മാർ ആലഞ്ചേരിയുടെ രാജിയിലും തീരില്ല കുര്‍ബാനത്തര്‍ക്കം; ക്രിസ്മസിന് എങ്കിലും തുറക്കുമോ എറണാകുളം ബസിലിക്ക

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരുടെയും പ്രബല സംഘടനകളുടെയും ഏറെക്കാലമായുള്ള ആവശ്യമായിരുന്നു മേജർ ആർച്ചുബിഷപ് സ്ഥാനത്ത് നിന്നുള്ള മാര്‍ ജോർജ് ആലഞ്ചേരിയുടെ രാജി. ഈ തർക്കം മുറുകിയപ്പോൾ അഡ്മിനിസ്ട്രേറ്റർ ചുമതലയിൽ നിയമിക്കപ്പെട്ട മാർ ആൻഡ്രൂസ് താഴത്തും ഹിറ്റ്ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. സ്വാഭാവികമായും ഇവരുടെ രാജിയോടെ സമാധാനം വരുമെന്ന പ്രതീക്ഷ പല കോണിൽ നിന്നുമുണ്ടായി. എന്നാൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന മാർപ്പാപ്പയുടെ നിർദ്ദേശം വീഡിയോയായി പുറത്തുവന്നതോടെ സ്ഥിതി വീണ്ടും സങ്കീർണമാകുകയാണ്. ഏകീകൃത കുർബാന നടപ്പാക്കാൻ ശ്രമിച്ചതാണ് മാർ ആലഞ്ചേരിക്കെതിരെ എറണാകുളം അങ്കമാലിക്കാർ തിരിയാനുണ്ടായ പ്രധാന കാരണം. അദ്ദേഹം പുറത്തുപോയ ശേഷവും അതേ ആവശ്യം മാർപ്പാപ്പയെ കൊണ്ട് നേരിട്ട് പറയിപ്പിച്ചത് ചില ഗൂഢശക്തികളാണെന്ന ഉറച്ച വിശ്വാസത്തിലാണ് രൂപതയിലെ പ്രബലവിഭാഗം.

വ്യക്തികളല്ല പ്രശ്നം, അതുകൊണ്ട് ആര് ഒഴിഞ്ഞു, ആരു വരുന്നു എന്നത് കണക്കിലെടുക്കുന്നില്ല. ജനാഭിമുഖ കുർബാന വേണമെന്ന ആവശ്യം തന്നെയാണ് ഇന്നും എപ്പോഴും ഉന്നയിക്കുന്നത്. എന്നാൽ ഏകീകൃത കുർബാന എന്നറിയപ്പെടുന്ന അൾത്താരാഭിമുഖ കുർബാന നിർബന്ധമാക്കുന്ന മട്ടിൽ മാർപ്പാപ്പയെക്കൊണ്ട് പറയിച്ചതിന് പിന്നിൽ മാർ താഴത്തും മറ്റ് ചില മെത്രാന്മാരും ആണ്. ഇവർ പോപ്പിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്ന് അതിരൂപതാ സംരക്ഷണ സമിതി വക്താവ് റിജു കാഞ്ഞൂക്കാരന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. മാര്‍പാപ്പയുടെ സന്ദേശത്തില്‍ വസ്തുതാപരമായ തെറ്റുകളുണ്ട്. സമാധാനപരമായി അര്‍പ്പിക്കപ്പെടേണ്ട കുര്‍ബാന ബസിലിക്കയിൽ പൊലീസിനെ കൊണ്ടുവന്ന് അലങ്കോലമാക്കിയത് മാർ ആലഞ്ചേരിയും മാർ താഴത്തുമാണെന്ന സത്യം മാര്‍പാപ്പയിൽ നിന്ന് മറച്ചുവച്ചു. പ്രശ്‌നക്കാരെ മാറ്റിയതു കൊണ്ട് പ്രശ്‌നങ്ങള്‍ തീരില്ല. ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് അതിരൂപതാ സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു.

മെത്രാൻ സിനഡ് തീരുമാനിച്ച തരത്തിൽ വർഷത്തിലൊരിക്കൽ എറണാകുളം അങ്കമാലി രൂപതയിൽ ഏകീകൃത കുർബാന നടത്താമെന്ന് ധാരണയായിരുന്നു. അതിനെയും പരിഗണിക്കാത്ത തരത്തിലാണ് പോപ്പ് ഫ്രാൻസിസിൻ്റെ കഴിഞ്ഞ ദിവസത്തെ നിർദേശം വന്നിരിക്കുന്നത്. ഇതിന് പിന്നാലെ അതിരൂപതാ സംരക്ഷണ സമിതി നിലവിലെ അഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ബോസ്കോ പുത്തൂരിനെ സന്ദർശിച്ച് നിലപാട് അറിയിച്ചിരുന്നു. ഏകീകൃത കുർബാന വർഷത്തിലൊരിക്കൽ മാത്രം എന്ന ധാരണയിൽ നിന്ന് പിന്നോട്ട് പോയാൽ അംഗീകരിക്കില്ല എന്നാണ് വ്യക്തമാക്കിയത്.

ഏകീകൃത കുര്‍ബാന നിർബന്ധമാക്കുന്ന നീക്കത്തിൽ വൈദികരും പ്രതിഷേധത്തിലാണ്. അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരിനെ ചൊവ്വാഴ്ച നേരിൽ കാണുന്നുണ്ട്. അതിന് ശേഷമേ പൊതുനിലപാട് പറയാൻ കഴിയൂവെന്ന് അതിരൂപതാ പിആര്‍ഒ ഫാദര്‍ മാത്യു കിലുക്കന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

മാർ ആലഞ്ചേരി അധികാരമൊഴിഞ്ഞാൽ സമാധാനം വരുമെന്ന പ്രതീക്ഷകൾ ഇതോടെ അസ്ഥാനത്താകുകയാണ്. എറണാകുളം അങ്കമാലി മേജർ ആർച്ചുബിഷപ്പായി 2012ൽ സ്ഥാനമേറ്റ മാർ ആലഞ്ചേരിയും അതിരൂപതയിലെ ഭൂരിഭാഗം വൈദികരും തമ്മിൽ എക്കാലവും കടുത്ത ഭിന്നതയിലായിരുന്നു. സഭയിലെ അധികാരശ്രേണിയിൽ നേരെ എതിർപക്ഷത്ത് നിൽക്കുന്ന ചങ്ങനാശേരി അതിരൂപതയിൽ നിന്നൊരാൾ തങ്ങളുടെ തലപ്പത്ത് വന്നത് എറണാകുളം അങ്കമാലിക്കാർക്ക് ദഹിച്ചില്ല. അതിനൊപ്പം ചങ്ങനാശേരിക്കാരുടെ കുർബാനാ രീതിയായ അൾത്താരാ അഭിമുഖ ബലിയർപ്പണം എറണാകുളത്തും നടപ്പാക്കാൻ മാർ ആലഞ്ചേരി ശ്രമിച്ചതും ഭിന്നതക്ക് ആക്കംകൂട്ടി. അത് തുടരുമ്പോഴാണ് 2016ൽ ഭൂമിവിൽപന വിവാദം പൊട്ടിപ്പുറപ്പെട്ടത്. അതിരൂപതയുടെ കൈവശമിരുന്ന വിലപിടിപ്പുളള ഭൂമികൾ മാർ ആലഞ്ചേരി മുൻകൈയ്യെടുത്ത് വിൽക്കുകയും എന്നാൽ രൂപതക്ക് വൻ നഷ്ടം സംഭവിക്കുകയും ചെയ്തതോടെ അദ്ദേഹത്തിൻ്റെ രാജിയാവശ്യം ഉയർന്നു. തൊട്ടുപിന്നാലെ ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താൻ വ്യാജരേഖകൾ ചമച്ചുവെന്ന മറ്റൊരു കേസിൽ എറണാകുളം അങ്കമാലി പക്ഷത്തെ പ്രമുഖ വൈദികർ പ്രതിസ്ഥാനത്ത് വരികയും ചെയ്തതു. ഏറ്റവും ഒടുവിൽ എറണാകുളത്തുകാരുടെ രീതിയായ ജനാഭിമുഖ കുർബാന പറ്റില്ലെന്ന് സിറോ മലബാർ സിനഡ് തീരുമാനിച്ചതും മാർ ആലഞ്ചേരിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് കൊണ്ടെത്തിച്ചത്. മറൈൻ ഡ്രൈവിലെ മെത്രാസനമന്ദിരം പ്രതിഷേധവേദിയായി മാറുകയും ബിസിലിക്ക പൂട്ടിയിടുകയും ചെയ്യേണ്ട സ്ഥിതിയെത്തിയതോടെ ഒത്തുതീർപ്പു നിർദേശവുമായി മാർപ്പാപ്പയുടെ പ്രതിനിധി എത്തിയെങ്കിലും സംഘർഷം കൈവിട്ടുപോകുന്നത് നേരിൽകണ്ടാണ് തിരിച്ചുപോയത്. ഇതിന് പിന്നാലെയാണ് മാർ ആലഞ്ചേരിയുടെയും മാർ താഴത്തിൻ്റെയും രാജിക്ക് വഴിയൊരുങ്ങിയത്.

ക്രിസമ്സിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പൂട്ടിക്കിടക്കുന്ന എറണാകുളം ബസിലിക്ക തുറക്കാനാകുമോ എന്നൊരു ഉറപ്പും ഇല്ലാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പാതിരാ കുർബാന റദ്ദാക്കി കഴിഞ്ഞ ക്രിസ്മസിനാണ് സെൻ്റ് മേരീസ് ബസിലിക്ക പോലീസ് പൂട്ടിസീൽ ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top