ടൊവിനോയുമായുള്ള വഴക്കിനിടെ ‘വഴക്ക്’ ലിങ്ക് പങ്കുവച്ച് സനൽകുമാർ ശശിധരൻ; സോഷ്യൽ മീഡിയയിലൂടെ സിനിമ മുഴുവനായി പുറത്തുവിട്ടു

ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ വഴക്ക് എന്ന സിനിമയുടെ പ്രിവ്യൂ ലിങ്ക് പുറത്തുവിട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ. വിമിയോയിൽ അപ്ലോഡ് ചെയ്ത സിനിമയുടെ ലിങ്ക് സോഷ്യൽ മീഡിയയിലൂടെയാണ് സനൽകുമാർ പുറത്തുവിട്ടത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ടൊവിനോയുമായുള്ള തർക്കം തുടരുന്നതിനിടെയാണ് സനൽകുമാറിന്റെ പുതിയ നീക്കം.

“പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. വഴക്ക്/The Quarrel. കാണണമെന്നുള്ളവർക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാം,” എന്നാണ് ലിങ്കിനൊപ്പം സംവിധായകൻ കുറിച്ചത്. തന്റെ തന്നെ വിമിയോ അക്കൗണ്ടിൽ രണ്ട് വർഷം മുമ്പ് അപ്‌ലോഡ് ചെയ്ത ലിങ്ക് ആണ് പുറത്തുവിട്ടിരിക്കുന്നത്.
വഴക്ക് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരനും ടൊവിനോ തോമസും തമ്മില്‍ സോഷ്യൽ മീഡിയ വഴി വാദപ്രതിവാദങ്ങൾ നടന്നിരുന്നു. സിനിമയുടെ തിയറ്റർ റിലീസ് തടയാൻ നിർമാതാവ് കൂടിയായ ടൊവിനോ ശ്രമിച്ചുവെന്നായിരുന്നു സംവിധായകനായ സനൽകുമാറിന്റെ ആരോപണം. ചിത്രം തിയറ്ററുകളിലെത്തുമ്പോൾ അത് പരാജയപ്പെടുമെന്നും പരാജയം തന്റെ കരിയറിനെ ബാധിക്കുമെന്നുമുള്ള ഭയവും കൊണ്ടാണ് ടൊവിനോ ചിത്രത്തിന്റെ തിയറ്റർ റിലീസിന് തയാറാകാത്തതെന്ന് സനൽ ആരോപിച്ചു.
എന്നാൽ സനൽകുമാറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാണിച്ച് ടൊവിനോയും രംഗത്തെത്തിയിരുന്നു. സംവിധായകന്റെ സോഷ്യൽ സ്റ്റാറ്റസിലെ പ്രശ്നം മൂലം കോർപ്പറേറ്റുകൾ ചിത്രം വാങ്ങാൻ തയ്യാറായില്ലെന്നായിരുന്നു ടൊവിനോ പറഞ്ഞത്. വഴക്ക് ഒരു നല്ല സിനിമയാണെന്നും താൻ ചെയ്ത ഒരു സിനിമയെയും തള്ളിപ്പറയുന്ന ആളല്ല താനെന്നും അതിന്റെ റിലീസുമായി ബന്ധപ്പെട്ട എന്തുകാര്യത്തിനും സഹകരിക്കാൻ തയ്യാറാണെന്നും ടൊവിനോ വ്യക്തമാക്കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here