മൃതദ്ദേഹം പൊതിയാനുള്ള കവറില്‍ വരെ അഴിമതി, കോവിഡ് കാലത്ത് നടന്നത് തീവെട്ടി കൊള്ളയെന്ന് അനില്‍ അക്കര

കോവിഡ് കാലത്ത് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടന്നത് തീവെട്ടി കൊള്ളയെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. എന്‍എച്ച്ആര്‍എം ഫണ്ട് വിനിയോഗത്തിലാണ് കോടികളുടെ അഴിമതി നടന്നുവെന്ന് അനില്‍ അക്കരെ ആരോപിക്കുന്നത്. കോവിഡ് മൂലം മരിച്ചവരുടെ മൃതദ്ദേഹം പൊതിയാനുള്ള കെഡാവര്‍ ബാഗുകള്‍ വാങ്ങുന്നതില്‍ പോലും അഴിമതി നടന്നുവെന്നാണ് ആരോപണം. പതിനായിരത്തിലധികം കെഡാവര്‍ ബാഗുകള്‍ വാങ്ങുന്ന തുക ചിലവഴിച്ച് വാങ്ങിയിരിക്കുന്നത് 700 ബാഗുകള്‍ മാത്രമാണെന്ന് അനില്‍ അക്കരെ പറഞ്ഞു.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ 3700 മരണങ്ങളാണ് കോവിഡ് കാലത്ത്‌ നടന്നത്. ഈ മൃതദ്ദേഹങ്ങള്‍ പൊതിയുന്നതിന് 2000 ബാഗുകള്‍ കെഎംസിഎല്‍ വഴി സൗജന്യമായി ലഭിച്ചു. ആയിരം ബാഗ് മെഡിക്കല്‍ കോളേജ് വാങ്ങുകയും ചെയ്തു. മെഡിക്കല്‍ കോളേജ് നേരിട്ട് ടെന്‍ഡര്‍ നല്‍കി വാങ്ങിയ ബാഗിന്റെ വില 409 രൂപയാണ്. ബാക്കി വന്ന 700 ബാഗുകളാണ് എന്‍എച്ച്എം ഫണ്ടില്‍ നിന്ന് വാങ്ങിയത്. ഇതിനായി 3102271 രൂപയാണ് ചിലവാക്കിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് എംപ്ലോയീസ് സഹകരണ സംഘം വഴിയാണ് ബാഗുകള്‍ വാങ്ങിയത്. വ്യജ ബില്‍ നല്‍കി ശവശരീരം മറവ് ചെയ്യുന്ന ബാഗില്‍ വരെ തട്ടിപ്പ് നടത്തുന്ന രീതിയിലേക്ക് എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ അംഗങ്ങളായ ഭരണസമിതി അധപതിച്ചതായും അനില്‍ ആരോപിച്ചു.

ഇത്കൂടാതെ ഭക്ഷണം വാങ്ങുന്നതില്‍ പോലും അഴിമതി നടന്നിട്ടുണ്ട്.ഭക്ഷണം വാങ്ങിയ വകയില്‍ കുടുംബശ്രീക്ക് നല്‍കിയത് 1.32 കോടിരൂപയാണ്. ഇത് ഏത് കുടുംബശ്രീ വഴിയാണെന്ന് ദൈവത്തിന് മാത്രം അറിയുന്നകാര്യമാണ്.മെഡിക്കല്‍ കോളേജിനകത്ത് പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ യൂണിറ്റ് ആ കാലഘട്ടത്തില്‍ കച്ചവടം ഇല്ലാത്തതിനാല്‍ വാടക ഒഴിവാക്കിത്തരുന്നതിനായി ജനപ്രതിനിധായ തന്നെ സമീപിച്ചിരുന്നു. മെഡിക്കല്‍ കോളേജിനകത്ത് പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ യൂണിറ്റിന് ഓര്‍ഡര്‍ നല്‍കാതെ ആര്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയതെന്നും ഇപ്പോഴും ആര്‍ക്കും അറിയാത്ത കാര്യമാണെന്നും അനില്‍ പറഞ്ഞു. ആരോഗ്യരംഗത്ത് നടക്കുന്ന അഴിമതികളെ കുറിച്ച് വകുപ്പ്മന്ത്രി വീണ ജോര്‍ജ്ജ് മാത്രമാണ് അറിയാത്തത്. ഈ അഴിമതികള്‍ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സി പരിശോധിച്ചാല്‍ പുറത്ത് വരില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദമായി ഇക്കാര്യം പരിശോധിക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top