ആനത്തലവട്ടത്തിന് വിട; സംസ്കാരം ഇന്ന് വൈകീട്ട് ശാന്തി കവാടത്തില്‍
തിരുവനന്തപുരം: വ്യാഴാഴ്ച അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും സി.ടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍റെ സംസ്കാരം ഇന്ന് നടക്കും. വൈകിട്ട് 5 മണിയോടെ ശാന്തികവാടത്തിലാണ് സംസ്കാരം. ചിറയിൻകീഴിലെ കുടുംബവീട്ടിലെ പൊതുദർശനത്തിനുശേഷം ഇന്ന് രാവിലെ 11 മണിമുതൽ എ.കെ.ജി സെന്ററിലും 2 മുതൽ മാഞ്ഞാലിക്കുളം റോഡിലെ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദർശനത്തിനു വയ്‌ക്കും.
ഇന്നലെ വൈകിട്ട് 5.10നായിരുന്നു ആനത്തലവട്ടം ആനന്ദന്‍റെ അന്ത്യം. അർബുദ ബാധിതനായ അദ്ദേഹം രണ്ടാഴ്ചയായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റിയിൽ ചികിത്സയിലായിരുന്നു. തിരുവിതാംകൂറിലെ കയർതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുൻനിരയിൽ നിന്ന് പോരാടിയ നേതാവാണ്. കയർ വർക്കേഴ്സ് സെന്ററിന്റെ പ്രസിഡന്റുമായിരുന്നു. ആറ്റിങ്ങലിൽ നിന്ന് മൂന്നുവട്ടം നിയമസഭാംഗമായി. 2006-2011ലെ വി.എസ് സർക്കാരിന്റെ കാലത്ത് ഗവ. ചീഫ് വിപ്പായിരുന്നു. പ്രായപരിധിയുടെ പേരില്‍ സിപിഎം കൊച്ചി സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കപ്പെട്ട ആനത്തലവട്ടം സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായിരുന്നു.
1956ൽ സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1979 മുതൽ 84 വരെ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. അടിയന്തരാവസ്ഥയിൽ ഒരു വർഷത്തോളം ഒളിവിൽ കഴിഞ്ഞ ആനന്ദനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. 1976 നവംബറിൽ അറസ്റ്റിലായി. അടിയന്തരാവസ്ഥ പിൻവലിക്കുന്നതുവരെ തടവിൽക്കഴിഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ ആനത്തലവട്ടത്ത് പരേതരായ വി. കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായി 1937 ഏപ്രിൽ 22നാണ് ജനനം. ഭാര്യ ലൈല. മക്കൾ ജീവ ആനന്ദൻ (സി.ഇ.ഒ,കിൻഫ്ര അപ്പാരൽ പാർക്ക്), മഹേഷ് ആനന്ദൻ (ലണ്ടൻ). മരുമക്കൾ: മഞ്ജു മോഹനൻ (മുട്ടത്തറ എൻജിനിയറിംഗ് കോളേജ്), കെല്ലി ജെയിൻ മിച്ചൽ (ലണ്ടൻ).
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here