ തമ്മിലടി. പാറശ്ശാല ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സുകാരന്റെ കൈയ്യാണ് സഹപാഠികൾ തല്ലി ഒടിച്ചത്. അതേസമയം കാരോട്ട് ബൈപാസ്സിന്റെ പാലത്തിന് താഴെ വിദ്യാർത്ഥിയെ സഹപാഠികൾ കൂട്ടം ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കാരോട് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ തമ്മിൽ തർക്കമുണ്ടായതിന് കാരണം മർദിക്കുന്നവർക്ക് പരിചയമുള്ള വിദ്യാർത്ഥിനിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ മർദനമേറ്റയാൾ സന്ദേശം അയച്ചതാണ്. വിദ്യാർത്ഥിനിയെ കാണിക്കാൻ വേണ്ടിയാണ് വീഡിയോ എടുക്കുന്നതെന്ന് പ്രചരിക്കുന്ന വീഡിയോയിൽ പറയുണ്ട്. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പാറശ്ശാല പോലീസ് സംഭവം അന്വേഷിച്ചു. എന്നാൽ, ഇരു കൂട്ടർക്കും പരാതിയില്ലാത്തതിനെ തുടർന്ന് കേസെടുത്തില്ല.
അതേസമയം പാറശ്ശാല ഹയർസെക്കന്‍ററി സ്കൂളിലുണ്ടായ സംഘർഷത്തിലാണ് ഒമ്പതാംക്ലാസ്സുകാരൻ കൃഷ്ണകുമാറിന് പരിക്കേറ്റത്. ഇരുവിഭാഗങ്ങൾ തമ്മിൽ സ്കൂളിലുണ്ടായ സംഘർഷത്തിൽ പ്രശ്നം പരിഹരിക്കാൻ പോയ മകന്റെ കൈ വിദ്യാർത്ഥികൾ തല്ലിയൊടിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി. പാറശ്ശാല പൊലീസിൽ പരാതി നൽകിയെങ്കിലും നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് കൃഷ്ണകുമാറിന്റെ മാതാപിതാക്കൾ പറയുന്നത്. എന്നാൽ സംഭവത്തിൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വിശദമായ വിവരങ്ങൾ അറിയാനായി തർക്കത്തിലുൾപ്പെട്ട കുട്ടികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here