അഭയക്കേസ് പ്രതി ഫാ.പൂതൃക്കയെ വെറുതെവിട്ട സുപ്രീം കോടതി മുൻ ജഡ്ജി കോട്ടയം രൂപതയുടെ പരിപാടിയിൽ !!നിയമവൃത്തങ്ങളിൽ ആശ്ചര്യം

ഫാ തോമസ് കോട്ടൂർ, ഫാ ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിങ്ങനെ സിബിഐ അന്വേഷണ സംഘം പ്രതിചേർത്ത മൂന്നുപേരിൽ ഫാ പൂതൃക്കയിലിനെ ഒഴിവാക്കിയത് 2018ൽ തിരുവനന്തപുരം സിബിഐ കോടതിയാണ്. ഇതിൽ അഭയ ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയും അതിൻ്റെ അപ്പീലും 2019ൽ ഹൈക്കോടതി തള്ളി. ഇതിനെ തുടർന്ന് സുപ്രീം കോടതിയിൽ നൽകിയ സ്പെഷ്യൽ ലീവ് പെറ്റീഷൻ തള്ളിയതോടെ ആണ് ഫാ പൂതൃക്കയിൽ കേസിൽ നിന്ന് ഒഴിവായത്.

2019 ഡിസംബറിൽ ഈ സ്പെഷ്യൽ ലീവ് പെറ്റീഷൻ പരിഗണനക്ക് വന്നത് ജസ്റ്റിസ് അബ്ദുൽ നസീറിൻ്റെ ബെഞ്ചിൽ ആയിരുന്നു. കേസിൽ ഫാ ജോസ് പൂതൃക്കയിലിന്‍റെ പങ്ക് വ്യക്തമല്ല എന്നാണ് അന്ന് കോടതി ചൂണ്ടിക്കാട്ടിയത്. കേസിലെ ഒന്നാം പ്രതിയായ ഫാ തോമസ് കോട്ടൂരിന്‍റെ സുഹൃത്താണ് എന്ന കാരണം കൊണ്ട് ജോസ് പൂതൃക്കയിലിന് കേസിൻ്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പറയാനാകില്ലെന്നും ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഇതേ അബ്ദുൽ നസീർ ആണ് അഞ്ചു വർഷത്തിനുള്ളിൽ അന്ന് പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന് ആരോപണമുള്ള, അവരുൾപ്പെട്ട കോട്ടയം രൂപതയുടെ പരിപാടിയിൽ വിശിഷ്ടാതിഥി ആയി പങ്കെടുത്തത്. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച അദ്ദേഹം ഇന്നിപ്പോൾ ആന്ധ്ര പ്രദേശ് ഗവർണർ ആണെന്ന വ്യത്യാസം മാത്രം. അയോധ്യാ കേസിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിൽ ഉൾപെട്ട അബ്ദുൽ നസീർ 2023 ജനുവരിയിൽ വിരമിക്കുകയും ഫെബ്രുവരിയിൽ തന്നെ ഗവർണർ സ്ഥാനം അദ്ദേഹത്തെ തേടിയെത്തുകയും ആയിരുന്നു.

തുടക്കം മുതൽ സിസ്റ്റർ അഭയ കേസിൽ ഇടപെടാൻ ശ്രമിച്ചുവെന്ന് ജോമോൻ പുത്തപുരയ്ക്കലിൻ്റെ പരാതിയിൽ ആരോപണ വിധേയനായ ജസ്റ്റിസ് സിറിയക് ജോസഫ് ആയിരുന്നു ഇന്നലത്തെ പരിപാടിയുടെ സംഘാടകൻ. അഭയ കൊല്ലപ്പെടുമ്പോൾ അവരുൾപ്പെട്ട കോട്ടയം രൂപതയുടെ മെത്രാനെന്ന നിലയിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപണ വിധേയനായ മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് ഡോ.മാത്യു പാറയ്ക്കലിന് നൽകുന്നത് ആയിരുന്നു ചടങ്ങ്. ഇതേ ചടങ്ങിൽ വിശിഷ്ടാതിഥി ആയി പങ്കെടുക്കാൻ എത്തിയതോടെ രണ്ടു മുൻ ജഡ്ജിമാരും തമ്മിലുള്ള അന്തർധാര വ്യക്തമായെന്ന് ജോമോൻ പുത്തൻപുയ്ക്കൽ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

അഭയ കേസിൽ ഇരട്ടജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ച ഫാ തോമസ് കോട്ടൂരിൻ്റെ സ്വന്തം സഹോദരൻ, സിറിയക് ജോസഫിൻ്റെ ഭാര്യയുടെ സ്വന്തം സഹോദരിയെ ആണ് വിവാഹം ചെയ്തിരിക്കുന്നത് എന്ന് ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിച്ചു. ഈ കുടുംബ ബന്ധത്തിന് പുറമെ കർണാടക ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചതിൻ്റെ അടുപ്പവും ഉണ്ട്. തൻ്റെ ഹർജിയും അപ്പീലും തള്ളിയ കേരള ഹൈക്കോടതിയുടെ രണ്ടു ബെഞ്ചുകളിൽ നിന്നുള്ള ഉത്തരവുകളിലെ പൊരുത്തക്കേടുകൾ അടക്കം ചൂണ്ടിക്കാട്ടിയിട്ടും വാദം പോലും കേൾക്കാതെ തള്ളിയാണ് ജസ്റ്റിസ് അബ്ദുൽ നസീർ ഫാ പൂതൃക്കയിലിനെ വിട്ടയച്ചത് എന്നും ജോമോൻ ആരോപിക്കുന്നു.

തൻ്റെ മുന്നിൽ ഒരിക്കൽ പരിഗണനക്ക് വന്ന കേസുമായി പരോക്ഷമായി പോലും ബന്ധമുള്ള ഒന്നിലും ഇടപെടാതിരിക്കുകയാണ് വിരമിച്ച ശേഷവും ചെയ്യേണ്ടതെന്ന് കേരള ഹൈക്കോടതി മുൻ ജഡ്ജി കെമാൽ പാഷ മാധ്യമ സിൻഡിക്കറ്റിനോട് പ്രതികരിച്ചു. ജുഡീഷ്യറിയുടെ അന്തസ് കാത്തുസൂക്ഷിക്കാൻ അത് അത്യാവശ്യമാണ്. താനാണെങ്കിൽ ഇത്തരമൊരു പരിപാടിയുടെ സംഘാടകരെ കാണാൻ പോലും തയ്യാറാകില്ലായിരുന്നു. അവരുടെ ക്ഷണം സ്വീകരിച്ച ജസ്റ്റിസ് അബ്ദുൽ നസീറിൻ്റെ പ്രവൃത്തി തീർത്തും അനുചിതമായെന്നും കെമാൽ പാഷ ചൂണ്ടിക്കാട്ടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top