‘മൂന്ന് കോൺഗ്രസ് മുഖ്യമന്ത്രിമാരെ ഭരണത്തിൽ നിന്നിറക്കിയ പ്രധാനികളിൽ ഒരാൾ പി.ജെ.കുര്യൻ’; രൂക്ഷ വിമർശനവുമായി അനിൽ ആന്റണി

പത്തനംതിട്ട: കോൺഗ്രസിനെയും പി.ജെ.കുര്യനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് അനിൽ ആന്റണി. ദല്ലാൾ നന്ദകുമാറിൽ നിന്ന് അനിൽ ആന്റണി പണം വാങ്ങിയെന്ന് കോൺഗ്രസ് നേതാവ് പി.ജെ.കുര്യൻ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വിമർശനവുമായി അനിൽ രംഗത്തെത്തിയത്. കെ.കരുണാകരനെയും എ.കെ. ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും പിന്നില്‍നിന്ന് ചതിച്ച രണ്ടുമൂന്ന് പേരില്‍ ഒരാള്‍ പി.ജെ. കുര്യനാണെന്നും തനിക്ക് വ്യക്തമായി അറിയാമെന്നും അനില്‍ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

നിരവധി കേസുകളില്‍ പ്രതിയാണ് നന്ദകുമാറെന്നും പി.ജെ. കുര്യനാണ് തന്റെ അടുത്തേക്ക് നന്ദകുമാറിനെ പറഞ്ഞയച്ചതെന്നും അനില്‍ ആന്റണി ആരോപിച്ചു. “കോണ്‍ഗ്രസ് രാഷ്ട്രീയം നാല്‍പത്-അമ്പത് കൊല്ലമായി കുതികാല്‍വെട്ടലിന്റേയും ചതിയുടേയും മാത്രം ഒരു കേന്ദ്രമായി മാറി. കുര്യൻ സാറിനെ ചെറുപ്പം മുതൽ അറിയാം. കുടുംബാംഗത്തെ പോലെയാണ്. പത്തു പന്ത്രണ്ട് കൊല്ലം മുൻ നന്ദകുമാറിനെ പരിചയപ്പെട്ടിരുന്നു. കുര്യൻ സാറിന്റെ പരിചയക്കാരൻ എന്ന നിലയ്ക്കാണ് എന്നെ കാണാൻ എത്തിയത്. പിന്നീട് കാണാൻ വന്നപ്പോൾ ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണം. ചില ജഡ്ജിമാരെ ഇവിടെ പോസ്റ്റ് ചെയ്യണം എന്നൊക്കെയുള്ള ആവശ്യവുമായാണ് എത്തിയത്. അതൊന്നും പറഞ്ഞ എന്നെ കാണാൻ വരണ്ട എന്ന് പറഞ്ഞ് ഞാൻ കട്ട് ചെയ്ത വ്യക്തിയാണ് നന്ദകുമാർ. ഇപ്പോൾ എനിക്കെതിരെ പലരീതിയിലും പ്രചാരണം നടത്തി പരാജയപ്പെട്ടത് കൊണ്ടാണ് പുതിയ ആരോപണവുമായി എത്തിയിരിക്കുന്നത്”; അനിൽ ആന്റണി പറഞ്ഞു.

സിബിഐ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ അനില്‍ വാങ്ങിയെന്നായിരുന്നു നന്ദകുമാര്‍ ആരോപിച്ചത്. എന്നാല്‍ നിയമനം ലഭിച്ചില്ല. പണം തിരികെ നല്‍കാന്‍ അനില്‍ തയ്യാറായതുമില്ല. തുടര്‍ന്ന് പി.ജെ.കുര്യന്‍, പി.ടി.തോമസ് എന്നിവര്‍ ഇടപെട്ടതോടെ അഞ്ച് തവണകളായി പണം തിരികെ നല്‍കിയെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു. ഈ വാദമാണ് കുര്യൻ സ്ഥിരീകരിച്ചത്. എത്ര പണം വാങ്ങിയെന്നോ എന്തിനാണ് പണം വാങ്ങിയതെന്നോ അറിയില്ല. പണം തിരികെ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദല്ലാള്‍ നന്ദകുമാര്‍ കണ്ടിരുന്നു. അതുകൊണ്ടാണ് വിഷയത്തില്‍ ഇടപെട്ടത്. എ.കെ.ആന്റണിയോടാണോ അനില്‍ ആന്റണിയോടാണോ പണം തിരികെ നല്‍കാന്‍ പറഞ്ഞതെന്ന് ഓര്‍മ്മയില്ലെന്നുമാണ് കുര്യന്‍ പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top