അങ്കമാലി ബാങ്കിലെ തട്ടിപ്പ് 100 കോടിയുടേത്; അന്വേഷണവുമായി സഹകരണവകുപ്പും പോലീസും; ആശങ്കയില്‍ നിക്ഷേപകര്‍
കൊച്ചി: കോണ്‍ഗ്രസ് ഭരിക്കുന്ന അങ്കമാലി അര്‍ബന്‍ സര്‍വീസ് സഹകരണസംഘത്തില്‍ നിന്നും പുറത്ത് വരുന്നത് കോടികളുടെ നിക്ഷേപതട്ടിപ്പ്. 100 കോടിയോളം ബാങ്ക് ഭരണസമിതി വെട്ടിച്ചു എന്ന ആരോപണമാണ് ശക്തമാകുന്നത്. കരുവന്നൂര്‍, കണ്ടല, പുല്‍പ്പള്ളി തുടങ്ങി ഒട്ടുവളരെ സഹകരണ ബാങ്കുകള്‍ നടത്തിയ തട്ടിപ്പില്‍ നിക്ഷേപകര്‍ വലഞ്ഞിരിക്കുമ്പോഴാണ് മറ്റൊരു സഹകരണ ബാങ്ക് തട്ടിപ്പ് കൂടി വെളിയില്‍ വരുന്നത്.
ബാങ്കിലെ പ്രശ്നങ്ങള്‍ അറിഞ്ഞ് നിക്ഷേപം പിന്‍വലിക്കാന്‍ എത്തിയവര്‍ക്ക് ആര്‍ക്കും നിക്ഷേപത്തുക ലഭിച്ചിട്ടില്ല. ബാങ്കിലെ ആകെ നിക്ഷേപത്തിന്റെ എഴുപത് ശതമാനം മാത്രമേ വായ്പ നല്‍കാന്‍ പാടുള്ളൂ എന്ന നിബന്ധന നിലവിലിരിക്കെ ഏതാണ്ട് മുഴുവനോളം നിക്ഷേപവും ലോണിന്റെ പേരില്‍ പുറത്ത് കടത്തിയതായാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്. ബാങ്ക് ഭരണസമിതിയംഗങ്ങളില്‍ നിന്നും തുക ഈടാക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം.
സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ നിക്ഷേപം നടത്തിയവര്‍ പണം നഷ്ടമാകുമോ എന്ന ആശങ്കയിലാണ്. 25 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ലോണ്‍ എടുക്കാത്തവര്‍ക്ക് നോട്ടീസ് വന്നപ്പോഴാണ് തങ്ങള്‍ അകപ്പെട്ട കെണിയെക്കുറിച്ച് നാട്ടുകാര്‍ മനസിലാക്കിയത്. നിരവധി പേര്‍ക്കാണ് ഈ രീതിയില്‍ നോട്ടീസ് വന്നത്. ബാങ്കില്‍ തിരക്കിയപ്പോഴാണ് പലരുടെയും പേരില്‍ വ്യാജരേഖകള്‍ ചമച്ച് ഭരണസമിതി ലോണ്‍ എടുത്ത കാര്യം അറിയുന്നത്. നാട്ടുകാര്‍ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ്. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കണം എന്നാവശ്യപ്പെട്ട് ബിജെപി ഇന്ന് ബാങ്കിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ബാങ്ക് നിലവില്‍ വന്ന 2002 മുതല്‍ കോണ്‍ഗ്രസ് ഭരണസമിതിയാണ് ഭരണം നടത്തുന്നത്. ബാങ്ക് പ്രസിഡനറും കോണ്‍ഗ്രസ് നേതാവുമായ പി.ടി. പോള്‍ കഴിഞ്ഞ ഒക്ടോബര്‍ രണ്ടിന് ആലുവയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചതിന് ശേഷമാണ് ബാങ്കിലെ തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വരുന്നത്. ഇതോടെയാണ് നിക്ഷേപകര്‍ പരിഭ്രാന്തരായി ബാങ്കിലെത്തിയത്.
“ബാങ്കിലെ വിവിധ ചിട്ടികളിലുള്ള തുകകള്‍ ഞാന്‍ ബാങ്കില്‍ തന്നെയാണ് നിക്ഷേപിച്ചത്. ആകെ 16 ലക്ഷത്തോളം രൂപ ബാങ്കില്‍ നിന്നും ലഭിക്കാനുണ്ട്”- നിക്ഷേപകനായ മാര്‍ട്ടിന്‍ കിടങ്ങൂര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനായി രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ ട്രഷററായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. “2017 നു ശേഷം ആര്‍ക്കും ബാങ്ക് ലോണ്‍ നല്‍കിയിട്ടില്ല. 360 പേര്‍ക്ക് 25 ലക്ഷം വെച്ച് ലോണ്‍ നല്‍കുകയാണ് ഭരണസമിതി ചെയ്തിരിക്കുന്നത്. ഇതില്‍ 95 ശതമാനവും ബാങ്കിന്റെ പടി ചവിട്ടാത്തവരും ബാങ്കിനെക്കുറിച്ച് അറിയാത്തവരുമാണ്. സഹകരണവകുപ്പില്‍ നിന്നുള്ള ഒത്താശയും തട്ടിപ്പിന് ലഭിച്ചിട്ടുണ്ട്.” മാര്‍ട്ടിന്‍ പറയുന്നു,
അങ്കമാലി അര്‍ബന്‍ സര്‍വീസ് സഹകരണസംഘത്തില്‍ നടന്ന നിക്ഷേപതട്ടിപ്പില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് വന്നാല്‍ നടപടികള്‍ കൈക്കൊള്ളും-സഹകരണ വകുപ്പ് വൃത്തങ്ങള്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
ഒട്ടനവധി പരാതികള്‍ അങ്കമാലി പോലീസില്‍ വന്നെങ്കിലും ഒരു പരാതിയില്‍ മാത്രമാണ് അങ്കമാലി പോലീസ് കേസെടുത്തത്.
എഫ്ഐആറില്‍ പറയുന്നത് ഇങ്ങനെ:
അങ്കമാലി അര്‍ബന്‍ സഹകരണബാങ്കിലെ സ്റ്റാഫുകളും ബോര്‍ഡ് മെമ്പര്‍മാരും ചേര്‍ന്ന് ആള്‍മാറാട്ടം നടത്തി പരാതിക്കാരിയുടെ കള്ള ഒപ്പും വ്യാജരേഖയുമുണ്ടാക്കി വ്യാജ മെമ്പര്‍ഷിപ്പ് എടുത്ത് 25-03-2023-ല്‍ പരാതിക്കാരിയുടെ പേരില്‍ 25 ലക്ഷം രൂപ ലോണ്‍ എടുത്ത് ചതിച്ചു
“ബാങ്ക് തട്ടിപ്പില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഒരു പരാതിയില്‍ കേസെടുത്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്”-അങ്കമാലി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ലാല്‍കുമാര്‍.പി. മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here