കമ്മ്യൂണിസം ഉപേക്ഷിച്ച് ആത്മീയതയിലേക്ക്; എസ്എഫ്ഐ നേതാവും മലയാളി ജേണലിസ്റ്റുമായ പി സലിൽ ഇനി ‘മഹാമണ്ഡലേശ്വർ ആനന്ദവനം’
ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്നതും എറ്റവും വലുതുമായ നാഗസന്യാസി സമൂഹമായ ശ്രീ പഞ്ച് ദശനാം ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വരായി മലയാളിയായ സ്വാമി ആനന്ദവനം ഭാരതി. ഇന്ത്യയിലെ 13 അഖാഡകളിൽ ഏറ്റവും പ്രമുഖമായ സ്ഥാനമാണ് ഈ സന്യാസി സമൂഹത്തിനുള്ളത്. കേരളത്തിൽ നിന്നുള്ള ആദ്യ മഹാമണ്ഡലേശ്വറാണ് തൃശൂർ സ്വദേശിയായ ഇദ്ദേഹം. ധർമ പ്രചരണത്തിനും ധർമ സംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവർത്തനങ്ങൾ കേരളം കേന്ദ്രമാക്കി ദക്ഷിണ ഭാരതത്തിലുടനീളം വ്യാപിപ്പിക്കാനുള്ള നിയോഗമായാണ് ഈ സ്ഥാനത്തെ കാണുന്നതെന്ന് ആനന്ദവനം ഭാരതി പറഞ്ഞു.
പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളക്കിടയിൽ അഖാഡയുടെ സഭാപതി ശ്രീ മഹന്ത് പ്രേംഗിരിയുടെ നേതൃത്വത്തിലാണ് നടന്ന അഭിഷേക ചടങ്ങുകൾ നടന്നത്. ജൂനാ പീഠാധീശ്വർ അവധോശാനന്ദഗിരിയാണ് ആനന്ദവനം ഭാരതിയുടെ അഭിഷേക ചടങ്ങുകൾ ചെയ്തത്. ജൂനാ അഖാഡയുടെ കേരളത്തിലെ ശാഖയായ കാളികാപീഠാധിപതിയും സംസ്ഥാനത്തെ ആദ്യ ആശ്രമമായ കൊട്ടാരക്കര അവധൂതാശ്രമത്തിലെ ഉത്തരാധികാരിയുമാണ് നിലവിൽ ആനന്ദന വനം ഭാരതി. ഇദ്ദേഹമുൾപ്പെടെ ഒമ്പത് സന്യാസിമാരെയാണ് കഴിഞ്ഞ ദിവസം മഹാമണ്ഡലേശ്വറായി അഭിഷേകം ചെയ്തത്.
ചാലക്കുടി അന്നനാട് മേനോക്കി വീട്ടിൽ സേതുമാധവന്റെയും ആനന്ദവല്ലിയുടെയും മകനാണ് സ്വാമി ആനന്ദവനം ഭാരതി. പി സലിൽ എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, തൃശൂർ ശ്രീ കേരളവർമ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യസം. കേരളവർമ കോളജിലെ പഠനകാലത്ത് എസ്എഫ്ഐയുടെ പ്രമുഖ നേതാവായിരുന്നു. കൊച്ചിയിലെ കേരള മീഡിയാ അക്കാദമിയിൽ നിന്നും ജേണലിസം പൂർത്തിയാക്കിയ ആനന്ദവനം 10 വർഷത്തോളം മാധ്യമപ്രവർത്തകൻ്റെ കുപ്പായവും അണിഞ്ഞിരുന്നു. പിന്നീടാണ് അദ്ദേഹം ആത്മീയതയിലേക്ക് നീങ്ങിയത്.
2019ലെ കുംഭമേളയിലാണ് ജൂനാ അഖാഡയിൽ നിന്ന് സലില് നാഗദീക്ഷ സ്വീകരിച്ചത്. എസ്എഫ്ഐ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്, കേരളവർമ കോളജ് യൂണിറ്റ് സെകട്ടറി, തൃശൂർ ഏരിയാ പ്രസിഡന്റ്, ഇരിങ്ങാലക്കുട ഏരിയാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മീഡിയാ അക്കാദമി അസി. എഡിറ്ററായും ആനന്ദവനം പ്രവർത്തിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here