അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവയുടെ അധികാരം വെട്ടിച്ചുരുക്കാന്‍ നീക്കം; ക്‌നാനായ യാക്കോബായ മെത്രാപ്പോലീത്തയെ സസ്‌പെന്റ് ചെയ്തു; സ്വതന്ത്ര സഭയാകാന്‍ ശ്രമം

കോട്ടയം: ക്‌നാനായ യാക്കോബായ സഭ സ്വതന്ത്ര സഭയാകാനുള്ള നീക്കത്തിനെതിരെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവ. ഓര്‍ത്തഡോക്‌സ് സഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ക്‌നാനായ യാക്കോബായ സഭയുടെ സമുദായ മെത്രാപോലീത്തയായ കുര്യാക്കോസ് മാര്‍ സേവേറിയോസ് ചില നീക്കങ്ങള്‍ നടത്തിവരിക യായിരുന്നു. ഇതിനായി സഭാ ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ ഒരുങ്ങുന്നതിനിടയിലാണ് പാത്രിയര്‍ക്കീസ് ബാവ അപ്രതീക്ഷ നീക്കത്തിലൂടെ ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ ഇന്ന് സസ്‌പെന്റ് ചെയ്തത്.

ഇഗ്‌നേഷ്യസ് അപ്രേം അന്ത്യോഖ്യ പാത്രിയര്‍ക്കീസ് ബാവയുടെ സസ്‌പെന്‍ഷന്‍ ഉത്തരവിന് കാരണമായി ഒട്ടേറെ കാരണങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അമേരിക്കയില്‍ ക്‌നാനായ വിഭാഗത്തിന്റെ പള്ളികളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രാര്‍ത്ഥന നടത്തി, ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനടക്കം ക്‌നാനായ യാക്കോബായ സമുദായംഗങ്ങള്‍ സ്വീകരണം നല്‍കി തുടങ്ങിയവയാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത്.

ഈ മാസം 21 ന് ചിങ്ങവനത്ത് ക്‌നാനായ അസോസിയേഷന്‍ ചേര്‍ന്ന് അന്തോഖ്യാ പാത്രിയാര്‍ക്കീസ് ബാവയുടെ പരമാധികാരം എടുത്തു കളയാനും ഭരണഘടന ഭേദഗതി ചെയ്യാനും ഒരുക്കം നടത്തുന്നതിനിടയിലാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത് വന്നത്.

പാത്രിയര്‍ക്കീസ് ബാവയ്ക്ക് ആത്മീയവും ഭൗതികവുമായ അധികാരങ്ങളാണ് 1995 ല്‍ സുപ്രീം കോടതി അംഗീകരിച്ച ക്‌നാനായ സഭാ ഭരണഘടനയിലുള്ളത്. ഇതില്‍ ആത്മീയ അധികാരങ്ങള്‍ നിലനിര്‍ത്തി, ഭൗതികവും ലൗകികവുമായ അധികാരങ്ങള്‍ പൂര്‍ണമായും എടുത്തുകളയുന്ന വിധത്തിലാണ് ഭരണഘടനാ ഭേദഗതി തയ്യാറാക്കിയിട്ടുള്ളത് എന്നാണ് അറിയുന്നത്. പുതിയ ഭേദഗതി അസോസിയേഷന്‍ അംഗീകരിച്ച് ക്‌നാനായ സഭയെ ഒരു സ്വതന്ത്ര സഭയാക്കി നിര്‍ത്താനും നീക്കമുണ്ട്. ഈ നീക്കമാണ് പാത്രിയര്‍ക്കീസ് ബാവയെ ചൊടിപ്പിച്ചത്.

ഏറെക്കാലമായി കുര്യാക്കോസ് മാര്‍ സേവേറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായി അടുക്കുന്നുവെന്ന തോന്നല്‍ അന്ത്യോഖ്യയിലെ സഭാ ആസ്ഥാനത്ത് ശക്തമാണ്.ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ നേരത്തെ ആര്‍ച്ചുബിഷപ് പദവിയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇന്നലെ ബിഷപ് കുര്യാക്കോസ് മാര്‍ സേവോറിയോസില്‍ നിന്ന് വിശദീകരണം പാത്രിയര്‍ക്കീസ് ബാവ ഓണ്‍ ലൈന്‍ വഴി കേട്ടിരുന്നു. ഇത് തള്ളിയാണ് ഇന്ന് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ ഉത്തരവുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന ആരോപണവും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്.

പിന്നാലെ കോട്ടയം ചിങ്ങവനത്ത് സഭ ആസ്ഥാനത്തിന് മുന്നില്‍ ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ അനുകൂലിക്കുന്നവര്‍ പ്രതിഷേധവുമായെത്തി. പ്രതിഷേധ പരിപാടികള്‍ നടത്തരുതെന്ന് സേവിയേറിയോസ് വിശ്വാസികളായ തന്റെ അനുകൂലികളോട് ആവശ്യപ്പെട്ടു. സഭാ ആസ്ഥാനത്തിന്റെ മട്ടുപ്പാവില്‍ നിന്ന് അദ്ദേഹം വിശ്വാസികളോട് സംസാരിച്ചു. ഇതോടെയാണ് പ്രതിഷേധക്കാര്‍ ശാന്തരായത്.

നിലവില്‍ ക്‌നാനായ യാക്കോബായ സഭയ്ക്ക് നാല് ബിഷപ്പുമാരുണ്ട്. സിറിയയില്‍ നിന്ന് കേരളത്തിലെത്തിയ ക്‌നായി തോമ്മായുടെ പാര്യമ്പര്യം പിന്‍പറ്റുന്ന സമൂഹമാണ് ക്‌നാനായക്കാര്‍. രണ്ട് ക്‌നാനായ വിഭാഗങ്ങള്‍ കേരളത്തിലുണ്ട്. അതിലൊന്ന് ക്‌നനായ കത്തോലിക്കരും, മറ്റൊന്ന് ക്‌നാനായ യാക്കോബായയുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top