മദ്യത്തില്‍ സയനൈഡ് നല്‍കി കൊലപാതക പരമ്പര; പിന്നാലെ മോഷണം; ആന്ധ്രയെ ഞെട്ടിച്ച സ്ത്രീ കൊലയാളികള്‍
സയനൈഡ് നല്‍കി കൊലപാതക പരമ്പര നടത്തിയ മൂന്ന് സ്ത്രീകളെയാണ് ആന്ധ്രാപ്രദേശിലെ തെനാലിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് സ്ത്രീകളേയും ഒരു പുരുഷനേയുമാണ് സംഘം കൊലപ്പെടുത്തിയത്. പ്രതികളില്‍ ഒരാളുടെ ഭര്‍തൃമാതാവും സുഹൃത്തിന്റെ ഭര്‍ത്താവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മദ്യത്തില്‍ സയനൈഡ് നല്‍കിയാണ് കൊലപാതകങ്ങള്‍ എല്ലാം സംഘം നടത്തിയിരിക്കുന്നത്.
മുനഗപ്പ രജനി(40), രജനിയുടെ അമ്മ ജി. രമണമ്മ(60), എം. വെങ്കിടേശ്വരി(32) എന്നിവരെയാണ് ഗുണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം ആഭരണങ്ങളും പണവും മറ്റുവിലപ്പിടിപ്പുള്ള വസ്തുക്കളും കൊള്ളയടിക്കുന്നതാണ് ഇവരുടെ രീതി. ജൂണ്‍മാസത്തില്‍ ഗുണ്ടൂരിലെ വഡ്ലമുഡി ഗ്രാമത്തിലെ ക്വാറിക്ക് സമീപം ഒരു സ്ത്രീയുടെ മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തിയിരുന്നു. ഇതിലെ അന്വേഷണമാണ് സംഘത്തിലേക്ക് എത്തിയത്.
പോലീസ് അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് ഷെയ്ഖ് നാഗൂര്‍ബി എന്ന സ്ത്രീയാണെന്ന് കണ്ടെത്തി. ഇവരെ കാണാതായ സമയത്ത് പ്രതികള്‍ ഒപ്പമുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. നാഗൂര്‍ബിയുടെ മകനാണ് ഈ വിവരം പോലീസിന് നല്‍കിയത്. രജനിയും വെങ്കിടേശ്വരിയും ഇവര്‍ക്കൊപ്പം ഓട്ടോയില്‍ സഞ്ചരിക്കുന്ന ദൃശ്യവും ലഭിച്ചു. ഇതോടെയാണ് മൂവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവരില്‍ നിന്നും പോലീസിന് ലഭിച്ചത്.
നാല് കൊലപാതകങ്ങളും മൂന്ന് കൊലപാതക ശ്രമങ്ങളുമാണ് ഈ സംഘം നടത്തിയത്. തെനാലിയിലെ യാഡ്ല ലിംഗയ്യ കോളിനിയിലെ താമസക്കാരായ ഇവര്‍ ആദ്യ കൊന്നത് രജനിയുടെ ഭര്‍തൃമാതാവായ സുബ്ബലക്ഷ്മിയെ ആയിരുന്നു. സ്വത്ത് തട്ടിയെടുക്കാന്‍ 2022-ലായിരുന്നു ഈ കൊലപാതകം. ഇതില്‍ പിടക്കപ്പെടാതിരുന്നതോടെ 2023 ഓഗസ്റ്റില്‍ നാഗമ്മ എന്ന സ്ത്രീയേയും കൊലപ്പെടുത്തി. വായ്പ തിരിച്ചടക്കാനുള്ള പണം കണ്ടെത്താനായിരുന്നു ഈ കൊലപാതകം. ഇതിനുശേഷം ഇവരുടെ സുഹൃത്തായ ഭൂദേവി എന്ന സ്ത്രീയുടെ ഭര്‍ത്താവായിരുന്നു ഈ സംഘത്തിന്റെ ഇരയായത്. ഭൂദേവിയെ നിരന്തരം ഉപദ്രവിച്ചതിന് പ്രതികാരമായാണ് ഈ കൊലപാതകം. മൂന്ന് സ്ത്രീകളെ സമാനരീതിയില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും സംഘം പോലീസിന് മൊഴി നല്‍കി. സംഘം നടത്തിയ അവസാന കൊലപാതകത്തിലാണ് പിടിവീണത്.
വിനോദയാത്ര പോകാമെന്നും വിരുന്ന് നല്‍കാമെന്നും പറഞ്ഞാണ് സ്ത്രീകളെ ഒപ്പം കൂട്ടുന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് മദ്യത്തിലോ വൈനിലോ സയനൈഡ് നല്‍കി കൊല നടത്തും. ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും കൈയിലുണ്ടായിരുന്ന പണവും കവര്‍ന്ന ശേഷം രക്ഷപ്പെടും. പ്രതികളില്‍ നിന്ന് സയനൈഡ് ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ രജനി നേരത്തെ കംബോഡിയ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പിലും പങ്കാളിയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here