സിപിഎമ്മിൻ്റെ അംഗീകാരം റദ്ദാക്കാൻ പരാതി നൽകും; കരുവന്നൂർ തട്ടിപ്പിൽ ഉന്നത നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് അനിൽ അക്കര


തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. തട്ടിപ്പ് നടന്നത് ഉന്നത നേതാക്കളുടെ ശുപാർശയിലാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. സിപിഎം ലോക്കൽ കമ്മറ്റി മുതൽ സംസ്ഥാന കമ്മറ്റിവരെയുള്ളവരുടെ പങ്ക് തെളിഞ്ഞു. ഇഡിയുടെ ‘പ്രൊവിഷണൽ അറ്റാച്ച്മെന്റ്’ ഓർഡറിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തട്ടിപ്പിന് ഒത്താശ ചെയ്ത സിപിഎം ഉന്നത നേതാക്കൾക്കെതിരെയും, സിപിഎം ജില്ലാ കമ്മറ്റിക്കുമെതിരെയും ഗൂഢാലോചനക്കും തട്ടിപ്പിനും തെളിവ് നശിപ്പിക്കലിനും കേസെടുക്കണം. ഡിജിപി, തൃശൂർ എസ്പി, ഇരിങ്ങാലക്കുട എസ്എച്ച്ഒ എന്നിവർക്ക് പരാതി നൽകിയതായും അനിൽ അക്കര അറിയിച്ചു.

മുൻ മന്ത്രി എ.സി. മൊയ്തീൻ, മുൻ എം.പി പി.കെ. ബിജു, സിപിഎം ജില്ല സെക്രട്ടറി എം.എം. വർഗീസ്, സി.കെ. ചന്ദ്രൻ, പി.കെ. ഷാജൻ എന്നിവർക്കെതിരെ ഇ.ഡി അറസ്റ്റ് ചെയ്ത പ്രതികളെക്കൂടി ചേർത്ത് കേസെടുക്കണം. തട്ടിപ്പിൽ സിപിഎമ്മിന് പങ്കുണ്ടെന്നത് ആ പാർട്ടിയുടെ അംഗീകാരം പോലും നഷ്ടപ്പെടാൻ സാധ്യതയുള്ളതാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അനിൽ അക്കര വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top