ദല്ലാള്‍ സാമൂഹ്യവിരുദ്ധനെന്ന് അനില്‍ ആന്റണി; ശല്യം സഹിക്കാതെ നമ്പര്‍ ബ്ലോക്ക് ചെയ്തെന്നും വിശദീകരണം; അനില്‍ 25 ലക്ഷം കൈക്കൂലി വാങ്ങിയെന്ന ആരോപണം പുകയുന്നു

കൊച്ചി: സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി അനിൽ ആന്റണി 25ലക്ഷം തന്റെ കയ്യിൽ നിന്നും വാങ്ങിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണത്തിന് ചുട്ടമറുപടിയുമായി അനില്‍ ആന്റണി. ദല്ലാള്‍ സാമൂഹ്യവിരുദ്ധനാണെന്നാണ് അനില്‍ ആന്‍റണി പറഞ്ഞത്. തെളിവുണ്ടെങ്കില്‍ പുറത്തുവിടട്ടെയെന്നും അനില്‍ ആന്‍റണി വെല്ലുവിളിച്ചു.

“ദല്ലാള്‍ നന്ദകുമാറിനെ ഒന്ന് രണ്ട് പ്രാവശ്യം കണ്ടിട്ടുണ്ട്. ചില ആവശ്യങ്ങള്‍ പറഞ്ഞിരുന്നു. നടക്കില്ല എന്ന് അറിയിച്ച് മടക്കി അയക്കുകയായിരുന്നു. ദല്ലാളിന്‍റെ നീക്കങ്ങൾക്ക് പിന്നിൽ രാജ്യവിരുദ്ധനായ ആന്‍റോ ആന്‍റണിയാണ്. നന്ദകുമാര്‍ തന്നെ നിരന്തരം ശല്യം ചെയ്തയാളാണ്. ശല്യം സഹിക്കവയ്യാതെ നമ്പറുകൾ ബ്ലോക്ക് ചെയ്തു. ബ്ലാക്ക് മെയിലിങ്ങിന്‍റെ ആളാണ് നന്ദകുമാർ. നടക്കുന്നത് തന്നെ കരിവാരിത്തേക്കാനുള്ള ആസൂത്രിത ശ്രമമാണ്. നിയമനടപടികൾക്ക് പോകാൻ തെരഞ്ഞെടുപ്പ് കാലത്ത് സമയമില്ല. ഉമാ തോമസിനും പി ജെ കുര്യനും അറിയാമെങ്കിൽ അവര്‍ അത് വെളിപ്പെടുത്തട്ടെ.” – അനിൽ ആന്റണി പറഞ്ഞു.

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനിൽ ആന്റണിക്കെതിരെയാണ് ദല്ലാള്‍ നന്ദകുമാര്‍ രംഗത്തെത്തിയത്. സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി അനിൽ ആന്റണി 25ലക്ഷം തന്റെ കയ്യിൽ നിന്നും വാങ്ങി. എന്നാല്‍ നിയമനം ലഭിച്ചത് മറ്റൊരാള്‍ക്കായതിനാൽ വാങ്ങിയ 25 ലക്ഷം രൂപയും തിരികെ വാങ്ങിയെന്നും നന്ദകുമാർ പറഞ്ഞു.ആരോപണങ്ങൾ അനിൽ ആന്റണി നിഷേധിച്ചാൽ എല്ലാ തെളിവുകളും പുറത്ത് വിടുമെന്നും നന്ദകുമാർ പറഞ്ഞു.

യുപിഎ ഭരണകാലത്ത് അനില്‍ നിരവധി അഴിമതികൾ നടത്തിയെന്നും ഡല്‍ഹിയിലെ ഏറ്റവും വലിയ ദല്ലാൾ ആയിരുന്നു അനിൽ ആന്റണിയെന്നുമാണ് നന്ദകുമാര്‍ ആരോപിച്ചത്. “അന്ന് പ്രതിരോധ മന്ത്രിയുടെ വീട്ടിൽ നിന്ന് നിർണായക രേഖകൾ എടുത്ത് ഫോട്ടോസ്റ്റാറ്റ് എടുത്ത് വിൽക്കലായിരുന്നു പ്രധാന ജോലി. പല ബ്രോക്കർമാരും അനിൽ ആന്റണിയെ സമീപിച്ചിരുന്നു.”

“ചില പ്രതിരോധ രേഖകൾ എങ്ങനെ ചോർന്നു എന്ന് എൻഡിഎ സർക്കാർ അന്വേഷണം തുടങ്ങിയപ്പോഴാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്നത്. വിവരങ്ങൾ പി.ജെ.കുര്യന് അറിയാം. ആന്റണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കരുതിയാണ് വെളിപ്പെടുത്താത്തത്.” – ദല്ലാള്‍ പറഞ്ഞു. ഇതിനെല്ലാമുള്ള മറുപടിയാണ് അനില്‍ നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top