നഴ്സിംഗ് ഓഫീസര്‍ അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമനം; നിലപാട് മാറ്റി സര്‍ക്കാര്‍; ഉത്തരവ് ഇന്നിറക്കും
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ പിബി അനിതയ്ക്ക് കോഴിക്കോട്ട് തന്നെ നിയമനം നല്‍കുമെന്ന് ആരോഗ്യവകുപ്പ്. നിയമനം വേഗത്തിലാക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഐസിയുവില്‍ പീഡിപ്പിക്കപ്പെട്ട യുവതിയെ പിന്തുണച്ചതിന് ജോലിയില്‍ തിരികെ എടുക്കാത്തതില്‍ പ്രതിഷേധിച്ച അനിതയുടെ സമരം ആറാം ദിവസത്തിലേക്ക് നീങ്ങുമ്പോഴാണ് സര്‍ക്കാരിന്റെ മനംമാറ്റം.
ആറു ദിവസത്തെ സമരത്തിനുശേഷമാണ് നീതി ലഭിക്കുന്നത്. ഉത്തരവ് കയ്യില്‍
ലഭിച്ചശേഷം മാത്രമേ സമരം പിന്‍വലിക്കുകയുള്ളൂ എന്നും അനിത പ്രതികരിച്ചു. തന്നെ സസ്പെന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ എന്‍ജിഒ യൂണിയന്‍ നേതാവിനെതിരെ നല്‍കിയ പരാതിയില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. അത് പരിഗണിക്കണമെന്നും അനിത ആവശ്യപ്പെട്ടു.
അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നല്‍കിയതിന് അനിതയെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെ അനിത ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് ഏപ്രില്‍ 1ന് കോടതി ഉത്തരവിറക്കി. കോടതി ഉത്തരവ് ഉണ്ടായിട്ടും അനിതയെ ജോലിയില്‍ എടുക്കാന്‍ അധികൃതര്‍ തയ്യാറായതുമില്ല. എന്നാല്‍ കോടതി വിധി പരിശോധിക്കാനുള്ള സമയം മാത്രമാണ് എടുത്തതെന്നും ജോലിയില്‍ തിരിച്ചെടുക്കില്ല എന്ന് പറഞ്ഞിട്ടില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ ഇപ്പോഴത്തെ വിശദീകരണം.
അതേസമയം, അനിതയ്ക്ക് മേല്‍നോട്ടത്തില്‍ വീഴ്ച സംഭവിച്ചിരുന്നെന്നും അത് കോടതിയില്‍ ബോധിപ്പിക്കുമെന്നുമാണ് ഇന്നലെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നടത്തിയ പ്രസ്താവന. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിനിടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമനം ഉണ്ടാകുമെന്ന അറിയിപ്പും.
സര്‍ക്കാരും ആരോഗ്യവകുപ്പും സ്വീകരിച്ച നിലപാടില്‍ സംസ്ഥാനമൊട്ടകെ വ്യാപക പ്രതിഷേധം നിലനില്‍ക്കവെയാണ് സര്‍ക്കാരിന്റെ ചുവടുമാറ്റം. അനിതയുടെ സമരപന്തലില്‍ അതിജീവിത തന്നെ കണ്ണുകെട്ടി പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതിക്ക് അറ്റന്‍ഡറില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടത്. മെഡിക്കല്‍ കോളജിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നല്‍കിയതിന് തന്നെ സര്‍ക്കാര്‍ നിരന്തരം വേട്ടയാടുകയായിരുന്നു എന്നും അനിത പറഞ്ഞിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here