പിന്തുടര്‍ന്നത് അനിൽ സേവ്യര്‍ മാതൃക; സംവിധായകൻ ചിദംബരം അടക്കം 34 പേരുടെ ശരീരം മെഡിക്കൽ പഠനത്തിന്; സമ്മതപത്രം കൈമാറി
സഹസംവിധായകനും ശില്‍പിയുമായിരുന്ന അനിൽ സേവ്യറിന്റെ മാതൃക പിന്തുടർന്ന് സംവിധായകൻ ചിദംബരവും സുഹൃത്തുക്കളും അടക്കം 34 പേർ മരണശേഷം സ്വന്തം ശരീരം മെഡിക്കൽ പഠനത്തിന് വിട്ടുനല്‍കും. ചിദംബരം സംവിധാനം ചെയ്ത ജാൻ എ മൻ, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളിലടക്കം സഹസംവിധായകനായിരുന്നു അനിൽ സേവ്യർ ഫുട്ബോൾ കളിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെടുന്നത്. 39കാരനായ അനിൽ കഴിഞ്ഞ മാസം 27നാണ് വിടപറഞ്ഞത്.
മരണശേഷം തന്റെ ശരീരം സർക്കാർ മെഡിക്കൽ കോളജില്‍ പഠനത്തിന് വിട്ടു നൽകണം എന്ന എന്ന് അനില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആഗ്രഹമാണ് ബന്ധുക്കളും സുഹൃത്തുക്കളും നടപ്പിലാക്കിയത്. കളമശ്ശേരി മെഡിക്കൽ കോളജിനാണ് അനിലിന്റെ ഭൗതികശരീരം കൈമാറിയത്. അനിലിന്റെ മാതൃക പിന്തുടരാന്‍ സംവിധായകന്‍ ചിദംബരം അടക്കമുള്ളവര്‍ തയ്യാറാവുകയായിരുന്നു.
ആദ്യമായാണ് ഇത്രയധികം പേർ ഒന്നിച്ച് മരണശേഷം ശരീരം മെഡിക്കൽ പഠനത്തിന് വിട്ടു നല്‍കാമെന്നു തീരുമാനമെടുക്കുന്നത്. കളമശ്ശേരി മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. ഇന്ദിര, അസോസിയേറ്റ് പ്രൊഫ. സാന്റോ ജോസ് എന്നിവർ സമ്മതപത്രം ഏറ്റുവാങ്ങി. അനിലിൻ്റെയും അനുപമയുടെയും വിവാഹം നടന്ന അങ്കമാലി പ്രസിഡൻസി ക്ലബ് ഓഡിറ്റോറിയത്തിൽ ‘അനിൽ സ്മരണ’ നടത്തി. ഇതേ ഓഡിറ്റോറിയത്തില്‍ വച്ചാണ് സമ്മതപത്രവും കൈമാറിയത്.
അനിലും ഭാര്യയും ചിത്രകാരിയുമായ അനുപമയും ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥികളായിരുന്നു. സഹപാഠിയായിരുന്ന രോഹിത് വേമൂലയുടെ സമര സ്മാരക ശിൽപ്പം ക്യാംപസിൽ നിർമിച്ചത് അനിലായിരുന്നു. രോഹിത് വേമൂലയുടെ അമ്മ രാധിക വേമൂല മകന്റെ ശിൽപ്പം കാണുന്നത് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു. ‘അനിൽസ്മരണ’യില്‍ രാധിക വേമൂലയായിരുന്നു മുഖ്യാതിഥി. രാധിക വേമൂലയുടെയും അനിലിന്റെ അമ്മ അൽഫോൻസ സേവ്യറിന്റെയും സാന്നിധ്യത്തിലായിരുന്നു സമ്മതപത്രം കൈമാറിയത്.
അനിലിന്റെ ഭാര്യ അനുപമ ഏലിയാസ്, ഭാര്യാ സഹോദരി അഞ്ജിത ഏലിയാസ്, അനുജൻ അജീഷ് സേവ്യർ, മാതൃസഹോദരങ്ങളായ ടി.പി ഷൈജു, ടി.പി ബൈജു, ഷൈജുവിന്റെ ഭാര്യ ഡെയ്സി, മകൻ അലിന്റ്, സജിത.ആർ.ശങ്കർ, ഡോ. കവിതാ ബാലകൃഷ്ണൻ, മോഹൻ കൃഷ്ണൻ നാട്ടക്, പി.എൻ.അനിൽകുമാർ, ഹേമ അനിൽകുമാർ തുടങ്ങി 32 പേരാണ് സമ്മതപത്രം കൈമാറിയത്.
ബെന്നി ബഹനാൻ എംപി, റോജി.എം.ജോൺ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ്, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചിരോത്ത്, മുൻ മന്ത്രി ജോസ് തെറ്റയിൽ കൊച്ചി മുസിരിസ് ബിനാലെ ചെയർമാൻ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, ആർട്ടിസ്റ്റ് തോമസ് ഹിർഷോ, സന്തോഷ് സദാനന്ദൻ, മധു നീലകണ്ഠൻ, അൻവർ അലി, കെ.രഘുനാഥൻ, സംവിധായകരായ എബ്രിഡ് ഷൈൻ, ചിദംബരം, മാഗ്ലിൻ ഫിലോമിന തുടങ്ങിയവർ പങ്കെടുത്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here