ഇറാന്‍ സേന മോശമായി പെരുമാറിയില്ലെന്ന് മോചിതയായ ആൻ ടെസ; കമാന്‍ഡോകള്‍ കപ്പലില്‍ ഇരച്ചുകയറിയത് പൊടുന്നനെ; കാക്കുന്നത് ഒപ്പമുള്ളവരുടെ മോചനം

കോട്ടയം: “ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇറാന്‍ കമാന്‍ഡോകള്‍ കപ്പലിലേക്ക് ഇരച്ചുകയറിയത്. അവരുടെ തടങ്കലില്‍ ആയിട്ടും ഒരു മോശം പെരുമാറ്റവും ഉണ്ടായില്ല.”ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി കപ്പലില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ മോചിപ്പിച്ച കോട്ടയത്തുകാരി ആൻ ടെസയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. “അവർക്ക് ഞങ്ങളോടല്ല കപ്പലിന്റെ ഉടമയോടായിരുന്നു പ്രശ്നം. സാധാരണ പോലെ കപ്പലിലെ ജോലികൾ ചെയ്യാന്‍ കഴിഞ്ഞു. ഒരുപാട് ഇഷ്ടപ്പെട്ട ജോലിയാണ്. അതുകൊണ്ട് കപ്പലിലേക്ക് തിരിച്ചു പോകുക തന്നെ ചെയ്യും”- ടെസ പറയുന്നു.

ഇന്ന് വൈകീട്ടോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ ആൻ എത്തിയത്. ഒപ്പമുള്ള 16 ഇന്ത്യക്കാരുടെ മോചനത്തെ കുറിച്ചാണ് ഇപ്പോള്‍ ഈ ഇരുപത്തിയൊന്നുകാരിയുടെ ആശങ്ക. ഇവരില്‍ ഇനി മൂന്ന് മലയാളികളാണ് കപ്പലില്‍ ഉള്ളത്. മറ്റു 16 പേരുടെയും മോചനം ഉടൻ സാധ്യമാകുമെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. അതിനായുള്ള കാത്തിരിപ്പിലാണ് ടെസ.

വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് പാലക്കാട് കേരളശ്ശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണ് കപ്പലിലുള്ള മലയാളികൾ. ശനിയാഴ്ചയാണ് ഒമാൻ ഉൾക്കടലിനു സമീപം ഹോർമുസ് കടലിടുക്കിൽ ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തത്. എംഎസ്‌സി ഏരീസ് എന്ന കപ്പലാണ് ഹെലികോപ്റ്ററിലെത്തിയ ഇറാൻ സേനാംഗങ്ങൾ പിടിച്ചെടുത്ത് ഇറാനിലേക്ക് മാറ്റിയത്. ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിന്റെ സൊഡിയാക് ഗ്രൂപ്പിന്റെ ഭാഗമായ സൊഡിയാക് മാരിടൈം കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണിത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top