കശ്മീരിലെ പുരാതന ക്രിസ്ത്യൻ മിഷണറിസ്കൂൾ പൂട്ടാനൊരുങ്ങുന്നു; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പാട്ടക്കാലാവധി പുതുക്കുന്നില്ല, ക്രൈസ്തവർക്കുള്ള പണി പലവിധത്തിൽ

ശ്രീനഗർ: കാശ്മീരിലെ ഏറ്റവും പുരാതനമായ ക്രിസ്ത്യൻ മിഷണറി സ്കൂൾ അടച്ചുപൂട്ടലിൻ്റെ വക്കിൽ. വടക്കൻ കാശ്മീരിലെ ബാരാമുള്ളയിൽ സ്ഥിതിചെയ്യുന്ന സെൻ്റ് ജോസഫ്സ് സ്കൂളാണ് പാട്ടക്കാലാവധി പുതുക്കി കിട്ടാത്തതിനെ തുടർന്ന് പ്രവർത്തനം നിർത്തുന്നത്. ഇതുകൊണ്ട് കുട്ടികൾക്ക് വാർഷിക പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ പോലും കഴിഞ്ഞിട്ടില്ല.

1905ൽ ആരംഭിച്ച സ്കൂളിൻ്റെ പാട്ടക്കാലാവധി 2018ൽ അവസാനിച്ചതാണ്. കാലാവധി അവസാനിക്കുന്നതിന് വളരെ മുമ്പ് തന്നെ മാനേജ്മെൻ്റ് സർക്കാരിനെ സമീപിച്ചെങ്കിലും കാലാവധി പുതുക്കി നൽകാൻ തയ്യാറായില്ല. പാട്ടക്കാലാവധി പുതുക്കാനുള്ള അപേക്ഷ ഡെപ്യൂട്ടി കമ്മീഷണറുടെ ശുപാർശ സഹിതം ഡിവിഷണൽ കമ്മീഷണറുടെ പക്കൽ എത്തിയിട്ട് രണ്ട് വർഷത്തിലധികമായി . പക്ഷേ, ഇനിയും തീരുമാനമൊന്നും ആയിട്ടില്ലെന്ന് സ്കൂൾ അധികാരികൾ പറഞ്ഞു.

ജമ്മുകാശ്മീരിന് പ്രത്യേക അവകാശ അധികാരങ്ങൾ നല്കിയിരുന്ന ഭരണഘടനയിലെ 370 വകുപ്പ് 2019 ഓഗസ്റ്റ് 5ന് കേന്ദ്രസർക്കാർ നീക്കം ചെയ്തു. അന്നു മുതൽ കാശ്മീരിൻ്റെ ഭരണം കേന്ദ്ര സർക്കാർ നേരിട്ടാണ് നടത്തുന്നത്. സർക്കാർ ഭൂമി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പാട്ടത്തിന് നൽകുന്നതിനുള്ള വ്യവസ്ഥകൾ 2022 ഏപ്രിലിൽ ജമ്മുകാശ്മീർ ഭരണകൂടം ഭേദഗതി ചെയ്തു. റവന്യൂഭൂമിയിൽ പാട്ടവ്യവസ്ഥയിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെ പ്രവർത്തനം ഉടൻ അവസാനിപ്പിക്കണം എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശം. സ്കൂളുകളുടെ പാട്ടക്കാലാവധി പുതുക്കിനൽകാൻ വിസമ്മതിച്ചതോടെ അഡ്മിഷൻ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ സ്കൂളുകൾ നിർബന്ധിതരായി.

ബാരാമുള്ളയിലെ സെൻ്റ് ജോസഫ്സ് സ്കൂൾ കത്തോലിക്കാ സഭയുടെ ജമ്മുകാശ്മീർ രൂപതയുടെ കീഴിലുള്ളതാണ്. ലണ്ടൻ ആസ്ഥാനമായ മിൽഹിൽ മിഷണറി കോൺഗ്രിഗേഷനാണ് ഒരു നൂറ്റാണ്ട് മുമ്പ് സ്കൂൾ സ്ഥാപിച്ചത്. സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകൾ പൂട്ടുന്നതോടെ ആയിരക്കണക്കിന് അധ്യാപക- അനധ്യാപക ജീവനക്കാർ പെരുവഴിയിലാകുമെന്ന് ഉറപ്പായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top