ബാല ജീവനാംശം നൽകിയത് 25 ലക്ഷം രൂപ, പോക്സോ കേസ് ആരോപണം കള്ളം; മറുപടിയുമായി അമൃത

നടൻ ബാലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ഗായികയും ബാലയുടെ മുൻഭാര്യയുമായ അമൃത സുരേഷ്. തന്റെ അഭിഭാഷകർക്കൊപ്പമാണ് വീഡിയോയിലൂടെയാണ് അമൃത സ്വന്തം ഭാഗം വ്യക്തമാക്കിയത്. മകളെ കാണാൻ തന്നെ അനുവദിക്കുന്നില്ല എന്ന ബാലയുടെ ആരോപണത്തിന് നിയമപരമായ രീതിയിൽ അമൃതയുടെ വക്കീലുമാർ മറുപടി നൽകി. അഡ്വക്കേറ്റ് രജനിയും സുധീറും ആണ് അമൃതയുടെ അഭിഭാഷകർ.
രണ്ടുപേരും പരസ്പര ധാരണയോടെയാണ് വിവാഹ മോചനത്തിൽ എത്തിച്ചേർന്നത്. പരസ്പരം ചെളിവാരിയെറിയുന്ന യാതൊരു വിധ സോഷ്യൽ മീഡിയ പോസ്റ്റുകളോ പ്രസിദ്ധീകരണങ്ങളോ പാടില്ലെന്നാണ് ഉടമ്പടി. ഇതിന്റെ ലംഘനമാണ് ബാല ഉയർത്തുന്ന പല ആരോപണങ്ങളും. മകൾക്ക് 18 വയസ്സ് ആകുന്നതുവരെ അമ്മയാണ് കുഞ്ഞിന്റെ രക്ഷിതാവെന്നും വീഡിയോയിൽ പറയുന്നു.
മകളെ കാണാൻ ബാലയ്ക്ക് അനുവാദവുമുണ്ട്. കുടുംബ കോടതിയിൽ വച്ച് രണ്ടാം ശനിയാഴ്ചകളിൽ രാവിലെ പത്തു മണി മുതൽ വൈകുന്നേരം നാലു മണിവരെയാണ് അതിനുള്ള സമയം. ഇതുപ്രകാരം കുഞ്ഞുമായി കോടതിയിൽ പോയപ്പോൾ ഉണ്ടായ കാര്യങ്ങളും വ്യക്തമാക്കി. ആദ്യമായി കൊണ്ടുപോയപ്പോൾ ബാല കുഞ്ഞിനെ കാണാനെത്തിയില്ല. കുഞ്ഞിനെ കാണാൻ എത്തുന്നതിൽ എന്തെങ്കിലും തടസമെങ്കിൽ, കോടതിയിൽ നൽകിയ ഇമെയിൽ വിലാസം അല്ലെങ്കിൽ ഫോൺ കോൾ വഴി അമൃതയെ അറിയിക്കണം എന്നുമുണ്ട്. എന്നാൽ തനിക്ക് മെസ്സേജ് വരികയോ ഇമെയിൽ അയക്കുകയോ ചെയ്തിട്ടില്ല. മകളെ കാണിക്കുന്നില്ല എന്ന് സോഷ്യൽ മീഡിയ വഴി ബാല പറയുന്നതേയുള്ളൂവെന്നും അമൃത പറഞ്ഞു.
കോമ്പ്രമൈസ് പെറ്റീഷൻ പ്രകാരം 25 ലക്ഷം രൂപ അമൃതയ്ക്കു നൽകിയിട്ടുണ്ട്. കൂടാതെ മകളുടെ പേരിൽ 15 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയുമാണുള്ളത്. ഈ പെറ്റീഷൻ പ്രകാരം കുഞ്ഞിനെ വളർത്താനുള്ള തുകയോ, വിദ്യാഭ്യാസത്തിന്റെയോ, വിവാഹത്തിന്റെ ചിലവുകളോ ബാല കൊടുക്കുമെന്ന് പറയുന്നില്ല.
തനിക്കെതിരെ അമൃത പോക്സോ കേസ് കൊടുത്തു എന്ന ബാലയുടെ ആരോപണത്തിനും അമൃതയുടെ അഭിഭാഷകർ മറുപടി പറഞ്ഞു.
“ബാലക്കെതിരെ പോക്സോ കേസ് കൊടുത്തെന്ന ആരോപണം ബാല ഉന്നയിച്ചിട്ടുണ്ട്. പോക്സോ കേസ് കൊടുത്ത് കഴിഞ്ഞാൽ പെട്ടെന്ന് തന്നെ എഫ്ഐആർ ഇടുകയും അറസ്റ്റ് ചെയ്യുകയും ചെയ്യും. എന്നാൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല.അമൃതയെ തേജോ വധം ചെയ്യാനാണ് ആരോപണം,” അഭിഭാഷക പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here